എന്നാൽ ജീവനൊടുക്കിയതിൻ്റെ കാരണം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല
എറണാകുളം തൃപ്പൂണിത്തുറയിൽ വിദ്യാർഥി മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്ത കേസിൽ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്ക് സ്കൂളിനെ വെള്ളപൂശി പൊലീസ് അന്വേഷണ റിപ്പോർട്ട്. സ്കൂളിൽ നടന്ന റാഗിങ്ങിനെ പറ്റി അന്വേഷിച്ച പുത്തൻ കുരിശ് പൊലീസാണ് റൂറൽ എസ്പിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. മിഹിറിൻ്റെ ആത്മഹത്യയ്ക്ക് കാരണം റാഗിങ്ങ് അല്ല. സ്കൂളിൽ റാഗിങ് നടന്നിട്ടില്ലെന്നുമാണ് പുത്തൻ കുരിശ് പൊലീസിൻ്റെ കണ്ടെത്തൽ. എന്നാൽ ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
അന്വേഷണത്തിൻ്റെ വേഗതകുറച്ച ശേഷമായിരുന്നു സ്കൂളിനെ വെള്ളപൂശി പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ കേസിൽ തൃപ്പൂണിത്തുറ പൊലീസിൻ്റെ അന്വേഷണം എങ്ങും എത്തിയിട്ടില്ല. മിഹിർ സ്കൂളിൽ കടുത്ത റാഗിങ്ങിന് വിധേയനായിട്ടുണ്ടെന്നാണ് മാതാവ് നൽകിയ പരാതിയിൽ പറയുന്നത്.
ALSO READ: "പരാതി ചോർന്നത് വിശ്വാസ വഞ്ചന, നിയമ നടപടികളിലേക്ക് പോകുന്നില്ല"; ഐസിസിക്ക് മൊഴി നൽകി വിൻസി അലോഷ്യസ്
ജനുവരി 15നാണ് 26 നിലയുള്ള ചോയ്സ് പാരഡൈസിന്റെ മുകളിൽ നിന്ന് ചാടി 15 വയസുകാരന്‍ മിഹിർ അഹമ്മദ് ജീവനൊടുക്കിയത്. സലീം-റജീന ദമ്പതികളുടെ മകനാണ് മിഹിർ. മകന്റെ മരണവുമായി ബന്ധപ്പെട്ട് പരാതിയുമായി മാതാപിതാക്കൾ രംഗത്തെത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
സ്കൂളിലെ ഒരു കൂട്ടം വിദ്യാർഥികൾ ബസിൽ വച്ചും സ്കൂളിലെ ടോയ്‌ലറ്റിൽ വച്ചും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുടുംബത്തിൻ്റെ പരാതി. ടോയ്‌ലറ്റിലെ ക്ലോസറ്റിൽ മുഖം പൂഴ്‌ത്തി ഫ്ലഷ് ചെയ്തുവെന്നും, തറയിൽ നക്കിക്കുകയും ക്രൂരമായി മർദിച്ചുവെന്നും കുടുംബം ആരോപിച്ചുരുന്നു. സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും ഇടപെടലുണ്ടായില്ലെന്നും പരാതിയുണ്ട്. മിഹിറിന്റെ മരണം പോലും വിദ്യാര്‍ഥികള്‍ ആഘോഷിച്ചുവെന്നും കുടുംബം പറയുന്നു. വിവരങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള അമ്മ റജീനയുടെ ഫേസ്ബുക്ക് പോസ്റ്റും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു