ഇൻ്റേണൽ കമ്മിറ്റി എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്ന് വിൻസിയും യോഗത്തിൽ നിലപാടെടുത്തിട്ടുണ്ട്.
സിനിമാ സെറ്റിൽ നടൻ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിൻ്റെ പരാതി ഒത്തു തീർപ്പാക്കാൻ ശ്രമം ശക്തമാക്കി സിനിമയുടെ അണിയറ പ്രവർത്തകർ. ഇൻ്റേണൽ കമ്മിറ്റി യോഗത്തിൽ ഷൈൻ ടോം ചാക്കോ വിൻസിയോട് ക്ഷമാപണം നടത്തിയെന്നാണ് റിപ്പോർട്ട്. ഭാവിയിൽ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് നടൻ ഇൻ്റേണൽ കമ്മിറ്റി മുമ്പാകെ ഉറപ്പും നൽകി. ഇൻ്റേണൽ കമ്മിറ്റി എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്ന് വിൻസിയും യോഗത്തിൽ നിലപാടെടുത്തിട്ടുണ്ട്.
ബോധപൂർവം തെറ്റു ചെയ്തിട്ടില്ലെന്നും പെരുമാറ്റത്തിൽ ശ്രദ്ധിക്കാമെന്നും ഷൈൻ ടോം ചാക്കോ ഇൻ്റേണൽ കമ്മിറ്റി അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. തൻ്റെ പരാതി ചോർന്നതിലുള്ള അതൃപ്തി വിൻസി യോഗത്തിൽ അറിയിച്ചു. പൊലീസിൽ പരാതി നൽകാൻ ഇല്ലെന്ന നിലപാട് ഇന്റേണൽ കമ്മിറ്റി യോഗത്തിലും വിൻസി ആവർത്തിച്ചു.
ഷൈൻ ടോം ചാക്കോയ്ക്ക് താക്കീത് നൽകി പ്രശ്നങ്ങൾ അവസാനിപ്പിക്കാനാണ് സിനിമാ സംഘടനകളുടെ ആലോചന. തിടുക്കത്തിൽ നടപടി വേണ്ടെന്ന നിലപാടിലാണ് താര സംഘടനയായ A.M.M.Aയും. താര സംഘടനയും ഫിലിം ചേംബറും ഇൻ്റേണൽ കമ്മിറ്റി യോഗത്തിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. റിപ്പോർട്ട് ഇന്ന് തന്നെ ലഭിച്ചേക്കും.