കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് മാനന്തവാടി- പുൽപ്പള്ളി റോഡിലൂടെ അര കിലോമീറ്ററോളം ദൂരം ഇത്തരത്തിൽ യുവാവിനെ വലിച്ചിഴച്ചുവെന്നാണ് ആരോപണം
വയനാട്ടിൽ ആദിവാസി യുവാവിനെ ക്രൂരമായി അക്രമിച്ച് റോഡിലൂടെ വലിച്ചിഴച്ച് കാറിലെത്തിയ യുവാക്കളുടെ സംഘം. കൂടൽ കടവ് ചെമ്മാട് ഉന്നതിയിലെ മാതനെയാണ് യുവാക്കളുടെ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. മാനന്തവാടി കൂടൽകടവ് ചെക്ക് ഡാം കാണാനെത്തിയ വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിൽ ഉണ്ടായ തർക്കം പരിഹരിക്കാൻ ഇടപ്പെട്ടതിനാണ് പ്രദേശവാസിയായ മാതനെ സംഘം വലിച്ചിഴച്ചത്.
കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് മാനന്തവാടി- പുൽപ്പള്ളി റോഡിലൂടെ അര കിലോമീറ്ററോളം ദൂരം ഇത്തരത്തിൽ യുവാവിനെ വലിച്ചിഴച്ചുവെന്നാണ് ആരോപണം. മാതനെ പരിക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു.
ALSO READ: പനയമ്പാടം അപകടം: സംയുക്ത അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
കൂടൽ കടവിൽ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിൽ ആണ് വാക്കുതർക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തർക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറിൽ ഇരുന്നവർ റോഡിലൂടെ വലിച്ചിഴച്ചത്. ആദിവാസി യുവാവിനെ വലിച്ചിഴച്ച കാർ കണ്ടെത്താനായില്ല. KL 52 H 8733 എന്ന മാരുതി സെലേരിയോ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി.