ഒക്ടോബർ ഏഴിന് ശേഷം മൂന്ന് ലക്ഷം പേരാണ് ഇസ്രയേല്‍ സൈന്യത്തിൽ ചേർന്നത്
ഗാസയിലേക്ക് ഇസ്രയേൽ നടത്തുന്ന ആക്രമണം ഒരു വർഷം പിന്നിടുമ്പോൾ കണക്കുകൾ അവതരിപ്പിച്ച് ഊറ്റംകൊള്ളുകയാണ് ഇസ്രായേൽ. ഹമാസിന്‍റെ 4700 തുരങ്കങ്ങളും 1000 റോക്കറ്റ് ലോഞ്ചറുകളും നശിപ്പിച്ചുവെന്ന് അവകാശപ്പെടുകയാണ് ഇസ്രയേൽ. നാൽപ്പതിനായിരം 'ഹമാസ് കേന്ദ്രങ്ങൾ' ആക്രമിച്ചുവെന്നുമാണ് ഇസ്രായേലിന്‍റെ വാർഷിക കണക്ക്. ഇവയില്‍ പലതും സ്കൂളുകളും ആശുപത്രികളും അനാഥാലയങ്ങളുമാണ്. ഇവ ഹമാസ് മാറയാക്കുന്നുവെന്നാണ് ഇസ്രയേല്‍ വാദം. എന്നാല്‍, ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണ ജനങ്ങളാണ്.
ഒരു വർഷത്തോളമായി തുടരുന്ന ഗാസ യുദ്ധത്തിൽ ഇസ്രയേൽ ചെയ്തുകൂട്ടിയത് എന്തൊക്കെ? ആ കണക്കുകൾ ഇസ്രയേല്‍ സൈന്യം തന്നെയാണ് പുറത്തുവിട്ടിരിക്കുകയാണ്. ആക്രമിച്ചത് ഗാസ മുനമ്പിലെ 40,000ത്തോളം കേന്ദ്രങ്ങൾ. 4700 തുരങ്കങ്ങളും 1000 റോക്കറ്റ് വിക്ഷേപിണികളും നശിപ്പിച്ചു. അതേ സമയം ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ 380 സൈനികർ ഉൾപ്പടെ ഒരു വർഷം നീണ്ടുനിന്ന ആക്രമണത്തിൽ ഇതുവരെ 726 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക വിശദീകരണം. 4576 ഇസ്രയേൽ സൈനികർക്കാണ് ആക്രമണങ്ങളില്‍ പരുക്കേറ്റിരിക്കുന്നത്.
Also Read: 'ഇരകളും അതിജീവിതരും'; ഒക്ടോബർ 7 ഹമാസ് ആക്രമണത്തിനും ഗാസയിലെ ഇസ്രയേല്‍ നരമേധത്തിനും ഇന്ന് ഒരാണ്ട്
ഒക്ടോബർ ഏഴിന് ശേഷം മൂന്ന് ലക്ഷം പേരാണ് ഇസ്രയേല്‍ സൈന്യത്തിൽ ചേർന്നത്. സൈന്യത്തിന്‍റെ ഭാഗമായ 20നും 29നും ഇടയിൽ പ്രായമുള്ളവരിൽ 82 ശതമാനം പുരുഷന്‍മാരും 18 ശതമാനം സ്ത്രീകളുമാണ്. ഗാസയിൽ നിന്ന് ഇസ്രയേലിനെ ലക്ഷ്യമാക്കി 13200 റോക്കറ്റുകൾ തൊടുത്തുവെന്നാണ് സൈന്യത്തിൻ്റെ അവകാശവാദം. സമാന രീതിയിൽ ലബനനിൽ നിന്ന് 12,400ഉം സിറിയയിൽ നിന്ന് 60ഉം യെമനിൽ നിന്ന് 180ഉം ഇറാനിൽ നിന്നും 400ഉം തൊടുത്തുവെന്നും സൈന്യം പറയുന്നു.
ലബനനിൽ ഇതിനകം 800 'തീവ്രവാദികളെ' കൊന്നുവെന്നാണ് ഇസ്രയേൽ വാദം. 6000 ആക്രമണങ്ങൾ കെട്ടിടങ്ങളേയും വ്യക്തികളേയും ലക്ഷ്യമിട്ട് നടത്തി. 4900 വ്യോമ ആക്രമണങ്ങളും നടത്തി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വെസ്റ്റ്ബാങ്കിലും ജോർദാൻ താഴ്വരയിലുമായി 5000ത്തോളം പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒരു വർഷ കാലയളവിൽ എട്ട് ഗാസ കമാൻഡർമാരെയും 30 ബറ്റാലിയൻ കമാൻഡർമാരെയും 165 കമ്പനി കമാൻഡർമാരെയും വധിച്ചെന്നും ഇസ്രയേൽ സൈന്യം പറയുന്നു. ഇസ്രയേൽ മുന്നോട്ട് വയ്ക്കുന്ന കണക്കുകൾ പ്രകാരം ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ 1200 പേരെയാണ് ഹമാസ് കൊലപ്പെടുത്തിയത്. 250 പേരെ ബന്ദിയാക്കുകയും ചെയ്തു. ഇനിയും 100 പേർ ഇപ്പോഴും ഹമാസിൻ്റെ പക്കലാണെന്നാണ് റിപ്പോർട്ടുകൾ.