പൂജാരിമാര്‍ക്കും ഗ്രന്ഥക്മാര്‍ക്കുമുള്ള 18,000 രൂപ ഓണറേറിയം പ്രചരണായുധമാക്കി ആംആദ്മി; ഡല്‍ഹി തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക്
logo

ന്യൂസ് ഡെസ്ക്

Posted : 02 Feb, 2025 07:24 AM

തെരഞ്ഞെടുപ്പിന്റെ അവസാനലാപ്പിലേക്ക് കെജ്‍രിവാള്‍ കരുതിവെച്ച സുദര്‍ശന ചക്രം എന്നാണ് ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത്.

NATIONAL


ഡല്‍ഹി പ്രചാരണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പുരോഹിതര്‍ക്കുള്ള ഓണറേറിയം ചര്‍ച്ചയാക്കി ആംആദ്മി പാര്‍ട്ടി. ക്ഷേത്രങ്ങളിലെ മുഴുവന്‍ പൂജാരിമാര്‍ക്കും ഗുരുദ്വാരകളിലെ ഗ്രന്ഥക്മാര്‍ക്കും മാസം 18,000 രൂപ വീതം നല്‍കുമെന്ന പ്രഖ്യാപനത്തിന് വലിയ പ്രചാരണം തന്നെ ആംആദ്മി നല്‍കുന്നുണ്ട്.

ചെറുതും വലുതുമായ ആയിരത്തിലേറെ ക്ഷേത്രങ്ങളാണ് ഡല്‍ഹിയില്‍. അവയിലായി ആറായിരത്തോളം പൂജാരിമാര്‍. അവരുടെ കുടുംബാംഗങ്ങള്‍ കൂടി ചേര്‍ന്ന് മുപ്പതിനായിരം പേര്‍. പക്ഷേ ഈ മുപ്പതിനായിരം പേരുടെ വോട്ടല്ല, ഇവര്‍ക്ക് മാസം 18,000 രൂപ വീതം കൊടുക്കുന്നതിലൂടെ, അരവിന്ദ് കെജ്രിവാള്‍ ലക്ഷ്യമിടുന്നത്. ഹിന്ദുക്ഷേമത്തിനൊപ്പമുള്ള സര്‍ക്കാരാണെന്ന പ്രഖ്യാപനമാണ് പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന. തെരഞ്ഞെടുപ്പിന്റെ അവസാനലാപ്പിലേക്ക് കെജ്‍രിവാള്‍ കരുതിവെച്ച സുദര്‍ശന ചക്രം എന്നാണ് വിശേഷിപ്പിക്കുന്നത്. ഒപ്പം സിഖ് ഗുരുദ്വാരകളിലെ ഗന്ഥക്മാര്‍ക്കും ഇതേ തുക വാഗ്ദാനം ചെയ്യുന്നു.


ALSO READ: പത്ത് ദിവസം പോലും തികയ്ക്കാനായില്ല, പോയതുപോലെ തിരിച്ചെത്തി; നടി മംമ്ത കുൽക്കർണിയെ പുറത്താക്കി സന്യാസി സമൂഹം


കെജ്‍രിവാള്‍ ഹിന്ദുവോട്ടുകളിലേക്കു കടന്നുകയറുമെന്ന ഭീതിയില്‍ ബിജെപി ഇതോടെ തീവ്രനിലപാടിലേക്കു ചുവടുമാറ്റി. രാമന് മന്ദിരമുണ്ടാക്കിയവര്‍ ഡല്‍ഹി ഭരിക്കും എന്നാണ് മുദ്രാവാക്യം. ഡല്‍ഹിയില്‍ നിന്ന് മാസത്തിലൊരിക്കലെങ്കിലും അയോധ്യയില്‍ പോകുന്നവര്‍ നിരവധിയുണ്ട്. രാമഭക്തരെയാണ് ബിജെപി ലക്ഷ്യമിടുന്നത്. യമുനയിലെ മാലിന്യമൊക്കെ വാക്കേറ്റത്തിന് കാരണമായെങ്കിലും താഴെത്തട്ടിലെ വോട്ട് പൂജാരി ദക്ഷിണയിലും രാം മന്ദിറിലും മറിയണമെന്നാണ് ഇരുകൂട്ടരും ആഗ്രഹിക്കുന്നത്. ബുദ്ധരും ജൈനരും വാല്‍മീകിമാരും എന്തുചെയ്യണമെന്ന ചോദ്യവുമായി കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കി.

ഡല്‍ഹിയിലെ മോസ്‌കുകളിലെ ഇമാംമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും 18,000 രൂപയും 16,000 രൂപയും വീതം ഡല്‍ഹി വഖഫ് ബോര്‍ഡ് നിലവില്‍ നല്‍കുന്നുണ്ട്. ഈ തുകതന്നെയാണ് പൂജാരിമാര്‍ക്കും സിഖ് ഗ്രന്ഥിമാര്‍ക്കും കെജ്‌രിവാള്‍ കഴിഞ്ഞദിവസം വാഗ്ദാനം ചെയ്തത്. ക്ഷേത്രങ്ങളില്‍ സാധാരണ പൂജാരിമാര്‍ക്ക് പതിനായിരം രൂപയൊക്കെയാണ് ഡെല്‍ഹിയിലെ ശമ്പളം. അതിനു പുറമെ പതിനെണ്ണായിരം എന്നാണ് വാഗ്ദാനം. പുതിയ ആംആദ്മി സര്‍ക്കാര്‍ ജയിച്ചുവന്നാലാണ് സമ്മാനം കിട്ടുകയെങ്കിലും തന്ത്രി സംഘടനകള്‍ പൂജാരിമാരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു.

Share This