2018 ലാണ് സൈനിക ഉദ്യോഗസ്ഥര്‍,വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി നിർമിച്ച ഫ്ലാറ്റ് കൈമാറിയത്
കൊച്ചി വൈറ്റിലയിലെ ചന്ദർകുഞ്ച് ആർമി ടവറിലെ 2 ഫ്ലാറ്റുകകൾ മരട് മാതൃകയിൽ പൊളിച്ച് നീക്കും. പൊളിക്കൽ തിയതി അടക്കമുള്ള കാര്യങ്ങളിൽ 15 ന് കളക്ടറുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. നിർമാണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയ ചന്ദര്‍കുഞ്ജ് ഫ്ലാറ്റിലെ ബി, സി ടവറുകളാണ് പൊളിച്ച് നീക്കുക. ഫ്ലാറ്റുകൾ പൊളിച്ച് നീക്കി പുനര്‍ നിര്‍മിക്കുന്നതിന് 175 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
2020 ജനുവരി 11,12 തീയതികളിൽ കൊച്ചി മരട് മുൻസിപ്പാലിറ്റിയിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിഞ്ഞു വീഴുന്നത് ആശ്ചര്യത്തോടെയാണ് മലയാളികൾ വാർത്ത-സമൂഹ്യമാധ്യമങ്ങൾ നോക്കിക്കണ്ടത്. ആ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത് കൊണ്ട് തന്നെ നിർമാണ ക്രമക്കേട് മൂലം വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റ് സമുച്ചയം പൊളിക്കാൻ ഒരുങ്ങുമ്പോഴുള്ള ആശങ്കകളും കുറവാണ്.
മരട് മാതൃകയിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ തന്നെയാകും ആർമി ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകളും നിലം പതിക്കുക. മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കിയ കമ്പനി പ്രതിനിധികള്‍ വെള്ളിയാഴ്ച ആർമി ടവർ സന്ദര്‍ശിക്കും. എഡിഫെസ് എൻജിനീയറിംഗ്, ചെന്നൈ വിജയ് സ്റ്റീൽ എന്നീ രണ്ട് ഏജൻസികളാണ് 2020 ൽ മരടിയിലെ ഫ്ലാറ്റുകൾ പൊളിച്ച് മാറ്റിയത്. ഫ്ലാറ്റുകൾ പൊളിച്ച് മാറ്റാൻ മാത്രം 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ALSO READ: ബലക്ഷയം, വൈറ്റില ആർമി ടവറിലെ 2 ഫ്ലാറ്റ് പൊളിച്ച് പുതിയത് നിർമിക്കണം: ഹൈക്കോടതി
തൊട്ടടുത്ത് കൂടി മെട്രോ റെയിൽ പാത കടന്ന് പോകുന്നുണ്ടെങ്കിലും നിയന്ത്രിത സ്ഫോടനത്തിലൂടെ, ഫ്ലാറ്റുകൾ നിലത്തിരിക്കും പോലെയാണ് തകർന്ന് വീഴുക എന്നതിനാൽ ആശങ്ക വേണ്ടതില്ല. മരടിലെ ജെയിൻ കോറൽ കോവ് എന്ന 19 നില ഫ്ലാറ്റിനെ രണ്ടായി പിളർത്തി പൊളിച്ച് മാറ്റുമ്പോൾ മതിലിനോട് ചേർന്ന് നിന്ന അങ്കണവാടി കെട്ടിടത്തിന് യാതൊരു കോട്ടവും സംഭവിച്ചിരുന്നില്ല.
അതേസമയം, പൊളിക്കുന്നതിനു മുമ്പ് ചന്ദര്‍കുഞ്ജ് ഫ്ലാറ്റില്‍ ഉള്ളവര്‍ക്ക് മാറി താമസിക്കുന്നതിനായി വാടകയായി നല്‍കേണ്ട തുക സംബന്ധിച്ച് അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. ഫ്ലാറ്റിലെ ബി, സി ടവറുകള്‍ പൂര്‍ണമായും പൊളിച്ച് നീക്കി പുനര്‍ നിര്‍മിക്കുന്നതിനായി 175 കോടി രൂപ ചെലവ് വരുമെന്നാണ് ആര്‍മി വെല്‍ഫെയര്‍ ഹൗസിംഗ് ഓര്‍ഗനൈസേഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഇതിന് പുറമേ നിർമാണം പൂർത്തിയാകും വരെ നൽകേണ്ട വാടക സംബന്ധിച്ച് എഡബ്ല്യൂഎച്ച്ഒ വ്യക്തത വരുത്തണമെന്നാണ് താമസക്കാരുടെ ആവശ്യം. മൂന്ന് ടവറുകളിലായി ആകെ 264 ഫ്ലാറ്റുകളാണ് ആർമി ഫ്ലാറ്റ് സമുച്ചയത്തിലുള്ളത്.