ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസമാണ് കവര് എന്ന പേരിലറിയപ്പെടുന്നത്
കുമ്പങ്ങളി നൈറ്റ്സ് എന്ന സിനിമയിൽ നിലാവുപൂത്ത രാത്രിയിൽ ബോണി പെൺസുഹൃത്തിനെ ഒപ്പം കൂട്ടി കവര് കാണാൻ പോകുന്ന ദൃശ്യങ്ങൾ ഓർമയുണ്ടോ? രാത്രിയുടെ ഇരുളിൽ കുമ്പളങ്ങിയിലെ ചെമ്മീൻ പാടങ്ങളിൽ പൂക്കുന്ന കവര് കാണേണ്ട കാഴ്ച്ച തന്നെയാണ്. കൂരിരുട്ടിൽ പാടങ്ങളിൽ വിരിയുന്ന നീലവെളിച്ചം നിങ്ങളുടെ ഹൃദയം കവർന്നെടുക്കും.
എന്താണ് കവര് ?
ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസമാണ് കവര് എന്ന പേരിലറിയപ്പെടുന്നത്. ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്നതാണ് ബയോലൂമിനസെന്‍സ്. കടലിനോടു ചേർന്നുള്ള കായൽപ്രദേശങ്ങളിലാണ് ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസം കൂടുതലായും കാണപ്പെടുന്നത്. പ്രകാശത്തിനൊപ്പം ചൂട് പുറത്ത് വിടാത്തത് കൊണ്ട് ഇതിനെ തണുത്ത വെളിച്ചം എന്നും പറയാറുണ്ട്.
ALSO READ: വൈറ്റില ആർമി ടവറിലെ 2 ഫ്ലാറ്റുകകൾ പൊളിക്കുന്നത് മരട് മാതൃകയിൽ; അന്തിമ തീരുമാനം ഈ മാസം 15 ന് ശേഷം
കടുത്ത വേനൽക്കാലത്ത് ഉപ്പ് നിറഞ്ഞ പാടങ്ങളിലെ വെള്ളത്തിന് തിളങ്ങുന്ന നീല നിറമാകും. ഉപ്പിൻ്റെ സാന്ദ്രത കൂടുമ്പോൾ നീലനിറത്തിൽ വെള്ളം കൂടുതൽ തിളങ്ങും. വെള്ളത്തെ അനക്കുമ്പോഴാണ് ഈ നിറം കാണാനാകുക. വെള്ളത്തിലൂടെ നടന്നാലും, കയ്യിൽ വെള്ളം കോരിയെടുത്താലുമൊക്കെ ഈ നീലവെളിച്ചത്തെ നമുക്ക് അറിയാനാകും. ഇരുട്ടിൽ അത് മനോഹരമായ കാഴ്ചയാണ്. ഇതേ പ്രതിഭാസം തന്നെയാണ് മിന്നാമിനുങ്ങ് പ്രകാശം പുറപ്പെടുവിപ്പിക്കുന്നതിനും, ചെങ്കടലിൻ്റെ ചുവപ്പുനിറത്തിനും കാരണമാകുന്നത്.