പണി പാതിയിലായതിനാൽ കിടക്കുന്നതുകൊണ്ട് വീടിന് നമ്പറിടാനോ വൈദ്യുതി കണക്ഷൻ എടുക്കാനോ പോലുമാകാത്ത ഗതികേടിലാണ് കാനക്കുത്ത് നിവാസികൾ
മലപ്പുറം ചാലിയാറിലെ ആദിവാസികൾക്ക് അനുവദിച്ച ലൈഫ് വീടുകളുടെ പണി പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങി. നാല് വീടുകൾക്കായി അനുവദിച്ച 24 ലക്ഷം രൂപ ഒരു കരാർ രേഖയും ഇല്ലാതെയാണ് കരാറുകാരൻ സ്വന്തം പോക്കറ്റിലാക്കിയത്. പണി പാതിയിലായതിനാൽ കിടക്കുന്നതുകൊണ്ട് വീടിന് നമ്പറിടാനോ വൈദ്യുതി കണക്ഷൻ എടുക്കാനോ പോലുമാകാത്ത ഗതികേടിലാണ് കാനക്കുത്ത് നിവാസികൾ ദിവസം തള്ളിനീക്കുന്നത്.
മലപ്പുറം ചാലിയാർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ആദിവാസി മേഖലയാണ് കാനക്കുത്ത് നഗർ. ആറ് ലക്ഷം രൂപ വീതം അനുവദിച്ച നാല് ലൈഫ് വീടുകളാണ് ഇവിടെ നിർമാണത്തിലിരിക്കുന്നത്. പുറമേ നിന്ന് നോക്കിയാൽ വെള്ള പൂശിയ ചുമരുകളും ടൈൽ പാകിയ നിലവും ഉണ്ട്. എന്നാൽ വീടകങ്ങളുടെ അവസ്ഥ പരിതാപകരമാണ്. അടുക്കള നിലം മൺതറയായി കിടക്കുന്നു.ശുചിമുറിയുടെ നിർമാണം തുടങ്ങിയിട്ടുകൂടിയില്ല. എന്നാൽ മുഴുവൻ പണവും കരാറുകാരൻ മുൻകൂട്ടി കൈപ്പറ്റുകയും, വീടുപണി ഈ വിധം പാതിയിലിട്ട് കടന്നുകളയുകയും ചെയ്യുകയായിരുന്നു.
ALSO READ: ഇരിക്കൂറിലെ ആദിവാസി യുവതി രജനിയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റില്‍
പണി പൂർത്തിയാകാത്തതിനാൽ വീടിന് നമ്പറിട്ട് നൽകാൻ പഞ്ചായത്ത് അധികൃതർ തയ്യാറല്ല. അതുകൊണ്ട് തന്നെ വൈദ്യുതി കണക്ഷൻ കിട്ടില്ല. ആനയും പുലിയും കാട്ടുപന്നിയും വിഹരിക്കുന്ന പ്രദേശമാണ്. നേരമിരുട്ടിയാൽ വീട്ടുമുറ്റം വരെ വന്യമൃഗങ്ങൾ വരുന്നതും പതിവാണ്. നാല് ലക്ഷം രൂപയാണ് ലൈഫ് വീടുകൾക്ക് സർക്കാർ അനുവദിക്കുന്നത്.കാനക്കുത്ത് ദുർഘട മേഖല ആയതുകൊണ്ട് നിർമാണ സാമഗ്രികൾ തലച്ചുമടായി എത്തിക്കാനുള്ള ചെലവ് കൂടി ചേർത്ത് 6 ലക്ഷം രൂപ അനുവദിച്ചു. അതും കരാറുകാരന് ലാഭമായി.
420 ചതുരശ്ര അടി വിസ്തീർണത്തിൽ പണിയുന്ന വീടുകളിൽ 3 ലക്ഷം പോലും ചെലവഴിച്ചില്ല എന്നും പരാതിയുയരുന്നുണ്ട്. പഞ്ചായത്ത് ഭരണസമിതി, പട്ടിക വർഗ ക്ഷേമത്തിനായുള്ള മറ്റ് സർക്കാർ സംവിധാനങ്ങൾ ഒന്നും ഇവരുടെ ഗതികേടും ഈ ചൂഷണവും അറഞ്ഞിട്ടു പോലുമില്ലെന്നതും ശ്രദ്ധയേമാണ്.