ഹരിയാനയിൽ 90 സീറ്റുകളിൽ 89 സീറ്റുകളിലും ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ മത്സരിച്ചിരുന്നു
ഹരിയാനയിൽ മുന്നേറ്റമുണ്ടാക്കാമെന്ന ആം ആദ്മി പാർട്ടിയുടെ മോഹം ഇത്തവണയും തകർന്നടിഞ്ഞേക്കും. അരവിന്ദ് കെജ്‌രിവാളിൻ്റെ ആം ആദ്മി പാർട്ടി ഇത്തവണത്തെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്നേക്കില്ലെന്ന പ്രവചനമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടുന്നത്.
ഹരിയാനയിൽ 90 സീറ്റുകളിൽ 89 സീറ്റുകളിലും ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു മദ്യനയക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനും, മനീഷ് സിസോദിയയ്ക്കും ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ച് പുറത്തുവന്നതിന് പിന്നാലെ, അരവിന്ദ് കെജ്‌രിവാൾ അടക്കം നേരിട്ടെത്തി ഹരിയാനയിൽ പ്രചരണം നടത്തിയിരുന്നു. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 46 സീറ്റിൽ എഎപി മത്സരിച്ചിരുന്നു. എന്നാൽ ഒരു ശതമാനം വോട്ട് വിഹിതം മാത്രമായിരുന്നു പാർട്ടിക്ക് ലഭിച്ചത്.
ALSO READ: എക്സിറ്റ് പോൾ ഫലം പുറത്ത്; ഹരിയാനയിൽ കോൺഗ്രസ് , ബിജെപി രണ്ടാമതെന്നും പ്രവചനം
ഹരിയാനയിൽ കോൺഗ്രസ് വിജയിക്കുമെന്നും ബിജെപി രണ്ടാം സ്ഥാനത്തായിരിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. ഹരിയാനയിൽ തുടർച്ചയായ മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്ന ബിജെപിക്കും തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന കോൺഗ്രസിനും ഇത് ഒരുപോലെ പ്രതീക്ഷയും നിരാശയും സമ്മാനിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ അഞ്ച് മണ്ഡലങ്ങൾ കോൺഗ്രസ് നേടിയിരുന്നു. ഇത്തവണ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിശ്വസിക്കുന്നത്.
ALSO READ: Haryana Assembly Election 2024 Live Updates: ഹരിയാനയിൽ വാശിയേറിയ പോരാട്ടം, 5 മണി വരെ 60 % പോളിങ്
ഇന്ന് നടന്ന വോട്ടെടുപ്പിൽ 64% വോട്ടാണ് ഹരിയാനയിൽ രേഖപ്പെടുത്തിയത്. ഒരു ദശാബ്ദത്തിന് ശേഷം സംസ്ഥാനത്ത് തിരിച്ചുവരവ് നടത്തുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ ഭരണകക്ഷിയായ ബിജെപി ഹാട്രിക്കിലാണ് നോട്ടമിടുന്നത്.