മോചനദ്രവ്യവും, വക്കീൽ ഫീസും ഉൾപ്പെടെ 36.27 കോടി രൂപ അബ്ദുൽ റഹീമിന് വേണ്ടി കോടതിയിൽ സമർപ്പിച്ചിരുന്നു
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫാറൂഖ് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകും. റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിച്ചെങ്കിലും മോചന ഉത്തരവ് ഉണ്ടായില്ല. സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് പറഞ്ഞ കോടതി, കേസ് വീണ്ടും മാറ്റിവെയ്ക്കുകയായിരുന്നു. അടുത്ത സിറ്റിങ് തീയതി ഉടന്‍ അറിയിക്കും. മോചനദ്രവ്യവും, വക്കീൽ ഫീസും ഉൾപ്പെടെ 36.27 കോടി രൂപ അബ്ദുൽ റഹീമിന് വേണ്ടി കോടതിയിൽ സമർപ്പിച്ചിരുന്നു.
ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയെങ്കിലും പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസിൽ തീർപ്പാകാത്തതിനാലാണ് ജയിൽ മോചനം നീളുന്നത്. നിരവധി തവണ മാറ്റി വെച്ച കേസിൽ, റഹീമിന്റെ മോചന ഉത്തരവ് കാത്തിരിക്കുകയാണ് കുടുംബവും നാട്ടുകാരും.
ALSO READ: അബ്ദുൽ റഹീമിന്റെ മോചനം: കേസ് റിയാദ് ക്രിമിനൽ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
സൗദി ബാലൻ മരിച്ച കേസിലാണ് കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീം 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്നത്. പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള വകുപ്പുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും നിരവധി തവണ കേസ് പരിഗണിച്ച റിയാദ് ക്രിമിനൽ കോടതി മോചന ഉത്തരവിൽ വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നൽകാൻ തയ്യാറാണെന്ന് റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. എന്നാൽ കോടതിയുടെ സ്വാഭാവികമായ നടപടികൾ പൂർത്തിയാക്കാനുള്ളതിനാൽ അബ്ദുൽ റഹീമിന്റെ മോചനം നീണ്ടുപോകുകയായിരുന്നു.
ALSO READ: കോടതി ഇടപെട്ടു; തിരക്കിട്ട് ജയിലില്‍ നിന്ന് പുറത്തിറങ്ങി ബോബി ചെമ്മണ്ണൂര്‍
സമാനതകളില്ലാത്ത ഫണ്ട് ശേഖരണത്തിൽ മൊത്തം 47.87 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതിൽ റഹീമിന്റെ മോചനത്തിനായി 34 കോടിയിലേറെ മോചനദ്രവ്യവും, വക്കീൽ ഫീസായി ഒന്നരക്കോടിയും ഉൾപ്പെടെ 36.27 കോടി രൂപ വിനിയോഗിച്ചു. ഇതിനിടെ അബ്ദുൽ റഹീമിന്റെ മാതാവും സഹോദരനും അമ്മാവനും റിയാദിൽ ജയിലിൽ എത്തി റഹീമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കാത്തിരിപ്പ് ഗുണകരമാകും എന്ന പ്രതീക്ഷയിൽ തന്നെയാണ് റഹീമിന്റെ കുടുംബവും, നാട്ടുകാരും.