ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങിയ ശേഷം മാധ്യമ പ്രവർത്തകരോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിൻ്റെ റിപ്പോർട്ട് ഹാജരാക്കാനും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിർദേശിച്ചിട്ടുണ്ട്.
ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടി സംസാരിച്ചതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിട്ടതിന് പിന്നാലെ നിരുപാധികം മാപ്പ് അപേക്ഷിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. ബോബിയുടെ അഭിഭാഷകരാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
നേരത്തെ ബോബി ചെമ്മണ്ണൂർ നിരുപാധികം മാപ്പ് പറയണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. "ജുഡീഷ്യറിക്കെതിരെ യുദ്ധം ചെയ്യുകയാണ് ബോബി. എന്തും വിലയ്ക്ക് വാങ്ങാമെന്ന് ബോബി ചെമ്മണ്ണൂർ കരുതേണ്ട. ഹൈക്കോടതിയോടാണ് കളിക്കുന്നത്. എല്ലാം പണം കൊടുത്തു വാങ്ങാമെന്നാണ് വിചാരം," കോടതി വിമർശിച്ചു. ജയിലിൽ വെച്ച് നടത്തിയ പരാമർശങ്ങൾക്ക് എന്താണ് കാരണമെന്ന് ബോബിയോട് ചോദിച്ചിട്ട് വരാനും കോടതി അഭിഭാഷകരോട് നിർദേശിച്ചു.
ഇന്ന് 1.45ന് ഈ കേസ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വീണ്ടും പരിഗണിക്കുന്നുണ്ട്. ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങിയ ശേഷം മാധ്യമ പ്രവർത്തകരോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിൻ്റെ റിപ്പോർട്ട് ഹാജരാക്കാനും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിർദേശിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇന്നലെ ജയിലിൽ നിന്ന് പുറത്തിറങ്ങാത്തത് എന്നതിനെ സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ജാമ്യം റദ്ദാക്കാൻ നോട്ടീസ് നൽകുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
ALSO READ: ഇവിടെ നീതിന്യായ വ്യവസ്ഥയുണ്ട്; നിയമത്തിന് അതീതരായി ആരുമില്ല; ബോബി ചെമ്മണ്ണൂരിനെ കുടഞ്ഞ് ഹൈക്കോടതി
പ്രതി നിയമത്തിന് അതീതനാണോയെന്ന് ചോദിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ബോബി ചെമ്മണ്ണൂർ നാടകം കളിക്കരുതെന്നും വിമർശിച്ചിരുന്നു. ബോബി മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണ് ചെയ്തത്. നിസാരമായ ജാമ്യ വ്യവസ്ഥകളാണ് ഉണ്ടായിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.