ജാമ്യം ലഭിച്ചിട്ടും ജയിലിന് പുറത്തിറങ്ങാന്‍ വിസമ്മതിച്ചതോടെയാണ് ബോബി ചെമ്മണ്ണൂര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്.
ജാമ്യം ലഭിച്ചിട്ടും ജയില്‍ മോചിതകനാകാതെ നാടകം കളിച്ച ബോബി ചെമ്മണ്ണൂരിനെ എടുത്തിട്ട് കുടഞ്ഞ് ഹൈക്കോടതി. ബോബി കോടതിക്ക് മുകളിലല്ല. നിയമത്തിന് അതീതരായി ആരുമില്ല. മാധ്യമ ശ്രദ്ധക്ക് വേണ്ടി കഥമെനയാന്‍ ശ്രമിക്കരുത്. എന്തുകൊണ്ടാണ് ജയില്‍ മോചിതനാകാത്തതെന്ന് വിശദീകരിക്കണം. ജാമ്യത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകനെ പോലും അപമാനിക്കാനാണ് ശ്രമിച്ചത്. ഇവിടെ നീതിന്യായ വ്യവസ്ഥയുണ്ട്. അത് പാലിക്കണം. ജാമ്യം റദ്ദാക്കാന്‍ കോടതിക്ക് അധികാരമുണ്ട്. ജയില്‍ മോചിതനായാലും അഞ്ച് മിനിറ്റുകൊണ്ട് വേണമെങ്കില്‍ പോലിസിന് നിര്‍ദേശം നല്‍കി അറസ്റ്റ് ചെയ്യിപ്പിക്കാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
ജാമ്യം ലഭിച്ചിട്ടും ജയിലിന് പുറത്തിറങ്ങാന്‍ വിസമ്മതിച്ചതോടെയാണ് ബോബി ചെമ്മണ്ണൂര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഇന്നലെയാണ് നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചത്. ജാമ്യ ഉത്തരവുമായി കാക്കനാട് ജില്ലാ ജയിലിലേക്ക് ഇറങ്ങിയ അഭിഭാഷകനോടും സംഘത്തോടും എത്തേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിക്കുകയായിരുന്നു.
പക്ഷേ, ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാതെ ജയിലില്‍ നാടകം തുടരുകയായിരുന്നു. ജാമ്യ ബോണ്ട് ഒപ്പിടാനും വിസമ്മതിച്ചു. ജാമ്യം ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാല്‍ പുറത്തിറങ്ങാനാവാത്ത തടവുകാര്‍ക്കും മോചനത്തിന് അവസരമൊരുക്കിയ ശേഷമേ പുറത്തിറങ്ങൂവെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ നിലപാട്.
ALSO READ: കോടതി ഇടപെട്ടു; തിരക്കിട്ട് ജയിലില്‍ നിന്ന് പുറത്തിറങ്ങി ബോബി ചെമ്മണ്ണൂര്‍
ഇതോടെ, അസാധാരണ നടപടികളിലേക്ക് ഹൈക്കോടതി കടന്നു. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ തന്നെ വിഷയത്തില്‍ ഇടപെട്ടു. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ, ബോബിയെ പെട്ടെന്ന് ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങളും അനുയായികള്‍ തുടങ്ങി. ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ബോബി ജയിലിന് പുറത്തിറങ്ങി.
എങ്കിലും വിഷയം പരിഗണിച്ച കോടതി ബോബി ചെമ്മണ്ണൂരിന് ശക്തമായ താക്കീത് നല്‍കുകയായിരുന്നു. ഇതിനിടയില്‍ കാക്കനാട് ജില്ലാ ജയിലിന് മുന്നില്‍ ബോബിക്ക് പിന്തുണയുമായി ചില ആളുകള്‍ എത്തിയതും നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി. പടക്കം പൊട്ടിച്ച് ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കുമെന്നായിരുന്നു സ്ഥലത്തെത്തിയ മെന്‍സ് അസോസിയേഷന്‍ സംഘത്തിന്റെ നിലപാട്. ഇത് ചെറിയ രീതിയില്‍ സംഘര്‍ഷത്തിനും ഇടയാക്കി. ബോബി ചെമ്മണ്ണൂരിന് വേണ്ടി ഓലപ്പടക്കം പൊട്ടിച്ച് ജയിലില്‍ പോകാന്‍ തയ്യാറാണെന്നായിരുന്നു അസോസിയേഷന്‍ പ്രതിനിധികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.