സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് കൂട്ട് നിൽക്കാനാവില്ല. റിപ്പോർട്ടിലെ കാര്യങ്ങൾ സർക്കാർ ഗൗരവമായി കാണണം
pc chacko
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതി ലഭിച്ചോലേ നടപടി എടുക്കുകയുള്ളൂ എന്ന് പറയുന്നത് ശരിയല്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ. റിപ്പോർട്ട് കയ്യിൽ വച്ചിട്ട് പരാതിക്കാർ വരട്ടെ എന്ന് പറയുന്നത് ശരിയല്ല. അന്വേഷണം നടത്തി നടപടി എടുക്കണം. ഇടതുപക്ഷതിൻ്റെ നിലപാട് ഇങ്ങനെ ആകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
'കൊച്ചയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച ഹേമ കമ്മിറ്റിക്ക് ഇടതുപക്ഷ സർക്കാർ എല്ലാ സൗകര്യങ്ങളും നൽകി. റിപ്പോർട്ടിലെ ഉള്ളടക്കങ്ങൾ ഞെട്ടിക്കുന്നതാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് കൂട്ടുനിൽക്കാനാവില്ല. റിപ്പോർട്ടിലെ കാര്യങ്ങൾ സർക്കാർ ഗൗരവമായി കാണണം. പരാതിയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കും എന്ന നിലപാട് ശരിയല്ല. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി എടുക്കണം. പൊലീസ് കേസെടുത്ത് അന്വേഷിക്കണം'- പി.സി ചാക്കോ പറഞ്ഞു.
അതേസമയം, ഹേമാ കമ്മറ്റി റിപ്പോർട്ട് 4 വർഷം എന്തിനാണ് സർക്കാർ പൂഴ്ത്തിവെച്ചതെന്നും ആരെയാണ് സർക്കാർ സംരക്ഷിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ പുറത്തുവന്നിട്ടില്ലെന്നും സമ്പൂർണ റിപ്പോർട്ട് പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും സംശയത്തിൻ്റെ നിഴലിൽ നിൽക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. നിരപരാധികൾ ഒഴിവാകണമെങ്കിൽ റിപ്പോർട്ട് പൂർണ്ണമായും പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. റിപ്പോർട്ട് സംബന്ധിച്ച് സർക്കാർ ഒളിച്ചുകളി നടത്തുന്നു. ഈ സംഭവത്തിൽ അന്വേഷണം നടത്തി കേസ് എടുക്കാൻ സാധിക്കുന്നതാണ്.
കേസെടുക്കുക എന്നത് പൊലീസിൻ്റെ സാമാന്യ ഉത്തരവാദിത്വം ആണെന്നും കേസെടുക്കാതിരിക്കാൻ പൊലീസിന് മേൽ സമ്മർദം ഉണ്ടാവാമെന്നും രമേശ് ചെന്നിത്തല ഓർമപ്പെടുത്തി.