'നടനെന്ന നിലയില്‍ നമ്മുടെ സിനിമ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിനില്‍ക്കുന്നത് കാണുമ്പോള്‍ ഞാന്‍ അത്യധികം സന്തോഷവാനാകുന്നു'
എമ്പുരാന്‍ കണ്ട അനുഭവം പങ്കുവെച്ച് നടന്‍ റഹ്‌മാന്‍. ചിന്തോദ്ദീപകവും ആകര്‍ഷകവുമായ കഥയാണ് എമ്പുരാന്റേതെന്നും സിനിമയില്‍ നിന്നും ഇതുവരെയും മുക്തനാവാന്‍ സാധിച്ചിട്ടില്ലെന്നും റഹ്‌മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇത്രയും മികച്ച രീതിയില്‍ കഥ ഒരുക്കിയതിന് മുരളി ഗോപിക്ക് കൈയ്യടികള്‍ നല്‍കുന്നുവെന്നും ശക്തമായ കഥയാണ് ചിത്രത്തിന്റേതെന്നും നടന്‍ റഹ്‌മാന്‍ കുറിച്ചു. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ അഭിനേതാക്കളെല്ലാം മികച്ച അഭിനയമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: 'സ്വയം' റദ്ദാക്കപ്പെടുന്ന ആവിഷ്കാര സ്വാതന്ത്ര്യം; എമ്പുരാന് നിർമാതാക്കൾ കൊടുക്കുന്ന 24 വെട്ട്
ചിത്രത്തിലെ ഗോധ്ര തീവെപ്പും നരോദ പാട്യ കൂട്ടക്കൊലയുമെല്ലാം ചര്‍ച്ചയാവുകയും ചിത്രത്തിന് ദേശീയ തലത്തില്‍ ബഹിഷ്‌കരണാഹ്വാനങ്ങള്‍ വരുന്ന സാഹചര്യവുമുണ്ടായിരുന്നു. വിവാദമായതോടെ ചിത്രത്തിലെ ചില സുപ്രധാന ഭാഗങ്ങള്‍ നീക്കുന്നതിനായി അണിയറ പ്രവര്‍ത്തകര്‍ തന്നെ റീസെന്‍സറിങ്ങിന് നല്‍കിയെന്നും അറിയിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സജീവ ചര്‍ച്ചയായി നില്‍ക്കുന്നതിനിടെയാണ് എമ്പുരാന്റേത് ചിന്തോദ്ദീപകമായ കഥയാണെന്ന് നടന്‍ റഹ്‌മാന്‍ പറഞ്ഞത്.
റഹ്‌മാന്റെ വാക്കുകള്‍
എമ്പുരാന്‍ ഇപ്പോള്‍ കണ്ട് ഇറങ്ങിയേ ഉള്ളൂ. സിനിമ കണ്ട അനുഭവം ഇപ്പോഴും മനസിനെ ആടിയുലച്ചുകൊണ്ടിരിക്കുന്നു. ആകര്‍ഷകവും ചിന്തോദ്ദീപകവുമായ സ്‌ക്രിപ്റ്റും അതിശയിപ്പിക്കുന്ന കഥയും. മുരളി ഗോപിക്ക് വലിയ കൈയ്യടി.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരെല്ലാം മികച്ച അഭിനയം കാഴ്ചവെച്ചു. മോഹന്‍ലാല്‍ അദ്ദേഹത്തിന് ലഭിക്കുന്ന എല്ലാ കഥാപാത്രങ്ങളും മികച്ചതാക്കുന്നു.
ഡയറക്ടര്‍ എന്ന നിലയിലുള്ള പൃഥ്വിരാജിന്റെ പാടവം കഥയുടെയും കഥാപാത്രത്തിന്റെയും ഇഴയടുപ്പം കൂട്ടുകയും മികച്ചതും ശക്തവുമായ കാഴ്ച വിരുന്ന് ഒരുക്കുകയും ചെയ്യുന്നു.
നടനെന്ന നിലയില്‍ നമ്മുടെ സിനിമ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിനില്‍ക്കുന്നത് കാണുമ്പോള്‍ ഞാന്‍ അത്യധികം സന്തോഷവാനാകുന്നു. നമുക്കെല്ലാവര്‍ക്കും ഇത് ഒരു അഭിമാനകരമായ നിമിഷമാണ്.