മധ്യവേനൽ അവധി ആരംഭിക്കുന്ന ഈ മാസം 11ന് വാദം പൂർത്തിയാകും. കേസ് വിധി പറയാൻ മാറ്റും
നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേസിലെ പ്രതിയായ നടന്‍ ദിലീപിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസില്‍ പ്രതിയായ ഒരാള്‍ക്ക് എങ്ങനെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കഴിയുക എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ അവസാന ഘട്ടത്തിലാണ്. മധ്യവേനൽ അവധി ആരംഭിക്കുന്ന ഈ മാസം 11ന് വാദം പൂർത്തിയാകും. കേസ് വിധി പറയാൻ മാറ്റും.
2020 ജനുവരിയിലാണ് കേസിൻ്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കുന്നത്. പ്രത്യേക കോടതിയിൽ വിചാരണ തുടങ്ങി അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വിചാരണ നടപടികൾ പൂർത്തിയാകുന്നത്. മധ്യ വേനൽ അവധി ആരംഭിക്കുന്ന ഈ മാസം 11ന് മുൻപ് തന്നെ വിചാരണയുടെ ഭാഗമായുള്ള നടപടികൾ പൂർത്തിയാക്കണം എന്ന് കോടതി തന്നെ അറിയിപ്പ് നൽകിയിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ വാദം അടക്കമുള്ള കാര്യങ്ങൾ പ്രോസിക്യൂഷനും പ്രതിഭാഗവും പൂർത്തയാക്കും. ഇന്ന് കേസ് വിധി പറയാനായി മാറ്റും. ഏകദേശം രണ്ട് മാസത്തിന് ശേഷമായിരിക്കും കേസിൽ വിധി വരിക എന്നാണ് വിവരം.
2017 ഫെബ്രുവരിയിലാണ് അങ്കമാലിയിൽ വെച്ച് ഓടുന്ന കാറിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. സിനിമാ ലൊക്കേഷനിൽ നിന്നും മടങ്ങുകയായിരുന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തക്കം പാർത്തിരുന്ന് ആക്രമിക്കുകയായിരുന്നു. ഇത് ദിലീപ് നൽകിയ ക്വട്ടേഷനായിരുന്നു എന്നാണ് പിന്നീട് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിനെ തുടർന്ന് 2017 ജൂലൈ 10ന് നടൻ അറസ്റ്റിലാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് 86 ദിവസത്തിന് ശേഷമാണ് കോടതി നടന് ജാമ്യം അനുവദിച്ചത്.
ALSO READ: കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം: കഴകം ജോലിയിൽ നിന്നും ബി.എ. ബാലു രാജിവെച്ചു
2017 നവംബറിൽ കേസിൻ്റെ കുറ്റപത്രം സമർപ്പിച്ചിരുവെങ്കിലും കേസിൻ്റെ വിചാരണ നടപടികൾ ആരംഭിക്കുന്നത് 2020 ജനുവരി 30നാണ്. ഈ കേസിൽ 1600 രേഖകളാണ് പൊലീസ് കൈമാറിയിരുന്നത്. 260 സാക്ഷികളെ കേസിൽ വിസ്തരിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വിസ്തരിക്കാൻ മാത്രം ഒരു മാസം സമയമെടുത്തിരുന്നു. അത്തരത്തിൽ ദീർഘമായ വിസ്താരം പൂർത്തിയാക്കിയാണ് കേസ് അവസാന ഘട്ടത്തിൽ എത്തുന്നത്.