നാലര വർഷം റിപ്പോർട്ട് പുറത്തുവിടാതിരുന്നത് തെറ്റ് തുറന്നുപറയാൻ ശ്രമിക്കുന്നവരുടെ ആത്മവിശ്വാസം തകർക്കുന്ന നടപടിയായിരുന്നെന്നും നടി പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്ത് വന്നത് പുതിയസംഭവങ്ങളല്ലെന്ന് നടി രാധിക ശരത്‌കുമാർ. 60കൾ മുതൽ ഇത്തരം സംഭവങ്ങൾ സിനിമ മേഖലയിൽ നടക്കുന്നുണ്ട്. നാലര വർഷം റിപ്പോർട്ട് പുറത്തുവിടാതിരുന്നത് തെറ്റ് തുറന്നുപറയാൻ ശ്രമിക്കുന്നവരുടെ ആത്മവിശ്വാസം തകർക്കുന്ന നടപടിയായിരുന്നെന്നും നടി പറയുന്നു. ന്യൂസ് മലയാളത്തോട് പ്രതികരിക്കവെയായിരുന്നു നടിയുടെ പ്രസ്താവന.
വിഷയം ചർച്ച ചെയ്ത് സിനിമ മേഖലയിൽ നിന്ന് തന്നെ പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. സ്ത്രീകളടക്കമുള്ളവർക്ക് സുരക്ഷ ഉറപ്പാക്കണം. കാരവാനിലെ ഒളിക്യാമറ നേരിട്ട് അനുഭവിച്ച വിഷയമാണ്. പലപ്പോഴും കാരവാനുള്ളിൽ പോകാൻ പേടിച്ചിട്ടുണ്ട് ഒപ്പം സഹനടികൾക്ക് ഇതേ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഈ അവസരത്തിൽ തുറന്നുപറച്ചിലുകളല്ല പരിഹാരമാണ് വേണ്ടതെന്നും നടി വ്യക്തമാക്കി.
ALSO READ: മലയാള സിനിമ മേഖലയിൽ പവർ ഗ്രൂപ്പ് ഉണ്ടായിരുന്നു, ഞാൻ പവർ ഗ്രൂപ്പിന്റെ രക്തസാക്ഷി: പ്രിയനന്ദനൻ
ചെരുപ്പൂരി അടിക്കാനറിയാം എന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിശാലിന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് നടി നൽകിയ മറുപടി. ചെരിപ്പൂരി അടിക്കാൻ ഞങ്ങൾക്ക് അറിയാം.അത് ആരും പറഞ്ഞു തരേണ്ടതില്ല തമിഴ്നാട് നടികർ സംഘം ഈ വിഷയത്തിൽ ഇടപെടണം. ഇതിൽ നടികർ സംഘം പരാജയപ്പെട്ടെന്നും നടി അഭിപ്രായപ്പെട്ടു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് മാധ്യമപ്രവർത്തകരുമായി തർക്കിച്ചായിരുന്നു തമിഴ് നടൻ ജീവ പ്രതികരിച്ചത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമാണെന്നും തമിഴ് സിനിമയിൽ ഇല്ലെന്നും നടൻ വാദിച്ചു. രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു ജീവയുടെ പ്രതികരണം. എന്നാൽ മാധ്യമങ്ങളോട് തർക്കിച്ച നടൻ കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറായില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു നടൻ രജനികാന്തിന്റെ പ്രതികരണം