കുവൈത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നും നാട്ടിലെത്താന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും യുവതി പറയുന്നു
കുവൈത്തില്‍ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്തെന്ന് പരാതി. വാഗ്ദാനം ചെയ്ത ജോലി നല്‍കിയില്ലെന്നും താന്‍ ഇപ്പോള്‍ വീട്ടു തടങ്കലില്‍ ആണെന്നും പരാതിക്കാരി. ഏജന്റ് ഖാലിദിനെതിരെ പരാതി നല്‍കിയെന്നും യുവതി.
കുവൈത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നും നാട്ടിലെത്താന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും യുവതി പറയുന്നു. മാര്‍ച്ച് 15നാണ് കുവൈത്തിലേക്ക് വന്നത്. ആദ്യത്തെ കുറച്ച് ദിവസം ഇവിടെ എത്തിയ ആളുടെ വീട്ടിലെ ജോലിയും മറ്റും ചെയ്യിപ്പിച്ചു. ജോലി ചെയ്യിപ്പിക്കുന്നതല്ലാതെ സാലറിയും ഒന്നും തന്നില്ലെന്നും യുവതി പറയുന്നു.
'രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മറ്റൊരു വീട്ടില്‍ കൊണ്ടു പോയി. അവിടെയും ചില പ്രശ്‌നങ്ങള്‍ കാരണം തിരിച്ച് ഇങ്ങോട്ട് തന്നെ വന്നു. അങ്ങനെ കുറേ വീടുകള്‍ മാറിയതിന് ശേഷം അവസാനം ഒരു വീട്ടില്‍ കൊണ്ടു ചെന്നാക്കി. അവിടെ ഭക്ഷണം പോലും തന്നിരുന്നില്ല. എന്നാലും കുവൈത്തില്‍ എത്തിപ്പെട്ടു. എങ്ങനെയെങ്കിലും രണ്ട് വര്‍ഷം നില്‍ക്കണം എന്നാണ് വിചാരിച്ചത്. ഏജന്‍സിയുമായുള്ള പ്രശ്‌നം കാരണം വീണ്ടും തന്നെ മറ്റൊരു വീട്ടിലാക്കി. അവിടെ നിന്നും പനിയും മൂത്രത്തില്‍ പഴുപ്പ് അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും മരുന്ന് പോലും തന്നില്ല,' യുവതി പറഞ്ഞു.
ALSO READ: 9 വര്‍ഷം കൊണ്ട് ജനങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ വികസനം ഉണ്ടായോ എന്ന് വിലയിരുത്തേണ്ട സമയം: മുഖ്യമന്ത്രി
അതിന് ശേഷം തന്നെ മറ്റൊരു ഏജന്‍സിയുടെ ഒരു റൂമില്‍ കൊണ്ട് വന്ന് പൂട്ടിയിട്ടിരിക്കുകയാണെന്നും യുവതി പറഞ്ഞു. ഇവിടെ ഭക്ഷണം പോലും തരുന്നില്ല. നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ കാശ് കൊടുക്കാതെ വിടില്ലെന്നാണ് പറയുന്നത്. ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ട് എംബസിയിലേക്ക് എത്തിയാല്‍ രക്ഷപ്പെടുത്താം. അല്ലാതെ ഒരു മാര്‍ഗവുമില്ലെന്നാണ് എംബസിയും പറയുന്നത്. കുവൈത്തിലെ നിയമവും നാട്ടിലെ നിയമവും ഒന്നും വിഷയമേ അല്ലെന്നാണ് ഏജന്‍സി പറയുന്നത്. അതുകൊണ്ട് നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും യുവതി പറഞ്ഞു.
ഇത് മനുഷ്യക്കടത്താണ്. നാട്ടില്‍ നിന്ന് എന്നെപ്പോലത്തെ പെണ്‍കുട്ടികളെ ഇവിടെ എത്തിച്ച് അറബികള്‍ക്ക് ലക്ഷക്കണക്കിന് രൂപയ്ക്ക് വില്‍ക്കുകയാണ്. അതിനനുസരിച്ചാണ് അറബികള്‍ നമ്മളോട് പെരുമാറുന്നത്. നമ്മളെ നാട്ടിലേക്ക് കൊണ്ടു വരുമ്പോള്‍ ഒരു എഗ്രിമെന്റോ കാര്യങ്ങളോ ഒന്നും ചെയ്തിട്ടില്ല. നമ്മളെ ഇങ്ങോട്ട് കൊണ്ടു വന്നിട്ട് കഷ്ടപ്പെടുത്തുകയാണ്. മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിക്കുകയാണ്. തന്റെ ജീവനെന്തിങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദികള്‍ ഖാലിദും ബിന്‍സിയും ജിജിയുമായിരിക്കും. ഇത് ചിലപ്പോള്‍ തന്നെ അവസാനത്തെ വീഡിയോ ആയിരിക്കുമെന്നും യുവതി പറയുന്നു. ഇത്തരം ഏജന്‍സികള്‍ക്ക് ലൈസന്‍സില്ല. നാട്ടില്‍ കാളയെയും പോത്തിനെയും കച്ചവടം ചെയ്യുന്ന പോലെയാണ് പെണ്‍കുട്ടികളെ ഇവിടെ എത്തിച്ച ശേഷം ചെയ്യുന്നതെന്നും യുവതി പറഞ്ഞു.