ശരീരമാസകലം മുറിവേറ്റ് അവശനായ ബിനോദിൻ്റെ അവസ്ഥ പുറത്തെത്തിച്ചത് ന്യൂസ് മലയാളമായിരുന്നു.
കൊല്ലം സ്വദേശി ബിനോദിന് പൊലീസ് സ്റ്റേഷനിൽ മർദനമേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ചോറ്റാനിക്കര സി.ഐ. മനോജിന് എതിരെ അന്വേഷണം നടത്തും. മർദനമേറ്റ ബിനോദ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ് നടപടി.മാല നഷ്ടപ്പെട്ടെന്ന ഭാര്യ ഷൈനിയുടെ പരാതിയിലാണ് ബിനോദിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സിഐ മർദിച്ചതെന്നാണ് പരാതി. മാലയെടുത്തിട്ടില്ലെന്ന ബിനോദിൻ്റെ മറുപടിയിൽ തൃപ്തിയാകാത്തതോടെയാണ് ക്രൂരമായി മർദിച്ചത്. ശരീരമാസകലം മുറിവേറ്റ് അവശനായ ബിനോദിൻ്റെ അവസ്ഥ പുറത്തെത്തിച്ചത് ന്യൂസ് മലയാളമായിരുന്നു.
അതിനിടെ ബിനോദിനെ മർദിച്ചതിന് ആരോപണം നേരിടുന്ന സി.ഐ. മനോജ് പരാതി ഒത്തുതീർക്കാൻ ശ്രമിക്കുന്ന ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ചികിത്സയ്ക്കായി പണം നൽകാമെന്ന് സിഐ മനോജ് പറഞ്ഞ സന്ദേശമാണ് പുറത്തുവന്നത്. പരാതി ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നതാണ് ഫോൺ സംഭാഷണത്തിലുള്ളത്. ബിനോദിൻ്റെ ചികിത്സയ്ക്ക് പണം നൽകാമെന്നും വീട്ടിൽ നേരിട്ടെത്തി സംസാരിക്കാമെന്നും സി.ഐ. മനോജ് പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ പതിനാറാം തീയതി ഷൈനിയേയും, ബിനോദിനേയും സ്റ്റേഷനിൽ വിളിച്ച് വരുത്തി പ്രഥമ വിവരങ്ങൾ ശേഖരിച്ച സിഐ പി.കെ. മനോജ് ഇരുവരേയും മടക്കി അയച്ചിരുന്നു. ഭാര്യ പരാതി നൽകിയ മനോവിഷമത്തിൽ കൊല്ലത്തേക്ക് മടങ്ങിയ ബിനോദിനെ 22 ന് വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. രാവിലെ ബിനോദ് സ്റ്റേഷനിലെത്തിയെങ്കിലും സിഐ മനോജ് ഉണ്ടായിരുന്നില്ല. വൈകിട്ടോടെ സ്റ്റേഷനിലെത്തിയ സിഐ. ബിനോദിനെ സ്റ്റേഷനിനുള്ളിലെ മറ്റൊരു മുറിയിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്തു.
മാലയെടുത്തിട്ടില്ലെന്ന ബിനോദിൻ്റെ മറുപടിയിൽ തൃപ്തിയാകാത്ത സിഐ ക്രൂരമായി മർദ്ധിച്ചുവെന്നാണ് ബിനോദ് പറയുന്നത്.ദേഹമാസകലം അടിച്ച് പരിക്കേൽപ്പിച്ചു, ഉറക്കെ നിലവിളിച്ചപ്പോൾ ബൂട്ടിട്ട് ചവിട്ടി. കാലിൽ ഭാരമുള്ള വസ്തു ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചു. ഈ സമയം ഭാര്യയും സ്റ്റേഷനിലുണ്ടായിരുന്നെന്ന് ബിനോദ് പറഞ്ഞു.അർദ്ധ ബോധാവസ്ഥയിലായ ബിനോദിനെ ചോറ്റാനിക്കരയിൽ താമസിച്ച വീട്ടിലെത്തിച്ച് വീണ്ടും പരിശോധന, പിന്നീട് ഫോൺ ഉൾപ്പെടെ പിടിച്ച് വച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചുവെന്നും ബിനോദ്.
മൃതപ്രായനായ ബിനോദിനെ കൊല്ലത്ത് നിന്ന് ബന്ധുക്കൾ എത്തിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.ഇരു ചക്രവാഹനം വാങ്ങുന്നതിനെ ചൊല്ലി ഭാര്യയുമായുള്ള തർക്കമാണ് മോഷണ പരാതിയിലെത്തിയത്. എന്നാൽ മോഷണം പോയ മാല പിന്നീട് ചോറ്റാനിക്കരയിലെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയതായി ബിനോദ് പറയുന്നു.ചോറ്റാനിക്കര സിഐയുടെ ക്രൂര മർദനത്തിൽ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയെന്നാണ് ബിനോദിൻ്റെ അമ്മ പറയുന്നത്.