പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിരോധസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടെയാണ് നാവികസേനയുടെ കരുത്ത് വർധിപ്പിക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്
ഇന്ത്യൻ നാവികസേനക്കായി 26 റഫാൽ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള 63,000 കോടി രൂപയുടെ കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പിട്ടു. 26 റഫാൽ മറീന്‍ ജെറ്റുകള്‍, ആയുധങ്ങൾ, പരിശീലന സിമുലേറ്ററുകൾ, സ്പെയർ പാർട്സുകൾ, ലോജിസ്റ്റിക്കൽ പിന്തുണ എന്നിവ ഉൾപ്പെടുന്നതാണ് കരാർ. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് ഇന്ത്യയെ പ്രതിനിധീകരിച്ചും, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഫ്രാൻസിനെ പ്രതിനിധീകരിച്ചും കരാറിൽ ഒപ്പുവച്ചു.
ഡൽഹിയിലെ സൗത്ത് ബ്ലോക്കിലുള്ള പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് വെച്ചാണ് കരാർ ഒപ്പിട്ടത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഈ കരാറിന് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റ് സമിതി ഈ മാസം ആദ്യമാണ് കരാറിന് അംഗീകാരം നല്‍കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിരോധസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനിടെയാണ് നാവികസേനയുടെ കരുത്ത് വർധിപ്പിക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്.
ലോകത്തിലെ ഏറ്റവും നൂതനമായ നാവിക യുദ്ധവിമാനങ്ങളിൽ ഒന്നായാണ് റഫാലിനെ കണക്കാക്കപ്പെടുന്നത്. വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ വിന്യസിക്കുന്നതിനായി ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ദസ്സാൾട്ട് ഏവിയേഷനിൽ നിന്നാണ് ഇന്ത്യ ജെറ്റുകൾ വാങ്ങുന്നത്. 300 കിലോമീറ്ററിലധികം ദൂരപരിധിയുള്ള 'സ്കാൽപ്പ്'എയർ-ടു-ഗ്രൗണ്ട് ക്രൂയിസ് മിസൈലുകളും, ശത്രുരാജ്യത്ത് നിന്നുള്ള ജെറ്റുകളെ നേരിടാൻ 120 മുതൽ 150 കിലോമീറ്റർ വരെ ദൂരപരിധി വരെ ഉയർന്ന നിലവാരമുള്ള മീറ്റിയർ എയർ-ടു-എയർ മിസൈലുകളും അവയിൽ ഉൾപ്പെടുന്നു.