നിയമസഭാ സമ്മേളനത്തിന് മുമ്പ് എഡിജിപിക്കെതിരെ നടപടി ഉണ്ടായതില്‍ സിപിഐ സംതൃപ്തി അറിയിച്ചു
എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റാന്‍ സർക്കാരിനു മേല്‍ സമ്മര്‍ദ്ദമായത് സിപിഐ നിലപാട്. എഡിജിപിക്ക് എതിരായ നടപടി ഉണ്ടായില്ലെങ്കിൽ നിയമസഭയില്‍ സിപിഐക്ക് അഭിപ്രായം പറയേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാട് സ്വീകരിച്ചതാണ് വഴിത്തിരിവായത്. ഇക്കാര്യം എം.വി. ഗോവിന്ദനെയാണ് ബിനോയ് വിശ്വം അറിയിച്ചത്. ഇതിനെ തുടർന്നാണ് എഡിജിപിക്കെതിരെ ഇന്നലെ തന്നെ നടപടിയുണ്ടായത്.
നിയമസഭ സമ്മേളനത്തിന് മുമ്പ് എഡിജിപിക്കെതിരെ നടപടിയുണ്ടാകണം എന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാല്‍, കത്ത് നല്‍കി രേഖാമൂലം സിപിഐ ആവശ്യം ഉന്നയിച്ചിരുന്നില്ല. നടപടി കൂടാതെ മുന്നോട്ട് പോകാനാവില്ലെന്നും സിപിഐ നിലപാട് സഭയില്‍ അറിയിക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും സിപിഐ പാര്‍ലമെന്‍ററി പാർട്ടി യോഗത്തിന് ശേഷം ബിനോയ് വിശ്വം എം.വി. ഗോവിന്ദനെ അറിയിക്കുകയായിരുന്നു. എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാർട്ടി യോഗത്തിലും സിപിഐ ഈ നിലപാടാണ് സ്വീകരിക്കാനിരുന്നത്.
Also Read: ഉചിതമായ, ശരിയായ നടപടി; ഇത് എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ വിജയം: ADGPയുടെ ചുമതല മാറ്റത്തില്‍ ബിനോയ് വിശ്വം
നിയമസഭാ സമ്മേളനത്തിന് മുമ്പ് എഡിജിപിക്കെതിരെ നടപടി ഉണ്ടായതില്‍ സിപിഐ സംതൃപ്തി അറിയിച്ചു. സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. സിപിഐയുടെ മാത്രം വിജയമല്ല ഇതെന്നും, എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ വിജയമാണെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
എഡിജിപി എം.ആര്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ രാത്രിയോടെയാണ് പുറത്തിറങ്ങിയത്. നടപടിയുടെ കാരണം വ്യക്തമാക്കാതെയുള്ള സ്ഥാനമാറ്റ ഉത്തരവ് മാത്രമാണ് പുറത്തുവിട്ടത്. സായുധ ബറ്റാലിയന്‍റെ ചുമതല മാത്രമാണ് അജിത് കുമാറിന് നല്‍കിയിരിക്കുന്നത്.
ഇന്‍റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല.
Also Read: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച ദുരൂഹം; ഗുരുതര പരാമർശങ്ങളുമായി ഡിജിപി റിപ്പോർട്ട്