പോസ്റ്റുമോര്‍ട്ടത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കണമെന്നും മഞ്ജുഷ പറഞ്ഞു.
പി.പി. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച വിധി തൃപ്തികരമെന്ന് മരിച്ച നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീന്‍ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കണമെന്നും മഞ്ജുഷ പറഞ്ഞു.
'ഈ വിധിയില്‍ വളരെയധികം ആശ്വാസം തോന്നുന്നു. ഇപ്പോള്‍ സന്തോഷിക്കാനുള്ള അവസരം അല്ല എന്റേത്. എന്നാലും ഈ പറയുന്ന വ്യക്തിക്ക് പരമാവധി ശിക്ഷ കിട്ടണം. പൊലീസ് അവരെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണം. ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ തീര്‍ച്ചയായും അറസ്റ്റ് ചെയ്യണം. അതുതന്നെയാണ് എനിക്ക് പറയാനുള്ളത്. ഏതറ്റം വരെയും പോകും,' മഞ്ജുഷ പറഞ്ഞു.
ALSO READ: എഡിഎമ്മിൻ്റെ മരണം: പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തള്ളി
പിപി ദിവ്യയുടെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി വരും മുന്‍പ് പൊലീസില്‍ കീഴടങ്ങില്ലെന്ന് ദിവ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. അനുകൂലമായ രാഷ്ട്രീയ തീരുമാനം ഇല്ലാത്തതും പൊലീസിനെ അറസ്റ്റില്‍ നിന്ന് പിന്തിരിപ്പിച്ചു. പ്രധാന തടസങ്ങള്‍ എല്ലാം മാറിയ സ്ഥിതിക്ക് അറസ്റ്റാണ് അടുത്ത നടപടി.
യാത്രയയപ്പ് യോഗത്തില്‍ സദുദ്ദേശപരമായാണ് സംസാരിച്ചതെന്നും അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണിതെന്നുമായിരുന്നു പി. പി. ദിവ്യയുടെ വാദം. തന്റെ മുന്നില്‍ വന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് യാത്രയയപ്പ് യോഗത്തില്‍ സംസാരിച്ചതെന്നും, ജില്ലാ കളക്ടര്‍ ക്ഷണിച്ചിട്ടാണ് പരിപാടിക്ക് എത്തിയതെന്നും ദിവ്യ കോടതിയില്‍ വാദിച്ചരുന്നു.
സ്ത്രീയെന്ന പരിഗണന നല്‍കി ജാമ്യം അനുവദിക്കണമെന്നും ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. എഡിഎമ്മിനെതിരായ ദിവ്യയുടെ പരാതികള്‍ അടിസ്ഥാനമില്ലാത്തതാണെന്നും, കളക്ടര്‍ ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പ്രോസിക്യൂഷനും വാദിച്ചു. ദിവ്യക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍ വാദം. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് നവീന്‍ ബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിന് ആശ്വാസകരമായ വിധിയാണ് ഇപ്പോള്‍ പുറത്തു വന്നത്.