പുരുഷാധിപത്യ സ്റ്റീരിയോടൈപ്പുകൾ കൊണ്ട് നിറഞ്ഞ കൗമാരത്തിന്റെ പ്രതീകമാണ് ഈ സീരീസിലെ കേന്ദ്ര കഥാപാത്രം ജെയ്മി
നേരം പുലർന്നിട്ടില്ല, ആളുകൾ വീടുകളില്‍ നിന്ന് തെരുവുകളിലേക്ക് ഇറങ്ങുന്നതേയുള്ളൂ. അപ്പോഴാണ് എഡ്ഡി മില്ലറുടെ വീട്ടിലേക്ക് പൊലീസ് സംഘം ഇരച്ചെത്തിയത്. നിങ്ങള്‍ക്ക് വീട് മാറിയെന്ന് പലവട്ടം എഡ്ഡി അവരോട് പറയുന്നുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെ അവർ നേരെ എഡ്ഡിയുടെ മകന്റെ മുറിയിലേക്ക് കടന്നുചെല്ലുന്നു. ഉറങ്ങിക്കിടന്ന അവനു നേരേ പൊലീസ് തോക്ക് ചൂണ്ടി. പേടിച്ചവൻ മൂത്രമൊഴിച്ചുപൊയി. അവന്റെ പ്രായം 13. കുറ്റം കൊലപാതകം.
സ്ത്രീകളോടുള്ള കടുത്ത അഭിനിവേശം അവരോടുള്ള പകയിലേക്കും പിന്നീട് നിയന്ത്രിക്കാനാകാത്ത ആക്രമണങ്ങളിലേക്കും വികസിക്കുന്നതാണ് സ്റ്റീഫൻ ഗ്രഹാമിന്റെ 'അഡോളസെന്‍സ്' എന്ന നെറ്റ്ഫ്ലിക്സ് ഡ്രാമയിൽ ജെയ്മി എന്ന 13കാരനിലൂടെ ആവിഷ്കരിക്കുന്നത്. പുരുഷാധിപത്യ സ്റ്റീരിയോടൈപ്പുകൾ കൊണ്ട് നിറഞ്ഞ കൗമാരത്തിന്റെ പ്രതീകമാണ് ജെയ്മി. പുരുഷനാകണമെങ്കിൽ (Being a man) സ്ത്രീ തന്നിലേക്ക് സ്വയം ആകർഷിക്കപ്പെടണമെന്നും എല്ലാത്തിന്റെയും കൺട്രോൾ എല്ലായ്‌പ്പോഴും തന്റെ കയ്യിലായിരിക്കണമെന്നുമുള്ള മിഥ്യാ ധാരണയാണ് ജെയ്മിയെ നയിക്കുന്നത്. കെയ്റ്റി എന്ന പെൺകുട്ടിയുടെ കൊലപാതകത്തിൽ വരെ എത്തി നിൽക്കുന്നത് ഈ 'ധാരണാ' പിശകാണ്.
Also Read: 'സ്വയം' റദ്ദാക്കപ്പെടുന്ന ആവിഷ്കാര സ്വാതന്ത്ര്യം; എമ്പുരാന് നിർമാതാക്കൾ കൊടുക്കുന്ന 24 വെട്ട്
ജെയ്മി ജീവിച്ചതും ഇടപഴകിയതും വെർച്വൽ ലോകത്താണ്. അതിന്റെ പ്രതിഫലനം മാത്രമായിരുന്നു അവന് യഥാർഥ ലോകം. സമൂഹമാധ്യമങ്ങളിൽ അവൻ മുതിർന്നവനാകാൻ (grown up) ശ്രമിച്ചു. എന്നാൽ റിയാലിറ്റിയിൽ അവനെ സഹപാഠികള്‍ പീഡിപ്പിച്ചു (Bully). താൻ ദുർബലനും അനാകർഷണീയനുമാണ് എന്ന തോന്നലിൽ നിന്നാണ് ജെയ്മിയിൽ സ്ത്രീ വിദ്വേഷം കടന്നുകൂടുന്നത്. ആ വിദ്വേഷത്തിന്റെ ആകെ തുകയായിരുന്നു കെയ്റ്റി. അവൾ അവനെ പരിഹസിച്ചു. സമൂഹമാധ്യമങ്ങളിലെ പുതു തലമുറ കുട്ടികൾക്ക് (പക്വതയെത്തിയെന്നത് അവരുടെ തോന്നൽ മാത്രമാണ്) മാത്രം മനസിലാകുന്ന രീതിയിൽ ഇമോജികളിലൂടെയും ജാർഗണുകളിലൂടെയുമായിരുന്നു പരിഹാസം. അത് പുറംലോകത്ത് നിൽക്കുന്നവർക്ക് മനസിലാകുന്നില്ല.
വലിയ ചില ചോദ്യങ്ങൾ ഇത് മുന്നോട്ട് വെയ്ക്കുന്നു. സമൂഹമാധ്യമങ്ങളുടെ ലോകത്ത് നമ്മുടെ കുട്ടികൾ സുരക്ഷിതരാണോ? ഇൻസ്റ്റഗ്രാമബിളല്ല, സെക്സിയല്ല, മാൻലി അല്ല, തന്റെ ശരീരം പോരാ എന്നീ തോന്നലുകൾ അവരിൽ വളരുന്നുണ്ടോ? അവരുടെ ഉള്ളിന്റെ ഉള്ളിൽ വയലൻസിന്റെ മുളപ്പുകളുണ്ടോ? നമ്മൾ അവരെ വളർത്തുന്നതിൽ പരാജയപ്പെട്ടോ? പ്രേക്ഷകരെ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിച്ചുവെന്നതാണ് ഈ സീരീസിന്റെ വിജയം. സാധാരണ ഒരു പെൺകുട്ടിയുടെ കൊലപാതകത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു കഥ കേന്ദ്രീകരിക്കുക അവളുടെ കുടുംബത്തെ ആയിരിക്കും. അവളാണ് ഇര. എന്നാൽ അഡോളസെൻസ് മറ്റൊരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരെപ്പോലെ തന്നെ കൊലപാതകിയും ഇരയാണ്. എല്ലാ കുറ്റവും അത്തരക്കാരുടെ മേൽ ചാരി നമ്മൾ നീതിമാന്മാരാകുകയാണ്. എന്നാൽ ഈ അപര സൃഷ്ടി നമ്മളിലെ ഗ്രേ എരിയകൾ മറയ്ക്കാനുള്ളതാണെന്നതാണ് യാഥാർഥ്യം. ഒരു ക്രൈമിന് പ്രേരിപ്പിക്കുന്ന സാമൂഹിക സാഹചര്യം പരിശോധിച്ചാൽ അത് മനസിലാകും.
Also Read: ജെയിംസ് കാമറൂൺ: മുതലാളിത്തത്തെ തിരയില്‍ ചോദ്യം ചെയ്ത ഹോളിവുഡിലെ റെബല്‍
ജെയ്മി എന്ന 13കാരൻ എങ്ങനെയാണ് കുറ്റവാളിയാകുന്നത്? സീരീസിലെ മൂന്നാമത്തെ എപ്പിസോഡിൽ ഇതിനുള്ള ഉത്തരമുണ്ട്. ജെയ്മിയും അവന്റെ മാനസികനില വിലയിരുത്താൻ എത്തിയ മനശാസ്ത്രജ്ഞയും തമ്മിലുള്ള സംഭാഷണമാണ് ഈ എപ്പിസോഡിൽ. എല്ലാ ഉത്തരങ്ങളും അടങ്ങിയിട്ടുള്ള ഒരു പദം സീരീസിന്റെ രണ്ടും മൂന്നും എപ്പിസോഡുകളിൽ കടന്നു വരുന്നുണ്ട്. ജെയ്മിയെ പ്രകോപിപ്പിച്ച വാക്ക്, ഇൻസെൽ (INCEL). മലയാളിയുടെ ജെൻസി ഡിക്ഷണറിയിൽ ഇനിയും പ്രചാരം നേടിയിട്ടില്ലെങ്കിലും ആഗോളതലത്തിൽ ഈ വാക്കിന് പലതരം നിർവചനങ്ങളുണ്ട്. തങ്ങളുടെ ജീവിതത്തിലെ പ്രണയ- ലൈംഗിക അനുഭവങ്ങളുടെ അഭാവത്തിന് സ്ത്രീകളെയും സമൂഹത്തെയും കുറ്റപ്പെടുത്തുന്ന ഹെട്രോസെക്ഷ്വൽ (Heterosexual) പുരുഷന്മാരെ വിശേഷിപ്പിക്കാനാണ് ഇൻസെൽ എന്ന പദം ഉപയോഗിക്കുന്നത്. സിഗ്മാ, ബീറ്റാ, ഗാമാ പുരുഷ മാതൃകകൾക്കൊപ്പം ആൻഡ്രു ടെയ്റ്റിനെ പോലുള്ള മാസ്കുലിനിറ്റി പ്രഭാഷകരായ ഇൻഫ്ലുവെൻസേഴ്സ് അവതരിപ്പിച്ച വാക്ക്. തന്റെ കമന്റ് ബോക്സിൽ വന്നു നിറഞ്ഞ ഇൻസെൽ എന്ന വാക്കിനെ ചുറ്റുമുള്ളവർ തനിക്ക് നല്‍കുന്ന വിശേഷണമായാണ് ജെയ്മി കണ്ടത്. അവന്‍ അത് ഉള്ളിലേക്കെടുക്കുമ്പോള്‍ തന്നെ നിരസിക്കുന്നു. ഈ ദ്വന്ദം ആണ് അവനെ ഭരിക്കുന്നത്. ഒരേ സമയം അവൻ തന്നിലെ പുരുഷനില്‍ അമിതാത്മവിശ്വാസം പുലർത്തുന്നവനും അപകർഷതകൾക്ക് കീഴ്‌പ്പെട്ടവനുമാണ്.
ഏതു സാഹചര്യത്തിലും നിയന്ത്രണമേറ്റെടുക്കുക എന്നതാണ് 'പുരുഷ ധർമം' എന്നാണ് ജെയ്മിയുടെ വിശ്വാസം. അത് സഹപാഠികളും സമൂഹമാധ്യമങ്ങളും എന്തിന് അബോധത്തിൽ പിതാവ് എഡ്ഡിയും ചേർന്ന് അവനില്‍ സൃഷ്ടിച്ചെടുത്തതാണ്. മനശാസ്ത്രജ്ഞയുമായുള്ള സംഭാഷണത്തിനിടയ്ക്ക് ചോദ്യങ്ങളിൽ അസന്തുഷ്ടനാകുന്ന ജെയ്മി ശബ്ദം ഉയർത്തുന്നത് കാണാം. ജെയ്മി എന്ന കുട്ടിയുടെ പുരുഷനിലേക്കുള്ള പരകായപ്രവേശമാണിത്. ഒരുതരം കാമോഫ്ലേജ് (Camouflage). ശബ്ദം ഉയർത്തിയും എന്തെങ്കിലും തട്ടി തകർത്തും എഫ് വേഡ് (f-word) നിരന്തരം ഉരുവിട്ടും എതിരെ ഇരിക്കുന്നവരെ നിശബ്ദരാക്കി സംഭാഷണത്തിന്റെ നിയന്ത്രണം തന്നിലേക്ക് തിരികെ കൊണ്ടുവരാം എന്ന തോന്നലാണ് ഇതിന് പ്രേരിപ്പിക്കുന്നത്. പുരുഷത്വം, സെക്സ് എന്നിവയെപ്പറ്റിയുള്ള ചോദ്യങ്ങൾക്കാണ് ജെയ്മി ഇത്തരത്തിൽ പ്രതികരിക്കുന്നത്. നിങ്ങൾ പേടിച്ചില്ലേ? എന്നവൻ ചോദിക്കുന്നിടത്ത് നമ്മൾ കാണുന്നത് ഒരു കുട്ടിയേ അല്ല സൈക്കോയെയാണ്. അവന്റെ ഈ മനോനിലയുടെ നിർമാതാക്കൾ അവന്റെ ചുറ്റുപാടുകളാണ്.
രണ്ടാം എപ്പിസോഡിൽ നമ്മൾ ചെന്നുപെടുന്നത് ജെയ്മിയും കെയ്റ്റിയും പഠിച്ച സ്കൂളിലേക്കാണ്. വിദ്യാർഥികളും, അധ്യാപകരും എല്ലാം സ്കൂൾ എന്ന ആ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഒരു തരം ശ്വാസം മുട്ടലാണ് ഈ ഭാഗത്ത് പ്രേക്ഷകർക്ക് അനുഭവപ്പെടുക. അടുത്തടുത്ത ബെഞ്ചിൽ ഇരിക്കുന്നവർ പോലും പരസ്പരം മനസിലാക്കാത്ത ഒരിടം. ആ സ്കൂളില്‍ എല്ലാവരും കൂൾ ആവാനുള്ള ശ്രമത്തിലാണ്. അതിൽ ചില കുട്ടികൾ വിഷലിപ്തമായ പുരുഷാധിപത്യത്തെ (Toxic Masculinity) ചെറുപ്പത്തിലെ സ്വഭാവത്തിന്റെ ഭാഗമാക്കുന്നു. മറ്റൊരു കൂട്ടം അപകർഷതയിൽ കഴിഞ്ഞു കൂടുന്നു. ഈ കൂട്ടരിൽ നിന്ന് ഇതു വിട്ടുപോകണമെന്നില്ല. കാരണം സ്കൂളിന്റെ തുടർച്ചയാണ് അവരിറങ്ങി ചെല്ലുന്ന പുറം ലോകം. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ സ്കൂളിലെ ടോക്സിസിറ്റികൾക്ക് മൂപ്പെത്തുന്നതാണ് പൊതു സമൂഹം.
ജെയ്മിയുടെ കുടുംബത്തിലൂടെ സഞ്ചരിക്കുന്ന നാലാം എപ്പിസോഡിലാണ് ചുറ്റുമുള്ള സമൂഹം എത്രമാത്രം പ്രഹരശേഷിയുള്ള വിഷം (Toxicity) ആണ് കൊണ്ടുനടക്കുന്നതെന്ന് മനസിലാകുന്നത്. നോട്ടം, അന്വേഷണം, പിന്തുണ, വിലയിരുത്തൽ, ആക്രമണം, എന്നിങ്ങനെ കണ്ണും കയ്യും സർവ അവയവങ്ങളുമായി സമൂഹം ആ കുടുംബത്തെ വേട്ടയാടുന്നു. ജെയ്മി കുറ്റക്കാരനാണ്, അതുപൊലെ തന്നെ അവന്റെ അച്ഛനും- ഇതാണ് അവരുടെ നിലപാട്. അവന്റെ അമ്മയും സഹോദരിയും താരതമ്യേന ചെറിയ തോതിൽ മാത്രമേ സമൂഹത്തിന്റെ ഈ പീഡനത്തിന് വിധേയരാകുന്നുള്ളൂ. ഇത്തരത്തിലൊരു ക്രൈം ഒരു കുട്ടി (അതും ആൺകുട്ടി) ചെയ്താൽ അതിന് രണ്ട് കാരണങ്ങളാണ് പാശ്ചാത്യ രാജ്യങ്ങളിൽ പൊലീസും സമൂഹവും പൊതുവായി കണ്ടെത്തുന്നത്. ഒന്നുകിൽ പിതാവിൽ നിന്ന് നേരിട്ട ലൈംഗിക പീഡനം, അല്ലെങ്കിൽ അവഗണന. സ്വയം മനശാസ്ത്രജ്ഞർ കളിക്കുന്ന അയൽക്കാർ പലതരത്തിലുള്ള ഉപകഥകളും ഇതിന് ഉണ്ടാക്കിയെന്നിരിക്കും. പല സിനിമകളിലും നമ്മൾ ഇത് കണ്ടിട്ടുള്ളതാണ്. എന്നാൽ എഡ്ഡി പൊട്ടിക്കരയുന്നിടത്ത്, ജെയ്മിയുടെ പാവ കട്ടിലിൽ പുതപ്പിച്ച് കിടത്തുന്നിടത്ത് ഏതൊരു പ്രേക്ഷകനും കരഞ്ഞു പോകുന്നു. ഞാൻ ഒരു നല്ല അച്ഛനല്ലേ? എന്ന എഡ്ഡിയുടെ ചോദ്യത്തിന് മറുപടി നൽകേണ്ടത് പ്രേക്ഷകനാണ്. പലർക്കും അതിന് മറുപടിയുണ്ടാകില്ല. ആ ചോദ്യം മാത്രമായിരിക്കും കാണികളിൽ അവശേഷിക്കുക. ഞാൻ ഒരു നല്ല അച്ഛനല്ലേ? ഞാൻ ഒരു നല്ല അമ്മയല്ലേ? സഹോദരിയല്ലേ? മകനല്ലേ?
Also Read: ആ മോഹൻലാൽ ചിത്രം കോപ്പിയായിരുന്നു! കൊമേഴ്ഷ്യൽ സിനിമ സംശയത്തോടെ വീക്ഷിച്ച കൾട്ട് ഫിലിം മേക്കർ സായ് പരാഞ്പെ
എന്തുകൊണ്ടാണ് ഈ സീരീസ് പ്രേക്ഷകരിൽ ആഴത്തിൽ മുറിവുകളുണ്ടാക്കുന്നത്? നമ്മുടെ ചിന്തകളെ വഴിതിരിച്ചുവിടാൻ സംവിധായകനായ ഫിലിപ്പ് ബാരന്റിനി സമ്മതിക്കുന്നില്ലാ എന്നതാണ് ഒരു കാര്യം. തുടർച്ചയായ ഒറ്റ ഷോട്ടിലാണ് (Continous single shot) ഈ സീരീസിലെ ഓരോ എപ്പിസോഡും ചിത്രീകരിച്ചിരിക്കുന്നത്. ഓരോ എപ്പിസോഡിലും ഓരോ സംഭവങ്ങൾ, ഓരോ സ്ഥലങ്ങൾ, ഓരോ സാഹചര്യങ്ങൾ. ഈ ഒറ്റ ഷോട്ട് എപ്പിസോഡുകളിൽ (Oners) നമ്മൾ മുഴുകി പോകുന്നത് കേവലം സിനിമാറ്റിക് ടെക്നിക്കുകൾ കാരണമല്ല. സംഭാഷണങ്ങളിലൂടെയും അഭിനയത്തിലൂടെയുമാണ് സീരീസിന്റെ നിർമാതാക്കൾ കാണികളെ സ്ക്രീനിൽ തളച്ചിടുന്നത്. അതിൽ എടുത്തു പറയേണ്ടത് ജെയ്മിയെ അവതരിപ്പിച്ച ഓവൻ കൂപ്പറിന്റെ പ്രകടനമാണ്. ശരീരം, ശബ്ദം, മനസ്, എന്നിങ്ങനെ മൂന്നും സമന്വയിപ്പിച്ചായിരുന്നു കൂപ്പറിന്റെ അഭിനയം. മൂന്നാം എപ്പിസോഡിന്റെ ഒരു ഘട്ടത്തിൽ തൊണ്ട വരണ്ട് ശബ്ദം പോകുന്നത് കൂപ്പറിനല്ല ജെയ്മിക്കാണ്. അതുപൊലെതന്നെ എഡ്ഡിയെ അവതരിപ്പിച്ച തിരക്കഥാകൃത്തായ സ്റ്റീഫൻ ഗ്രഹാം. നാലാം എപ്പിസോഡിൽ നമ്മൾ കാണുന്നത് ക്രമേണ ഒരു മനുഷ്യന് സ്വത്വം തന്നെ നഷ്ടമാകുന്നതാണ്. 'പുരുഷൻ' എന്ന പുറംമൂടി അടർന്ന് അയാൾ ഒരു അച്ഛൻ മാത്രമാകുന്നു. അയാൾ കരയുന്നു. 'പുരുഷൻ കരയുന്നു' എന്ന വിപ്ലവത്തിന്റെ ഭാഗമായി കാണിക്കുന്ന വ്യാജ നിർമിതിയല്ല ഈ കരച്ചിൽ. അതിൽ സ്വാഭാവികതയുണ്ട്. അയാൾ കരയുകയാണ്. അയാളിലൂടെ പ്രേക്ഷകനും.
ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോൾ, ഒരു കുട്ടി കുറ്റവാളിയാകുമ്പോൾ ഏതെങ്കിലും ഒരാൾക്ക് നേരെ വിരൽചൂണ്ടി മാറി നിൽക്കാം. ഇതായിരിക്കും എതൊരാളും സുരക്ഷിത നിലപാടായി കാണുക. എന്നാൽ രോഷം കാണിക്കണമെന്ന് തീരുമാനിച്ചാലോ? അന്തിചർച്ചകളുടെ ആമുഖത്തിൽ ചില മാധ്യമപ്രവർത്തകർ നടത്തുന്ന മുദ്രാവാക്യം വിളികളിൽ ആവേശം മൂത്ത് ഈ കുട്ടികളെ ഇല്ലാതാക്കാം എന്ന് രക്തം തിളപ്പിക്കാം. പിന്നീട് ചോര ആറി കഴിയുമ്പോൾ കിടന്നുറങ്ങാം. എന്നാൽ അപ്പുറത്തെ മുറിയിൽ ഉറങ്ങികിടക്കുന്ന മകൻ അല്ലെങ്കിൽ മകളിൽ വയലൻസില്ലെന്ന് നിങ്ങൾക്ക് ഉറപ്പിക്കാൻ സാധിക്കുമോ? അവരെ അകം പുറം അറിയാം എന്ന് ഉറപ്പിക്കാമോ? അവരുടെ സ്വപ്നത്തിൽ അവർ ഭയക്കുകയും, സഹപാഠിയെ ആഞ്ഞാഞ്ഞ് കുത്തുകയോ ചെയ്യുന്നില്ലെന്ന് പറയാൻ സാധിക്കുമോ?
Also Read: അരവിന്ദന്‍ ഒരുക്കിയ വലിയ മനുഷ്യരുടെ തമ്പ്
താമരശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിനെ സഹപാഠികൾ കൊലപ്പെടുത്തിയ ദിവസം, കൂട്ടുകാർ ചേർന്ന് ഒൻപതാം ക്ലാസുകാരൻ മിഹിറിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്ന് അറിഞ്ഞ രാത്രി, 'ഇക്കാലത്തെ കുട്ടികളെ' ഓർത്ത് വ്യാകുലപ്പെട്ടവരാണ് നമ്മളെല്ലാം എന്ന് മറക്കരുത്. മറ്റ് കുട്ടികൾ. അതിൽ നമ്മുടെ കുട്ടികളില്ല. ആ ഇല്ലായ്മയിലേക്കാണ് അഡോളസെൻസ് ഇറങ്ങിച്ചെല്ലുന്നത്.