എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് തിരിച്ചുപറത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഇൻഡിഗോ വിമാനങ്ങൾക്ക് നേരെയും ഭീഷണി ഉയർന്നത്
പ്രതീകാത്മക ചിത്രം
എയർ ഇന്ത്യയ്ക്ക് പിന്നാലെ രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് നേരെയും ബോംബ് ഭീഷണി. എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് തിരിച്ചുപറത്തി മണിക്കൂറുകൾക്ക് ശേഷമാണ് ഇൻഡിഗോ വിമാനങ്ങൾക്ക് നേരെയും ഭീഷണി ഉയർന്നത്. മുംബൈ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ രണ്ട് വ്യത്യസ്ത നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചതെന്ന് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച രാവിലെ ലഭിച്ച ഭീഷണിയെ തുടർന്ന് സുരക്ഷാ നടപടികളുടെ ഭാഗമായി വിമാനങ്ങൾ ഐസൊലേഷൻ ബേയിലേക്ക് മാറ്റിയിരിക്കുകയാണ്. മുംബൈയിൽ നിന്ന് മസ്കറ്റിലേക്കുള്ള ഇൻഡിഗോ 6E 1275 വിമാനത്തിലും മുംബൈയിൽ നിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്തുന്ന 6E 56 വിമാനത്തിലും ബോംബ് ഭീഷണിയുണ്ടെന്നായിരുന്നു സന്ദേശം. ഭീഷണി ലഭിച്ചതിന് പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാ ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകുകയും, ഉടൻ തന്നെ വിമാനം തുടർനടപടികൾക്കായി ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തു.
ALSO READ: എയർ ഇന്ത്യാ വിമാനത്തിൽ ബോംബ് ഭീഷണി; ഫ്ലൈറ്റ് ഡൽഹിയിലേക്ക് തിരിച്ചുവിട്ടു
"സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച്, വിമാനം ഐസൊലേറ്റഡ് ബേയിലേക്ക് കൊണ്ടുപോയി, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടുള്ള സുരക്ഷാ പരിശോധനകൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർക്ക് വേണ്ട സഹായങ്ങളും ലഘുഭക്ഷണവും നൽകി. ഇവർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു," ഇൻഡിഗോ എയർലൈൻസ് വക്താവ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 119 വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴിയായിരുന്നു ഭീഷണി സന്ദേശം. ഇന്ന് പുലർച്ചെയോടെയാണ് വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയത്. നിലവിൽ വിമാനം ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ സ്റ്റാൻഡേർഡ് സേഫ്റ്റി പ്രോട്ടോക്കോൾ പരിശോധനയിലാണെന്ന് എയർപോർട്ട് പൊലീസ് അറിയിച്ചു.
ALSO READ: ജമ്മു താഴ്വരയിൽ ഇനി ജനാധിപത്യത്തിൻ്റെ നാളുകൾ; 6 വർഷത്തെ രാഷ്ട്രപതി ഭരണം അവസാനിച്ചു
കഴിഞ്ഞ മാസം മുംബൈയിൽ നിന്നുള്ള മറ്റൊരു എയർ ഇന്ത്യ വിമാനത്തിന് നേരെയും ബോംബ് ഭീഷണിയുണ്ടായിരുന്നു. തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് അനുസരിച്ച് വിമാനത്തിൻ്റെ ശുചിമുറിയിൽ നിന്ന് ടിഷ്യൂ പേപ്പറിൽ വിമാനത്തിൽ ബോംബ് ഉണ്ടെന്ന സന്ദേശം കണ്ടെത്തുകയായിരുന്നു.