സ്റ്റേഡിയത്തിൻ്റെ നാലാം നമ്പർ ഗേറ്റിലൂടെ ഭാര്യയോടും മകനോടും മറ്റ് കൂടുംബാംഗങ്ങളോടും ഒപ്പം അകത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫോൺ മോഷണം പോയത്
ഐപിഎൽ മത്സരത്തിനിടെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിൻ്റെ ഐഫോൺ മോഷണം പോയി. സൗത്ത് മുംബൈ കോടതിയിലെ ചീഫ് മജിസ്ട്രേറ്റിൻ്റെ ഐഫോൺ മത്സരം കാണാനെത്തിയപ്പോഴാണ് നഷ്ടപ്പെട്ടത്.
വ്യാഴാഴ്ച വൈകീട്ട് വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനെത്തിയതായിരുന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്. സ്റ്റേഡിയത്തിൻ്റെ നാലാം നമ്പർ ഗേറ്റിലൂടെ ഭാര്യയോടും മകനോടും മറ്റ് കൂടുംബാംഗങ്ങളോടും ഒപ്പം അകത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഫോൺ മോഷണം പോയത്. ആൾക്കൂട്ടത്തിനിടയിൽ ആരോ അദ്ദേഹത്തിന്റെ ഐഫോൺ 14 മോഷ്ടിച്ചതായി പൊലീസ് പറയുന്നു.
തന്റെ ഫോൺ നഷ്ടപ്പെട്ടതായി മജിസ്ട്രേറ്റിന് മനസിലായതോടെ അദ്ദേഹം ഓൺലൈൻ പരാതി നൽകി. തുടർന്ന് മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിൽ ഒരു മോഷണ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.