ബെയ്റൂട്ടിലെ ദക്ഷിണ പ്രവിശ്യയിലുള്ള ദാഹിയെയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടക്കുന്ന സമയത്ത് ഖാനി ആ പ്രദേശത്തുണ്ടായിരുന്നു
ഇറാന്‍റെ ഖുദ്‌സ് സേനാ കമാൻഡർ ഇസ്മയിൽ ഖാനിയെ ലബനനിൽ കാണാതായതായി റിപ്പോർട്ട്. ഹിസ്ബുള്ള തലവന്‍ ഹസൻ നസ്റള്ള കൊല്ലപ്പെട്ടത് അറിഞ്ഞ് ലബനനിലേക്ക് പോയ ഖാനിയെപ്പറ്റി പിന്നീട് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ഇറാൻ സൈന്യത്തിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ അറയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇറാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത് പ്രകാരം, ബെയ്റൂട്ടിലെ ദക്ഷിണ പ്രവിശ്യയിലുള്ള ദാഹിയെയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടക്കുന്ന സമയത്ത് ഖാനി ആ പ്രദേശത്തുണ്ടായിരുന്നു. നസ്റളളയുടെ പിന്‍ഗാമിയായി കരുതുന്ന ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീനെ ലക്ഷ്യം വെച്ച് നടന്ന ആക്രമണമായിരുന്നവത്. എന്നാല്‍ സഫീദ്ദീനുമായി ഖാനി കൂടിക്കാഴ്ച നടത്തിയില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആക്രമണത്തിനു ശേഷം സഫീദ്ദീനുമായുളള ആശയവിനിമയവും ഹിസ്ബുള്ളക്ക് നഷ്ടമായിരുന്നു. സഫീദ്ദീനായുള്ള തെരച്ചിലിന് ഇസ്രയേല്‍ സമ്മതിക്കുന്നില്ലെന്ന് ഹിസ്ബുള്ളയും ആരോപിച്ചു. തെരച്ചില്‍ പൂർത്തിയാകാതെ സഫീദ്ദീന്‍ മരിച്ചുവെന്ന് സ്ഥിരീകരിക്കില്ലെന്നും ഹിസ്ബുള്ള അറിയിച്ചു.
Also Read: 'ഇരകളും അതിജീവിതരും'; ഒക്ടോബർ 7 ഹമാസ് ആക്രമണത്തിനും ഗാസയിലെ ഇസ്രയേല്‍ നരമേധത്തിനും ഇന്ന് ഒരാണ്ട്
2020ല്‍ ബാഗ്ദാദില്‍ വെച്ചു നടന്ന യുഎസിന്‍റെ ഡ്രോണാക്രമണത്തില്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനു ശേഷമാണ് ഖാനി ഇറാന്‍റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് സൈനിക ഇന്‍റലിജന്‍സ് വിഭാഗം, ഖുദ്‌സ് സേനയുടെ തലവനായി സ്ഥാനമേറ്റത്. ഇറാനിയൻ റെവല്യൂഷണറി ഗാർഡ്‌സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫോറൗഷാനും സെപ്തംബർ 27ന് നസ്റള്ളയ്‌ക്കൊപ്പം കൊല്ലപ്പെട്ടിരുന്നു.