അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ പരുക്കേറ്റവരുടെ കൂട്ടത്തില്‍ നിരവധി കുട്ടികളേയും കാണാം
മധ്യ ഗാസയിലെ അൽ-അഖ്‌സ ആശുപത്രിക്ക് സമീപം ഇസ്രയേൽ വ്യോമാക്രമണം. ആശുപത്രിയോട് അടുത്ത് കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീനികൾ താമസിച്ചിരുന്ന ടെന്‍റുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. നിരവധി ടെൻ്റുകൾക്ക് തീപിടിച്ചു. കുറഞ്ഞത് നാലു പേർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തില്‍ ഒട്ടേറെ പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
സ്‌ഫോടനശബ്ദം കേട്ട് ചിതറിയോടുന്നവരേയും ടെന്‍റുകളിലെ തീ അണയ്ക്കാൻ തീവ്രശ്രമം നടത്തുന്നവരേയും ദേർ അൽ-ബലഹ്‌യിൽ നിന്നുള്ള ദൃശ്യങ്ങളില്‍ കാണാം. റിപ്പോർട്ടുകൾ പ്രകാരം, ബോംബാക്രമണത്തിൽ പരുക്കേറ്റ നിരവധി ആളുകള്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കുമ്പോഴാണ് ആക്രമണം നടന്നത്.
ഹമാസ് ഒളിസങ്കേതങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണ് നടന്നതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. എന്നാല്‍ ഇത്തരം ഒളിസങ്കേതങ്ങള്‍ കണ്ടെത്തിയതിനെ സംബന്ധിക്കുന്ന തെളിവുകളൊന്നും തന്നെ സൈന്യം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആളുകള്‍ നിറഞ്ഞ ക്യാമ്പുകള്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള ആക്രമണം ഇസ്രയേല്‍ തുടരുകയാണ്. ഹമാസ് ഇത്തരം സ്ഥലങ്ങള്‍ മറയാക്കിയാണ് പ്രവർത്തിക്കുന്നതെന്നാണ് ഇസ്രയേലിന്‍റെ വാദം.
Also Read: ലബനനിൽ ഇസ്രയേൽ ആക്രമണം: സ്ഫോടനങ്ങളുടെ പരിണിതഫലം ഗർഭിണികളിലും, അകാലജനനം വർധിക്കുന്നുവെന്ന് റിപ്പോർട്ട്
അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ പരുക്കേറ്റവരുടെ കൂട്ടത്തില്‍ നിരവധി കുട്ടികളേയും കാണാം. ആശുപത്രി റെക്കോർഡ് പ്രകാരം ആക്രമണത്തില്‍ 4 പേർ കൊല്ലപ്പെട്ടതിനു പുറമേ 40ഓളം പേർക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
2023 ഒക്ടോബർ 7 മുതൽ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ സൈനിക ആക്രമണത്തിൽ 42,289 പലസ്തീനികൾ കൊല്ലപ്പെടുകയും 98,684 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.