പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ മാത്രമേ അത് രാഷ്ട്രീയ പ്രമേയമാവുകയുള്ളു എന്നും എ.കെ. ബാലന്‍ പറഞ്ഞു.
മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരല്ലെന്ന സിപിഎം രാഷ്ട്രീയ പ്രമേയത്തില്‍ വിശദീകരണവുമായി കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍. കേന്ദ്രത്തിലേത് ഫാസിസ്റ്റ് സര്‍ക്കാരല്ല, ഫാസിസ്റ്റ് പ്രവണതയുള്ള സര്‍ക്കാരാണെന്നാണ് സിപിഎം കരട് പ്രമേയം. ഇത് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പറഞ്ഞ കാര്യമാണ്.
പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ മാത്രമേ അത് രാഷ്ട്രീയ പ്രമേയമാവുകയുള്ളു എന്നും എ.കെ. ബാലന്‍ പറഞ്ഞു. ഇപ്പോഴത്തേത് അനാവശ്യ വിവാദമാണ്. ശശി തരൂര്‍ വിവാദത്തെ തമസ്‌കരിക്കാനാണ് ഈ വിവാദം ചര്‍ച്ചയാക്കുന്നത്. സിപിഎം രാഷ്ട്രീയ പ്രമേയത്തില്‍ ആര്‍ക്കും ഭേദഗതി നിര്‍ദേശിക്കാം. അത് എതിര്‍പ്പുള്ള സിപിഐക്കും ഭേദഗതി നിര്‍ദേശിക്കാമെന്നും എ.കെ. ബാലന്‍ പറഞ്ഞു.
ശശി തരൂരിന്റെ കാര്യത്തില്‍ സിപിഎമ്മിന് ഒരു വ്യാമോഹവുമില്ല. തരൂര്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായാലും സിപിഎമ്മിന് പ്രശ്‌നമില്ല.
കോണ്‍ഗ്രസ് ഇപ്പോള്‍ കൂടോത്ര കോണ്‍ഗ്രസ് ആണ്. കെപിസിസി പ്രസിഡന്റ് അടക്കം ഇതൊക്കെ വിശ്വസിക്കുന്നവരാണ്. മുസ്ലീം ലീഗിന് ഇനി ഭരണമില്ലാതെ പിടിച്ച് നില്‍ക്കാനാകില്ല. ലീഗാണ് കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ പരിഹരിക്കാന് ഹൈക്കമാന്‍ഡിനെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മോദി സര്‍ക്കാര്‍ ഒരു ഫാസിസ്റ്റ് അല്ലെങ്കില്‍ നവ ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് പറയുന്നില്ല. അതുപോലെ ഇന്ത്യ ഒരു നവ ഫാസിസ്റ്റ് രാജ്യമാണെന്നും പറയുന്നില്ല. പകരം നവ ഫാസിസ്റ്റ് സ്വഭാവമുള്ള സര്‍ക്കാരാണ് ഇന്ത്യയിലെ ബിജെപി ആര്‍എസ്എസ് സര്‍ക്കാര്‍ എന്നാണ് പ്രമേയത്തില്‍ പറയുന്നത്. 'സ്വഭാവം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സ്വഭാവം, ട്രെന്‍ഡ് എന്നിങ്ങനെയാണ്. നവ ഫാസിസ്റ്റ് സര്‍ക്കാര്‍ എന്ന തരത്തിലേക്ക് സര്‍ക്കാര്‍ മാറിയിട്ടില്ലെന്നുമാണ് പ്രമേയത്തില്‍ പറയുന്നത്.