ആദിവാസികൾ അല്ലാത്തവർ വനത്തിൽ എത്തുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ എ.കെ. ശശീന്ദ്രൻ, അവർ എന്തിനാണ് വനത്തിൽ എത്തുന്നതെന്ന് പരിശോധിക്കണമെന്നും പറഞ്ഞു
വന്യജീവി ആക്രമണത്തിൽ സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ഉച്ചയ്ക്ക് ചേരുന്ന ഉന്നതതലയോഗം വിഷയത്തിൽ അടിയന്തര നടപടികൾ ആലോചിക്കും. വനത്തിനുള്ളിലും പുറത്തും വനം വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.
ആദിവാസികൾ അല്ലാത്തവർ വനത്തിൽ എത്തുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ എ.കെ. ശശീന്ദ്രൻ, അവർ എന്തിനാണ് വനത്തിൽ എത്തുന്നതെന്ന് പരിശോധിക്കണമെന്നും പറഞ്ഞു. കഴിഞ്ഞദിവസം നടന്ന വന്യജീവി ആക്രമണങ്ങൾ എവിടെയാണെന്ന് പരിശോധിക്കണം. എന്നാൽ മരണമുണ്ടായാൽ സാങ്കേതികത്വം നോക്കില്ലെന്നും വനം മന്ത്രി വ്യക്തമാക്കി.
വന്യജീവി ആക്രമണമുണ്ടായാൽ സർക്കാർ വേണ്ടതെല്ലാം ചെയ്യും. ഉച്ചയ്ക്ക് ചേരുന്ന ഉന്നതതലയോഗം അടിയന്തര നടപടികൾ ആലോചിക്കും. ആക്രമണമുണ്ടായാൽ സാങ്കേതിക വിഷയങ്ങൾ നോക്കാതെ എല്ലാവർക്കും ആവശ്യമായ സഹായം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കേരളത്തിൽ വിവിധ ജില്ലകളിലായി കാട്ടാനക്കലിയില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് മൂന്ന് പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തിരുവനന്തപുരം, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് കാട്ടാനയാക്രമണം ഉണ്ടായത്. തിരുവനന്തപുരം മടത്തറ വലിയ പുതുക്കോട് സ്വദേശി ബാബു, നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു, ഇടുക്കി പെരുവന്താനം കൊമ്പന്‍പാറയില്‍ ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ സോഫിയ ഇസ്മായില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
അതേസമയം കാട്ടാന ആക്രമണത്തിൽ ഗോത്ര യുവാവ് മാനു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് ഹർത്താൽ. ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ കോൺഗ്രസും ചേർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ ആഹ്വാനം ചെയ്തത്.
ബസ് സർവീസ് നിർത്തിവെച്ച് കൊണ്ട് ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെങ്കിലും, ബസ് നിർത്തിവെച്ച് കൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രൻജിത്ത് രാം മുരളീധരൻ വ്യക്തമാക്കി.