സായിഗ്രാം ആനന്ദകുമാറിനെ ഉടൻ അറസ്റ്റ് ചെയ്യേണ്ട എന്നും തീരുമാനമായിട്ടുണ്ട്. ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കും വരെ അറസ്റ്റ് വേണ്ടെന്നാണ് നിലപാട്
പകുതി വില തട്ടിപ്പിൽ പൊതു പ്രവർത്തകർക്ക് സംഭാവനയായി നൽകിയ പണം പോയ വഴിയെ കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് ക്രൈം ബ്രാഞ്ചിന് നിർദേശം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് നിർദേശം നൽകിയത്. സായിഗ്രാം ആനന്ദകുമാറിനെ ഉടൻ അറസ്റ്റ് ചെയ്യേണ്ട എന്നും തീരുമാനമായിട്ടുണ്ട്. ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കും വരെ അറസ്റ്റ് വേണ്ടെന്നാണ് നിലപാട്.
അതേസമയം, പകുതി വില തട്ടിപ്പ് കേസിൽ ഇഡി കേസ് രജിസ്റ്റർ ചെയ്തു. ഇഡി കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രധാനമന്ത്രിയുടെ ചിത്രം അടക്കം ദുരുപയോഗം ചെയ്തെന്ന ഐബി റിപ്പോർട്ടിന് പിന്നാലെയാണ് നടപടിയെടുത്തിരിക്കുന്നത്. കൂടുതൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുന്നതുവരെ കാക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചാണ് ഇഡി നീക്കം.
പകുതി വില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണന് കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചരുന്നു. മൂവാറ്റുപുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അനന്തു കൃഷ്ണൻ്റേതെന്ന് അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. എന്നാൽ പ്രതിക്ക് ജാമ്യം കിട്ടിയാൽ അത് അന്വേഷണത്തെ ബാധിക്കുമെന്ന് പറഞ്ഞ കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
കേരളത്തിലുടനീളം എല്ലാ ജില്ലകളിലും നിരവധി കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനിടയില്‍, മൊഴി വിവരങ്ങള്‍ പുറത്തു വന്നതോടെ മൊഴികള്‍ തിരുത്തണമെന്ന് പ്രതി പൊലീസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഇരുന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന കാര്യം പ്രതി അറിയുന്നത്. ഇതോടെയാണ് ചില രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മാറ്റണമെന്ന് പ്രതി പൊലീസിനോട് ആവശ്യപ്പെട്ടത്. പുറത്തിറങ്ങിയാല്‍ ജീവന്‍ നഷ്ടപ്പെടുമെന്നും പ്രതി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്.