ലബോറട്ടറി പരിശോധനകൾ തീരുന്ന മുറയ്ക്ക് യോഗ്യതാ സർട്ടിഫിക്കറ്റ് നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി
കൊമ്പൻ തൃക്കടവൂർ ശിവരാജുവിനെ തിരുവനന്തപുരത്ത് എഴുന്നള്ളത്തിന് കൊണ്ടു പോകണമെന്ന ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് തിരിച്ചടി. കൊമ്പൻ ശിവരാജുവിന് വിശ്രമം വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്. വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനയിൽ ആനയ്ക്ക് നിർജലീകരണമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ആനയുടെ വിരൽ നഖത്തിലും പാദങ്ങളിലും പൊട്ടലുകൾ ഉണ്ടെന്നും സംഘം പറഞ്ഞു. ലബോറട്ടറി പരിശോധനകൾ തീരുന്ന മുറയ്ക്ക് യോഗ്യതാ സർട്ടിഫിക്കറ്റ് നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. ആനയ്ക്ക് അനാരോഗ്യമായിട്ടും വിശ്രമം നല്‍കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വിദഗ്ധസംഘം ശിവരാജുവിനെ പരിശോധിച്ചത്.
ALSO READ: ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം; ചെത്തു തൊഴിലാളിക്ക് പരിക്കേറ്റത് വാരിയെല്ലിന്
ഏക്കത്തുകയില്‍ വര്‍ധന ഉണ്ടായതോടെ വിശ്രമം നല്‍കാതെ എല്ലായിടത്തും കൊണ്ടുപോയതോടെ ആനയുടെ ആരോഗ്യസ്ഥിതി മോശമായി തുടങ്ങി. തണ്ണിമത്തനും മറ്റും അമിതമായി കഴിച്ചതു മൂലം തുടര്‍ച്ചയായി ഒരാഴ്ചയോളം ദഹനക്കേടും ഉണ്ടായി എന്നും നാട്ടുകാർ ആരോപിച്ചിരുന്നു. പിന്നീട് പരിശോധിച്ച സ്വകാര്യ ഡോക്ടര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്ന് പാറശ്ശാലയിലെ എഴുന്നള്ളത്തിനു കൊണ്ടുപോകുന്നതും നാട്ടുകാർ തടഞ്ഞിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് മന്ത്രി ഇടപെട്ട് മൃഗസംരക്ഷണ വകുപ്പിലെ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ആനയെ പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചത്.
2023ൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ആനകളിൽ ഏറ്റവും തലയെടുപ്പുള്ള, ലക്ഷണമൊത്ത ആനയായി തിരഞ്ഞെടുക്കപ്പെട്ട ആനയാണ് ശിവരാജു. കൊല്ലം ജില്ലയിലെ തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിലെ ആനയാണിത്. ദേവസ്വം ബോർഡ് ശിവരാജുവിന് ഗജരാജരത്ന പട്ടം നൽകി ആദരിക്കുകയും ചെയ്തിരുന്നു.