കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവിടുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരം റദ്ദാക്കാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. ഈ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും പ്രസിഡൻ്റ് അറിയിച്ചു.
നാട്ടിലിറങ്ങുന്ന എല്ലാ വന്യ ജീവികളെയും വെടിവെച്ചു കൊല്ലാനുള്ള നിലപാട് മയപ്പെടുത്തി കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം റദ്ദാക്കാൻ വനം വകുപ്പ് ശുപാർശ ചെയ്തതിനു പിന്നാലെയാണ് നിലപാട് മാറ്റം. വനം വകുപ്പ് നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
വെടിവെച്ച് കൊല്ലുന്നതിന് എതിരെയുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ വിയോജന കുറിപ്പ് സർക്കാരിലേക്ക് അയക്കും. സർക്കാർ നിലപാട് അറിഞ്ഞ ശേഷം മാത്രമായിരിക്കും തുടർ നടപടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അറിയിച്ചു. കാട്ടുപന്നികളെ കൊല്ലാൻ ഉത്തരവിടുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ അധികാരം റദ്ദാക്കാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. ഈ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും പ്രസിഡൻ്റ് അറിയിച്ചു.
പ്രതിഷേധസൂചകമായി ഈ മാസം24 ന് പെരുവണ്ണാമുഴി ഫോറസ്റ്റ് ഓഫീസ് പഞ്ചായത്ത് ഭരണ സമിതി ഉപരോധിക്കും. 19,20,21 തീയതികളിൽ പ്രത്യേക ഗ്രാമസഭ ചേരുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
ജനവാസ മേഖലയിൽ ഇറങ്ങുന്ന എല്ലാ വന്യ ജീവികളെയും വെടിവെച്ചു കൊല്ലാനായിരുന്നു നേരത്തെ ഭരണ സമിതി യോഗത്തിൽ തീരുമാനമായത്. വൈകാരികമായ തീരുമാനം അല്ലെന്നും നിയമ വിരുദ്ധ തീരുമാനമെന്ന് അറിയാമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ പറഞ്ഞിരുന്നു. രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ ഒന്നിച്ചെടുത്ത തീരുമാനമാണ്. മേഖലയിൽ വന്യമൃഗ ശല്യം അതി രൂക്ഷമാണെന്നും ചക്കിട്ടപാറ കെ. സുനിൽ ചൂണ്ടിക്കാട്ടി.