ഇന്ന് രാത്രി 7.30ന് റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം നടക്കുന്നത്
ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിലെ സെമി ഫൈനലിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം. പോയിൻ്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരായ സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യ മാസ്റ്റേഴ്സ് മൂന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയ മാസ്റ്റേഴ്സിനെ നേരിടും. ഇന്ന് രാത്രി 7.30ന് റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം നടക്കുന്നത്. മത്സരം ഇന്ത്യയിൽ കളേഴ്‌സ് സിനിപ്ലെക്‌സ് ചാനലിലും ജിയോ ഹോട്ട്സ്റ്റാർ ആപ്പിലും തത്സമയം കാണാം.
അഞ്ച് ലീഗ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായാണ് ഇന്ത്യ പോയിൻ്റ് പട്ടികയിൽ രണ്ടാമതെത്തിയത്. ബുധനാഴ്ച നടന്ന ടൂർണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസീസ് മൂന്നാം സ്ഥാനക്കാരായി സെമി ഫൈനലിൽ ഇന്ത്യക്കെതിരെ കളിക്കാൻ യോഗ്യത നേടിയത്. ഇംഗ്ലണ്ട് മാസ്റ്റേഴ്‌സിന്റെ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ മാസ്റ്റേഴ്‌സ് 19.1 ഓവറിൽ ലക്ഷ്യം കണ്ടു. നഥാൻ റിയർഡൺ 39 പന്തിൽ നിന്ന് 83 റൺസുമായി വെറ്ററൻ കംഗാരുപ്പടയെ വിജയത്തിലെത്തിച്ചു.
വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്‌സിനെ ഏഴ് റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ മാസ്റ്റേഴ്‌സ് സെമി ഫൈനൽ ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മാസ്റ്റേഴ്‌സ് 253 റൺസാണ് പടുത്തുയർത്തിയത്. സ്റ്റുവർട്ട് ബിന്നിയുടെ മൂന്ന് വിക്കറ്റ് പ്രകടനവും ഇർഫാൻ പത്താൻ്റെ മികവുറ്റ ലാസ്റ്റ് ഓവർ പ്രകടനവും വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്‌സിൻ്റെ സ്കോർ 246 റൺസിൽ ഒതുക്കി.
എട്ട് പോയിൻ്റാണ് നേടിയതെങ്കിലും ഇന്ത്യയേക്കാൾ മികച്ച നെറ്റ് റൺറേറ്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ കുമാർ സംഗക്കാരയുടെ ശ്രീലങ്ക മാസ്റ്റേഴ്‌സ്, വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമി ഫൈനലിൽ വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്‌സുമായി ഏറ്റുമുട്ടും. ഞായറാഴ്ച റായ്പൂരിൽ നടക്കുന്ന കിരീട പോരാട്ടത്തിൽ സ്ഥാനം പിടിക്കാൻ വാശിയേറിയ പോരാട്ടമാണ് ടൂർണമെൻ്റിൽ നടക്കുന്നത്.
ഇന്ത്യ മാസ്റ്റേഴ്സ് സ്ക്വാഡ്:
അമ്പാട്ടി റായിഡു (വിക്കറ്റ് കീപ്പർ), ഗുർകീരത് സിംഗ് മാൻ, സൗരഭ് തിവാരി, യുവരാജ് സിങ്, യൂസഫ് പത്താൻ, ഇർഫാൻ പത്താൻ, സ്റ്റുവർട്ട് ബിന്നി, പവൻ നേഗി, രാഹുൽ ശർമ, ധവാൽ കുൽക്കർണി, അഭിമന്യു മിഥുൻ, സച്ചിൻ ടെണ്ടുൽക്കർ (ക്യാപ്ടൻ), നമൻ ഓജ, സുരേഷ് റെയ്‌ന, വിനയ് കുമാർ, ഷഹബാസ് നദീം.
ഓസ്‌ട്രേലിയ മാസ്റ്റേഴ്സ് സ്ക്വാഡ്:
ഷെയ്ൻ വാട്‌സൺ (ക്യാപ്ടൻ), ഷോൺ മാർഷ്, നഥാൻ റിയർഡൺ, ബെൻ കട്ടിങ്, പീറ്റർ നെവിൽ (വിക്കറ്റ് കീപ്പർ), ഡാനിയേൽ ക്രിസ്റ്റ്യൻ, ബെൻ ലാഫ്‌ലിൻ, ബ്രൈസ് മക്‌ഗെയിൻ, ബെൻ ഹിൽഫെൻഹൗസ്, ജെയിംസ് പാറ്റിൻസൺ, സ്റ്റീവ് ഒകീഫ്, കല്ലം ഫെർഗൂസൺ, ബെൻ ഡങ്ക്, നഥാൻ കോൾട്ടർ നൈൽ, സേവ്യർ ഡോഹെർട്ടി, ജേസൺ ക്രെജ്‌സ.