കഴിഞ്ഞ ഓഗസ്റ്റിലാണ് യുക്രെയ്ന്‍ സൈന്യം റഷ്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറി അതിര്‍ത്തി പ്രദേശമായ കുര്‍സ്ക് കൈയ്യടക്കിയത്
യുക്രെയ്ന്‍ മിന്നലാക്രമണത്തിലൂടെ പിടിച്ചെടുത്ത പശ്ചിമ റഷ്യയിലെ കുര്‍സ്ക് മേഖല തിരിച്ചുപിടിക്കാന്‍ റഷ്യ. കുര്‍സ്കിലെ സുദ്സ നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍നിന്ന് യുക്രെയ്ന്‍ സൈന്യത്തെ തുരത്താനുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, സുദ്സ മേഖലയില്‍ പോരാട്ടം തുടരുന്നതായി സ്ഥിരീകരിച്ചിട്ടുള്ള യുക്രെയ്ന്‍ സേന റഷ്യന്‍ സേനയുടെ അവകാശവാദത്തോട് പ്രതികരിച്ചിട്ടില്ല. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വെടിനിര്‍ത്തല്‍ കരാറിന് യുഎസും, യുക്രെയ്നും ധാരണയായതിനു പിന്നാലെയാണ്, റഷ്യ കുര്‍സ്കിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് യുക്രെയ്ന്‍ സൈന്യം റഷ്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറി അതിര്‍ത്തി പ്രദേശമായ കുര്‍സ്ക് കൈയ്യടക്കിയത്. സുദ്സ ഉള്‍പ്പെടെ ആയിരത്തോളം ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് യുക്രെയ്ന്‍ സൈന്യം നിയന്ത്രണത്തിലാക്കിയത്. പ്രദേശത്തുണ്ടായിരുന്ന റഷ്യന്‍ സൈനികരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകളില്‍ സ്വാധീനം ചെലുത്തുന്നതിനായിരുന്നു യുക്രെയ്ന്റെ ഇത്തരമൊരു നീക്കം. പിന്നീട് ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളിലൂടെ റഷ്യ ചെറിയഭാഗം തിരിച്ചുപിടിച്ചിരുന്നു.
യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനുള്ള ചര്‍ച്ചകള്‍ യുഎസിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതിനിടെയാണ് കുര്‍സ്കില്‍ റഷ്യ സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിലേക്ക് പോകുന്ന ഗ്യാസ് പൈപ്പ് ലൈനിലൂടെ കിലോമീറ്ററുകളോളം നടന്നാണ് റഷ്യന്‍ സൈന്യം യുക്രെയ്ന്‍ സൈന്യത്തെ ആക്രമിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ ചിതറിപ്പോയെങ്കിലും യുക്രെയ്ന്‍ സൈന്യം തിരിച്ചടിക്കുകയായിരുന്നു. അതിനിടെയാണ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ കഴിഞ്ഞദിവസം മേഖലയിലെത്തിയത്. യുക്രെയ്ന്‍ സൈന്യം കുര്‍സ്ക് കൈയ്യടക്കിയതിനുശേഷം ആദ്യമായാണ് പുടിന്‍ പ്രദേശം സന്ദര്‍ശിക്കുന്നത്. സൈന്യം എല്ലാത്തരം യുദ്ധ ചുമതലകളും നിറവേറ്റുമെന്നും, കുര്‍സ്ക് മേഖല പൂര്‍ണമായും ശത്രുക്കളുടെ കൈയില്‍നിന്ന് സ്വതന്ത്രമാക്കപ്പെടുമെന്നും പുടിന്‍ പറഞ്ഞു. സൈനിക യൂണിഫോമില്‍ പുടിന്‍ കുര്‍സ്കിലെത്തിയ ദൃശ്യങ്ങള്‍ റഷ്യന്‍ മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ യുഎസ്, യുക്രെയ്ന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായിരുന്നു. കരാറില്‍ റഷ്യ ഒപ്പ് വയ്ക്കേണ്ടതുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രതിനിധി റഷ്യയിലേക്ക് പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് റഷ്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍. അതേസമയം, യുക്രെയ്നില്‍ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം തുടരുകയാണ്. രാജ്യത്തിന്റെ കിഴക്ക്, തെക്ക് മേഖലകളില്‍ യുക്രെയ്ന്‍ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ബുധനാഴ്ച മാത്രം എട്ടു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.