പ്രസവം കൈകാര്യം ചെയ്യുന്നതിൽ ആശുപത്രിക്ക് ഉണ്ടായ വീഴ്ച്ചയാണ് കുഞ്ഞിന്റെ കൈയുടെ സ്വാധീനം നഷ്ട്ടപ്പെടാൻ കാരണമെന്നാണ് കുടുംബത്തിൻ്റെ ആരോപണം
അസാധാരാണ വൈകല്യങ്ങുമായി കുട്ടി ജനിച്ചതിന് പിന്നാലെ ആലപ്പുഴയിലെ വനിതാ ശിശു ആശുപത്രിയിയ്ക്കെതിരെ വീണ്ടും പരാതി. ഒരു വർഷം മുൻപ് നവജാത ശിശുവിൻ്റെ വലത് കൈ തളർന്നത് പ്രസവം സംഭവിച്ചപ്പോഴുണ്ടായ പിഴവ് മൂലമാണെന്നാണ് കുടുംബത്തിൻ്റെ പരാതി. ആശുപത്രിയ്ക്കെതിരെ ഇന്ന് പരാതി നൽകുമെന്ന് കുട്ടിയുടെ പിതാവ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഒരു വർഷം മുൻപാണ് ആലപ്പുഴ ചിറപ്പറമ്പിൽ വിഷ്ണുവിനും അശ്വതിയ്ക്കും കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ ആൺകുഞ്ഞ് ജനിക്കുന്നത്. ഏഴ് മാസത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം സാമ്പത്തിക പ്രതിസന്ധിയുണ്ടായി. ഇതോടെയാണ് ഇവർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ കുഞ്ഞ് ജനിച്ചപ്പോൾ വലത്തെ കൈയുടെ സ്വാധീനം നഷ്ടപ്പെട്ടിരുന്നു.
പ്രസവം കൈകാര്യം ചെയ്യുന്നതിൽ ആശുപത്രിക്ക് ഉണ്ടായ വീഴ്ച്ചയാണ് കുഞ്ഞിന്റെ കൈയുടെ സ്വാധീനം നഷ്ട്ടപ്പെടാൻ കാരണമെന്നാണ് കുടുംബത്തിൻ്റെ ആരോപണം. മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ കൈ ശരിയാവും എന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും കുഞ്ഞിന്റെ കൈയുടെ തളർച്ച ഇനിയും ഭേദമായിട്ടില്ല. പ്രസവശേഷം കുഞ്ഞിൻ്റെ കാര്യങ്ങളൊന്നും ഡോക്ടർമാർ അന്വേഷിച്ചില്ലെന്ന് കുടുംബം പറയുന്നു.
കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞെങ്കിലും പിന്നീട് പുരോഗതി ഒന്നുമുണ്ടായില്ല. കഴിഞ്ഞ ഒരു വർഷത്തിലേറെയായി കുടുംബം അനുഭവിക്കുന്ന പ്രശ്നങ്ങളുടെ കാരണം ആശുപത്രിയുടെ ഈ അനാസ്ഥയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ന് വിഷ്ണു ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകും.
അതേസമയം നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം തന്നെ ജില്ലാതലത്തിലുള്ള അന്വേഷണം ആരംഭിച്ചിരുന്നു. സ്‌കാനിംഗ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തും. വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.