വിടുതല്‍ ഹര്‍ജിയുമായി പി. ജയരാജനും ടി.വി. രാജേഷും കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു.
മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ മെയ് 5 ന് തുടങ്ങും. എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ നടക്കുക. ആദ്യഘട്ടത്തിൽ കൊലപാതകം നേരിട്ട് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട 21 സാക്ഷികളെ വിസ്തരിക്കും. മറ്റ് സാക്ഷികളെ രണ്ടാം ഘട്ടത്തിൽ വിചാരണ ചെയ്യും. കേസിൽ സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ജയരാജനെയും മുൻ എം.എൽ.എ ടി.വി രാജേഷിനെയും കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യട്ട് ഹരജി നൽകിയെങ്കിലും കോടതി തള്ളിയിരുന്നു.
2012 ഫെബ്രുവരി 20 നാണ് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് എംഎസ്എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പട്ടുവം അരിയില്‍ സിപിഎം-മുസ്ലീം ലീഗ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പട്ടുവത്ത് എത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്‍, കല്ല്യാശ്ശേരി എം.എല്‍.എ ടി.വി.രാജേഷ് എന്നിവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടായതിനു പ്രതികാരമായിട്ടാണ് ഷുക്കൂര്‍ വധിക്കപ്പെട്ടതെന്നാണ് കേസ്. രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തുള്ള ക്രൂരമായ കൊലപാതകം എന്ന ആരോപണം എന്ന നിലയില്‍ ഈ കേസ് വലിയതോതില്‍ പൊതുജനശ്രദ്ധ നേടുകയുണ്ടായി.
ജയരാജനും രാജേഷും അടക്കം 33 പ്രതികളാണ് കേസിലുള്ളത്. ജയരാജന്‍ 32-ാം പ്രതിയും രാജേഷ് 33-ാം പ്രതിയുമാണ്.
കേസിന്റെ നാള്‍വഴി
2012 ഫെബ്രുവരി 20 - അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നു. കൂടെയുണ്ടായിരുന്ന സക്കരിയക്ക് ഗുരുതരമായി വെട്ടേറ്റു.
മാര്‍ച്ച് 22 - എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത്, തളിപ്പറമ്പ് നഗരസഭ മുന്‍ ചെയര്‍മാനും ഏരിയ കമ്മിറ്റി അംഗവുമായ വാടി രവിയുടെ മകന്‍ ബിജുമോന്‍ ഉള്‍പ്പെടെ 18 പേരുടെ ആദ്യ പ്രതിപ്പട്ടിക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.
മാര്‍ച്ച് 29 - വാടി രവിയുടെ മകന്‍ ബിജുമോന്‍ ഉള്‍പ്പെടെ സി.പി.എം പ്രവര്‍ത്തകരായ 8 പേര്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ കീഴടങ്ങി.
മെയ് 25 - കേസിലെ പത്താം പ്രതി അജിത് കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
മെയ് 26 - ഗൂഢാലോചനയില്‍ അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി. വേണുവിനെ അറസ്റ്റ് ചെയ്തു.
മെയ് 27 - ഡിവൈഎഫ്‌ഐ പാപ്പിനിശ്ശേരി ബ്ലോക്ക് സെക്രട്ടറി ഗണേശന്‍ മോറാഴ, മുതുവാനി യൂണിറ്റ് സെക്രട്ടറി അജേഷ് എന്നിവര്‍ അറസ്റ്റിലായി.
ജൂണ്‍ 2 - സിപിഎം കണ്ണപുരം ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെവി സജിത്തിന്റെ ബൈക്കിന്റെ ടൂള്‍ ബോക്‌സില്‍ നിന്ന് ഷുക്കൂറിനെ കൊല്ലാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി ലഭിക്കുന്നു.
ജൂണ്‍ 8 - സക്കരിയയെ വെട്ടിയ ആയുധം കീഴറക്കടുത്ത ചേര എന്ന സ്ഥലത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെടുത്തു.
ജൂണ്‍ 9 - പി.ജയരാജനും ടി.വി.രാജേഷിനും ചോദ്യം ചെയ്യലിനു ഹാജരാവാന്‍ നോട്ടീസ്.
ജൂണ്‍ 12 - ഗസ്റ്റ് ഹൗസില്‍ പി.ജയരാജനെ ചോദ്യം ചെയ്തു.
ജൂണ്‍ 14 - തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി.വാസുദേവന്‍, തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.മുരളീധരന്‍ എന്നിവരെ ചോദ്യം ചെയ്തു.
ജൂലൈ 5 - ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം മോറാഴ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ.വി. ബാബു അറസ്റ്റില്‍.
ജൂലൈ 9 - കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ പി.ജയരാജനെ വീണ്ടും ചോദ്യം ചെയ്തു.
ജൂലൈ 29 - ടി.വി.രാജേഷിനെ ചോദ്യം ചെയ്തു.
ആഗസ്റ്റ് 1 - പി. ജയരാജനെ അറസ്റ്റ് ചെയ്തു. അറസ്റ്റില്‍ പ്രതിഷേധിച്ചു വ്യാപക അക്രമങ്ങള്‍.
ആഗസ്റ്റ് 7 - പി. ജയരാജന്‍ നല്‍കിയ ജാമ്യാപേക്ഷയും ടി.വി. രാജേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. ടി.വി. രാജേഷ് എംഎല്‍എ കണ്ണൂര്‍ കോടതിയില്‍ കീഴടങ്ങി
ആഗസ്റ്റ് 27 - പി. ജയരാജന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം. 25,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും എന്ന ഉപാധിയിലായിരുന്നു ജാമ്യം.
ഒക്ടോബര്‍ 7 - ഇരുപതാം പ്രതി അച്ചാലി സരീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
2019 ഫെബ്രുവരി 11 - പി. ജയരാജനും ടി.വി രാജേഷിനുമെതിരെ കൊലക്കുറ്റം ചുമത്തി തലശേരി കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.
2019 ഫെബ്രുവരി 19 - പി ജയരാജനും ടി വി രാജേഷിനും എതിരായ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി മടക്കി.
ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വച്ചു നടന്നു എന്നാണ് സിബിഐ പറയുന്നത്. കല്ലേറിനെ തുടര്‍ന്ന് ജയരാജനെയും രാജേഷിനേയും ഈ ആശുപത്രിയിലാണു പ്രവേശിപ്പിച്ചിരുന്നത്.
2023 ജനുവരി- കേസില്‍ വിചാരണ കൂടാതെ വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പി.ജയരാജന്റേയും ടി.വി.രാജേഷിന്റേയും ഹര്‍ജി എറണാകുളം സിബിഐ സ്‌പെഷല്‍ കോടതി തള്ളി.