കേസിലെ രണ്ടും മൂന്നും പ്രതികളാണ് മാതാപിതാക്കള്‍. പീഡനവിവരം യഥാസമയം അറിയിച്ചില്ലെന്നാണ് ആരോപണം
വാളയാര്‍ കേസില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗ പ്രേരണാകുറ്റമാണ് മാതാപിതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ രണ്ടും മൂന്നും പ്രതികളാണ് മാതാപിതാക്കള്‍. പീഡനവിവരം യഥാസമയം അറിയിച്ചില്ലെന്നാണ് ആരോപണം.
വാളയാര്‍ കേസിലെ നാള്‍ വഴി
2017 ജനുവരി 13: വാളയാര്‍ അട്ടപ്പള്ളത്ത് 13 വയസ്സുകാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു.
2017 മാര്‍ച്ച് 4: മൂത്ത കുട്ടി മരിച്ച് ഒരു മാസം പിന്നിടുമ്പോള്‍ ഒമ്പത് വയസ്സുള്ള സഹോദരിയേയും സമാന സാഹചര്യത്തില്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലിയില്‍ കണ്ടെത്തി. മൂത്ത സഹോദരിയുടെ മരണത്തിലെ ഏക ദൃക്‌സാക്ഷിയായിരുന്നു ഒമ്പതു വയസുകാരി.
2017 മാര്‍ച്ച് 6: സംശയങ്ങള്‍ ഉയര്‍ന്നതോടെ, പൊലീസ് വീട്ടിലെത്തി തെളിവെടുത്തു. എ.എസ്.പി ആയിരുന്ന ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു.
2017 മാര്‍ച്ച് 7: കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായി തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍. അജിത് കുമാറും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും അറിയിച്ചു. പിന്നാലെ കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി.
2017 മാര്‍ച്ച് 7: അന്വേഷണച്ചുമതല ഉത്തരമേഖല ഡി.ജി.പി. രാജേഷ് ദിവാനിലേക്ക്. അന്വേഷണസംഘത്തെ പുനഃസംഘടിപ്പിച്ചു. പ്രാരംഭ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ വാളയാര്‍ എസ്.ഐ പി.സി. ചാക്കോയെ ഒഴിവാക്കി. പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതല അന്നത്തെ പാലക്കാട് നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.ജെ. സോജന് കൈമാറി.
Also Read: വാളയാർ കേസ്: മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ, കുറ്റപത്രം സമർപ്പിച്ചു
2017 മാര്‍ച്ച് 9: കുട്ടികളുടെ ബന്ധുവടക്കം രണ്ട് പേര്‍ അറസ്റ്റില്‍. പാമ്പാംപള്ളം കല്ലങ്കാട് വി. മധു, ഇടുക്കി രാജാക്കാട് നാലുതൈക്കല്‍ വീട്ടില്‍ ഷിബു എന്നിവരാണ് അറസ്റ്റിലായത്. വാളയാര്‍ എസ്.ഐ പി.സി. ചാക്കോയെ സസ്‌പെന്‍ഡ് ചെയ്തു. ആരോപണം നേരിടുന്ന ഡിവൈ.എസ്.പി വാസുദേവന്‍, സി.ഐ വിപിന്‍ദാസ് എന്നിവര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്.
2017 മാര്‍ച്ച് 10: കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ മകന്‍ അടക്കം രണ്ട് പേര്‍ കൂടി അറസ്റ്റില്‍. പാമ്പാംപള്ളം കല്ലങ്കാട് എം. മധു, ആലപ്പുഴ ചേര്‍ത്തല സ്വദേശി പ്രദീപ്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
2017 മാര്‍ച്ച് 13: പ്രതി ചേര്‍ക്കപ്പെട്ടവരെ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.
2017 മാര്‍ച്ച് 14: നാല് ദിവസത്തേക്ക് നാലു പേരെയും കസ്റ്റഡിയില്‍ വിട്ടു.
2017 മാര്‍ച്ച് 17: പെണ്‍കുട്ടികളുടെ ഏഴു വയസ്സുള്ള സഹോദരനെ പാലക്കാട് ശിശുക്ഷേമ സമിതി ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
2017 മാര്‍ച്ച് 18: കേസില്‍ പതിനാറ് വയസുകാരന്‍ അറസ്റ്റിലായി. കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി
2017 ഏപ്രില്‍ 25: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പാമ്പാപള്ളം വണ്ടാഴിക്കാരന്‍ പ്രവീണിനെ (29) വീട്ടില്‍നിന്ന് അര കിലോമീറ്റര്‍ അകലെ വിജനമായ പ്രദേശത്തെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
Also Read: ഞങ്ങൾക്കെതിരായ തെളിവ് സിബിഐ കൊണ്ടുവരട്ടെ, നേരിടാൻ തയ്യാർ: വാളയാർ കുട്ടികളുടെ അമ്മ
2017 ജൂണ്‍ 22: പെണ്‍കുട്ടികളുടേത് ആത്മഹത്യയാണെന്ന കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പതിനാലുകാരന്‍ ഒഴികെ നാല് പ്രതികളുടെ പേരാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. പോക്‌സോ, ആത്മഹത്യ പ്രേരണ കുറ്റം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം എന്നീ വകുപ്പുകളിലാണ് കേസ്.
2019 ഒക്ടോബര്‍ 9: മൂന്നാം പ്രതിയായി പേരു ചേര്‍ക്കപ്പെട്ട ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് (പോക്‌സോ) കോടതി വെറുതേ വിട്ടു.
2019 ഒക്ടോബര്‍ 25: പ്രതിചേര്‍ക്കപ്പെട്ട വി. മധു, എം. മധു, ഷിബു എന്നീ മൂന്നുപേരെക്കൂടി കോടതി വെറുതെവിട്ടു.
2019 നവംബര്‍ 11: പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കുക, പുനര്‍വിചാരണ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു.
2019 നവംബര്‍ 20: കേസില്‍ തുടരന്വേഷണവും പുനര്‍വിചാരണയും ആവശ്യപ്പെട്ട് സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
2020 ജനുവരി 20: പൊലീസ് അന്വേഷണത്തിലും കേസ് നടത്തിപ്പിലും വീഴ്ചയുണ്ടായെന്ന ആരോപണം അന്വേഷിക്കാന്‍ റിട്ട. ജില്ല ജഡ്ജി പി.കെ. ഹനീഫയെ കമ്മീഷനായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു.
2020 മാര്‍ച്ച് 18: വി. മധു, എം. മധു, പ്രദീപ് കുമാര്‍ എന്നിവര്‍ വീണ്ടും അറസ്റ്റിലായി, പിന്നാലെ ജാമ്യം. തൊട്ടടുത്ത ദിവസം ഷിബുവിനും ജാമ്യം.
2020 ഏപ്രില്‍ 23: പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയെന്ന കണ്ടെത്തലുമായി ഹനീഫ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി
2020 ഒക്ടോബര്‍ 10: അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കണമെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ സത്യാഗ്രഹം നടത്തി.
2020 നവംബര്‍ 3: മൂന്നാം പ്രതി പ്രദീപ് കുമാറിനെ ചേര്‍ത്തല വയലാറിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
2021 ജനുവരി 6: പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനര്‍വിചാരണ നടത്തണം. പുനരന്വേഷണം വേണമെങ്കില്‍ പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി.
2021 ഏപ്രില്‍: ഈ കേസ് സിബിഐ ഏറ്റെടുത്തു.
2021 ഡിസംബര്‍ 27: നിരന്തര ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്‌തെന്ന പൊലീസ് കണ്ടെത്തലില്‍ സിബിഐയും എത്തിച്ചേര്‍ന്ന് കുറ്റപത്രം സമര്‍പ്പിച്ചു. പൊലീസ് പ്രതിചേര്‍ത്തവര്‍ തന്നെയാണ് സി.ബി.ഐ കേസിലും പ്രതികള്‍. പാലക്കാട് പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.