പാടാൻ പി ജയചന്ദ്രൻ എന്ന പ്രിയ ജയചന്ദ്രൻ ഇല്ലാതിരുന്നെങ്കിൽ കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ കനകാംബരങ്ങൾ എന്നും വാടി നിൽക്കുമായിരുന്നു. മറന്നിട്ടുമെന്തിനോ വരുന്ന ഓർമകൾക്ക് ആര് ഭാവം നൽകുമായിരുന്നു? മലയാളഭാഷയ്ക്കു കിട്ടിയ സ്വര സൗഭാഗ്യത്തെ വിളിക്കാം പി ജയചന്ദ്രൻ എന്ന്.
പി ജയചന്ദ്രൻ മലയാളിയുടെ എക്കാലത്തേക്കുമുള്ള ഭാവഗായകനാണ്. ആറുപതിറ്റാണ്ടിലേറെയായി മലയാളി പ്രണയിച്ചതും വിരഹത്താൽ വിതുമ്പിയതും ഈ ശബ്ദത്തിനൊപ്പമാണ്. ഒന്നിനി ശ്രുതി താഴ്ത്തൂ എന്ന താരാട്ട് മുതൽ സ്മൃതി തൻ ചിറകിലേറി മറയുന്നതുവരെയുള്ള മലയാളിയുടെ പൂർണ ജീവിതചക്രം പാടിവച്ചാണ് ആ മഹാപ്രതിഭ വിടവാങ്ങുന്നത്.
ശരദിന്ദുമലർ ദീപനാളം നീട്ടി സുരഭില യാമങ്ങൾ ശ്രുതി മീട്ടി. ഈ ഗാനത്തിലെ വാക്കുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഒഎൻവി പറഞ്ഞ ഒരുത്തരമുണ്ട്. ഈണമിട്ട എംബി ശ്രീനിവാസനോ കേട്ടുറങ്ങുന്ന പലസഹസ്രം മലയാളികൾക്കോ ഈ വാക്കുകളുടെ അർത്ഥം അറിയണമെന്നില്ല. പക്ഷേ, ജയചന്ദ്രൻ അവരെയെല്ലാം ശരത്കാല ചന്ദ്രൻ നിലാവിന്‍റെ നാളം നീട്ടുന്ന സുരഭില യാമങ്ങളിൽ എത്തിച്ചു കഴിഞ്ഞു. ഇനി അർത്ഥം പറഞ്ഞുകൊടുക്കുന്നത് എന്തിന് എന്നായിരുന്നു ഒഎൻവിയുടെ ചോദ്യം. കവിയുടെ വരികളും സംഗീതകാരന്‍റെ ഈണവും കേൾക്കുന്നവരിലേക്കെത്തിച്ച തങ്കത്തോണി എന്നു വിളിക്കാം ജയചന്ദ്രന്‍റെ ശബ്ദത്തെ.
'ഒന്നിനി ശ്രുതി താഴ്ത്തൂ' എന്ന് തൊട്ടിലിൽ കിടന്നു കേട്ട ആ ശബ്ദമാണ് കൌമാരത്തിൽ കണ്ണിൽ കാശിത്തുമ്പകളെ കാണിച്ചു തരുന്നത്. പൂവേ പൂവേ പാലപ്പൂവിലും മലർവാകക്കൊമ്പത്തുമെല്ലാം ആ ശബ്ദമാണ് പൂനുള്ളാൻ കൂടെപ്പോന്നത്. നീയൊരു പുഴയായി എന്നു കഴിഞ്ഞു ശബ്ദംകൊണ്ടു കിട്ടുന്ന ആ തഴുകൽ മറ്റാർക്കാണ് നൽകാൻ കഴിയുക. എന്തേ ഒന്നും മിണ്ടീല എന്നു ചോദിക്കാനും ഒന്നു തൊടാനുള്ളിൽ മോഹം തോന്നാനും പറ്റിയ വേറെ ഏതു ശബ്ദമുണ്ട് മലയാളത്തിൽ. പാടാൻ പി ജയചന്ദ്രൻ എന്ന പ്രിയ ജയചന്ദ്രൻ ഇല്ലാതിരുന്നെങ്കിൽ കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ കനകാംബരങ്ങൾ എന്നും വാടി നിൽക്കുമായിരുന്നു. മറന്നിട്ടുമെന്തിനോ വരുന്ന ഓർമകൾക്ക് ആര് ഭാവം നൽകുമായിരുന്നു? മലയാളഭാഷയ്ക്കു കിട്ടിയ സ്വര സൗഭാഗ്യത്തെ വിളിക്കാം പി ജയചന്ദ്രൻ എന്ന്.
Also Read; സ്മൃതി തൻ ചിറകിലേറി... ഭാവഗായകന് വിട; പി. ജയചന്ദ്രന്‍ അന്തരിച്ചു
തൃപ്പൂണിത്തുറ രവിവർമ കൊച്ചനിയൻ തമ്പുരാന്‍റേയും സുഭദ്രക്കുഞ്ഞമ്മയുടേയും മകൻ. ജനിച്ചത് 1944 മാർച്ച് മൂന്നിന് എറണാകുളം രവിപുരത്ത്. വളർന്നത് ഇരിഞ്ഞാലക്കുടയിൽ. പഠനം നാഷനൽ സ്കൂളിൽ. 1958ലെ രണ്ടാം സംസ്ഥാന സ്കൂൾ യുവജനോൽസവം നാടിനു നൽകിയ രണ്ടു മഹാപ്രതിഭകളിൽ ഒരാൾ. ഒന്ന്, ഗന്ധർവശബ്ദമായ യേശുദാസ്. രണ്ട്, താളവും രാഗവുമായി പാലിയത്ത് ജയചന്ദ്രൻ.
1965ൽകുഞ്ഞാലിമരയ്ക്കാറിൽ മുല്ലപ്പൂമാലയുമായി എന്ന ആദ്യ ഗാനം. പിന്നെ, കളിത്തോഴനിലൂടെ മലയാളം മുങ്ങിത്തോർത്തി ഈറൻ മാറ്റിവന്ന ആ ഗാനം.മഞ്ഞലയിൽ മുങ്ങിത്തോർത്തി. ജി ദേവരാജൻ - പി ജയചന്ദ്രൻ. അതു ശ്രുതിയും സ്വരവും പോലെ മലയാളികളിലേക്ക് ലയിച്ചിറങ്ങി. അങ്ങനെ രൂപവതിയുടെ രുചിരാധരം ഒരു രാഗപുഷ്പമായി വിടർന്നു. മല്ലികാബാണൻ തന്‍റെ വില്ലെടുത്തു. ഇന്ദുമുഖിയും ഇഷ്ടപ്രാണേശ്വരിയും ഇറങ്ങിവന്നു. മലയാള ഭാഷതൻ മാദക ഭംഗി മലർമന്ദഹാസമായി വിരിഞ്ഞു.
Also Read; ജയചന്ദ്രനും യേശുദാസും; അരനൂറ്റാണ്ടിലേറെ മലയാളി കേട്ട് അനുഭവിച്ച പ്രതിഭകൾ
എം എസ് വിശ്വനാഥന് രാജീവനയനേ പാടിക്കാൻ മറ്റൊരു ശബ്ദവും ഇണങ്ങില്ലായിരുന്നു. രാഗം ശ്രീരാഗം. മണിമുകിലാടകൾ. ആ ശബ്ദത്തിലല്ലാതെ വേറെങ്ങിനെയാണ് പൊന്നുഷസ്സെന്നും നീരാടുവാൻ വരുന്നത് ...., 1985ൽ ദേശീയ പുരസ്കാരം. അഞ്ചുതവണ സംസ്ഥാന പുരസ്കാരം. പണിതീരാത്ത വീടിലെ സുപ്രഭാതത്തിനായിരുന്നു ആദ്യ സംസ്ഥാന പുരസ്കാരം. 1994ൽ കിഴക്കുശീമയിലൂടെ തമിഴ്നാട് സർക്കാർ പുരസ്കാരം. 1997ൽ തമിഴ്നാടിന്‍റെ കലൈമാമണി പുരസ്കാരം. അൽകാ യാഗ്നിക്കൊപ്പം എ ആർ റഹ്മന്‍റെ സംഗീതത്തിൽ വന്ന എക്കാലത്തേയും മികച്ച ഹിന്ദിഗാനങ്ങളിൽ ഒന്ന് മിലോ വഹാം വഹാം... കന്നത്തിൽ മുത്തമിട്ടാൻ എന്ന് വേറേ ഏതു ശബ്ദത്തിൽ പാടിച്ചാലും റഹ്മാനും കേൾക്കുന്നവർക്കും തൃപ്തിയാകുമോ? രാസാത്തി ഉന്നൈയും കാത്തിരുന്നു കാത്തിരുന്നുവും ഇളയരാജയ്ക്കു വേറൊരു ശബ്ദത്തിൽ പാടിക്കാൻ കഴിയുമായിരുന്നോ?
പൊട്ടിത്തെറിച്ചു, പിണങ്ങി. ചിലപ്പോൾ കൊച്ചുകുട്ടികളെപ്പോലെ പരിഭവിച്ചു. കത്തിക്കയറുന്ന ദേഷ്യത്തിലും മൈക്കിനു മുന്നിലെത്തിയാൽ താരാട്ടും പ്രണയവും ഒഴുകി. ഹർഷബാഷ്പം തൂകാൻ വേറൊരു ശബ്ദവും ഇണങ്ങുമായിരുന്നില്ല. യദുകുല രതിദേവനെവിടേ എന്ന് ആശബ്ദം ഇനിയെന്നും ചോദിച്ചുകൊണ്ടേ ഇരിക്കും. ജയചന്ദ്രൻ എവിടേക്കും പോകുന്നില്ല. സ്മൃതി തൻ ചിറകിലേറി ഈ മലയാളഗ്രാമഭൂവിൽ എന്നുമുണ്ടാകും.