fbwpx
തിരശ്ശീല വീഴുന്നത് തലമുറകളുടെ ഹൃദയം കവർന്ന നാദ വിസ്മയത്തിന്; പി. ജയചന്ദ്രനെ അനുസ്മരിച്ച് മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Jan, 2025 10:09 PM

ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തെ ദുഖം അറിയിക്കുന്നു. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഖത്തിൽ പങ്ക് ചേരുന്നു. "

KERALA


മലയാളത്തിൻ്റെ ഭാവഗായകൻ പി. ജയചന്ദ്രന്റെ വിയോഗത്തിൽ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലമുറകളുടെ ഹൃദയം കവർന്ന നാദ വിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നതെന്ന് മുഖ്യമന്ത്രി കുറിച്ചു. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഖത്തിൽ പങ്ക് ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

അനുശോചന കുറിപ്പിൻ്റെ പൂർണരൂപം;

"കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരൻ്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രൻ്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രൻ ആലപിച്ചതെല്ലാം അനുവാചകൻ്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചത്.


Also Read;ആറ് പതിറ്റാണ്ടോളം പല‌തലമുറകൾക്ക് ആനന്ദമേകിയ സ്വരം; ജയചന്ദ്രന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് ഗവർണർ


സമാനതകൾ ഇല്ലാത്ത ഭാവാവിഷ്കാരമായിരുന്നു ജയചന്ദ്രൻ്റെ ഗാനാലാപനത്തെ സമകാലീനരിൽ നിന്ന് വേറിട്ട് നിർത്തിയത്. ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതിൽ അസാമാന്യമായ സംഭാവനകൾ നൽകിയ ഗായകനായി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തും. മലയാള ഭാഷതൻ മാദക ഭംഗിയാണ് ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. തലമുറകളുടെ ഹൃദയം കവർന്ന നാദ വിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്. മലയാള സംഗീത ലോകത്തിനും ചലചിത്ര സംഗീത ലോകത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് ജയചന്ദ്രൻ്റെ വേർപാട് കൊണ്ട് ഉണ്ടായിരിക്കുന്നത്.

പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രൻ വിട പറയുമ്പോൾ, ആ സ്മരണകൾക്കും ഗാനവീചികൾക്കും മരണമില്ല എന്ന് തന്നെ പറയാനാവും. ജയചന്ദ്രൻ്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തെ ദുഖം അറിയിക്കുന്നു. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഖത്തിൽ പങ്ക് ചേരുന്നു. "

Also Read
user
Share This

Popular

KERALA
KERALA
ലൈംഗികാധിക്ഷേപ കേസ്: വീണ്ടും ജാമ്യാപേക്ഷ നൽകാൻ ബോബി; എതിർത്ത് കസ്റ്റഡി അപേക്ഷ നൽകാൻ പൊലീസ് നീക്കം