fbwpx
സ്മൃതി തൻ ചിറകിലേറി... ഭാവഗായകന് വിട; പി. ജയചന്ദ്രന്‍ അന്തരിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Jan, 2025 10:50 PM

ആറുപതിറ്റാണ്ടിലേറെയായി മലയാളി പ്രണയിച്ചതും വിരഹത്താൽ വിതുമ്പിയതും ഈ ശബ്ദത്തിനൊപ്പമാണ്...

KERALA


മലയാളത്തിന്റെ പ്രിയ ​ഗായകന്‍ പി. ജയചന്ദ്രൻ അന്തരിച്ചു. അന്ത്യം തൃശൂർ അമല ആശുപത്രിയിൽ. 80 വയസായിരുന്നു. ഏറെക്കാലമായി അർബുദം അടക്കമുള്ള വിവിധ രോഗങ്ങൾക്കു ചികിൽസയിലായിരുന്നു. ദീർഘകാലം ഗാനരംഗത്തു നിന്നു വിട്ടുനിന്ന ശേഷം മടങ്ങിവരവിനുള്ള ഒരുക്കത്തിലായിരുന്നു. മൃതദേഹം ഇന്ന് അമല ആശുപത്രിയിൽ സൂക്ഷിക്കും. നാളെ രാവിലെ 8 മണിക്ക് തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ പൊതുദർശനമുണ്ടാകും. 10 മണി മുതല്‍ 12.30 വരെ  സംഗീത നാടക അക്കാദമിയിലും. മറ്റന്നാൾ എട്ട് മണിക്ക് മൃതദേഹം എറണാകുളം പറവൂരിലെ പാലിയത്ത് തറവാട്ടിലേക്ക് മാറ്റും. വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലത്തെ കുടുംബ വീട്ടിലാണ് സംസ്കാരം.


ആറുപതിറ്റാണ്ടിലേറെയായി മലയാളി പ്രണയിച്ചതും വിരഹത്താൽ വിതുമ്പിയതും ഈ ശബ്ദത്തിനൊപ്പമാണ്. ഒന്നിനി ശ്രുതി താഴ്ത്തൂ എന്ന താരാട്ട് മുതൽ സ്മൃതി തൻ ചിറകിലേറി മറയുന്നതുവരെയുള്ള മലയാളിയുടെ പൂർണ ജീവിതചക്രം പാടിവച്ചാണ് ആ മഹാപ്രതിഭ വിടവാങ്ങുന്നത്.


തൃപ്പൂണിത്തുറ രവിവർമ കൊച്ചനിയൻ തമ്പുരാന്‍റേയും സുഭദ്രക്കുഞ്ഞമ്മയുടേയും മകൻ. ജനിച്ചത് 1944 മാർച്ച് മൂന്നിന് എറണാകുളം രവിപുരത്ത്. വളർന്നത് ഇരിഞ്ഞാലക്കുടയിൽ. പഠനം നാഷനൽ സ്കൂളിൽ. 1958ലെ രണ്ടാം സംസ്ഥാന സ്കൂൾ യുവജനോൽസവം നാടിനു നൽകിയ രണ്ടു മഹാപ്രതിഭകളിൽ ഒരാൾ. ഒന്ന്, ഗന്ധർവശബ്ദമായ യേശുദാസ്. രണ്ട്, താളവും രാഗവുമായ പാലിയത്ത് ജയചന്ദ്രൻ.  ഇരിങ്ങാലക്കുട നാഷണൽ സ്കൂൾ വിദ്യാർത്ഥിയായിരിക്കേ അവിടെ സംഗീതാദ്ധ്യാപകനായിരുന്ന കെ.വി. രാമനാഥനാണ്‌ ആദ്യ ഗുരു.  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദം നേടിയശേഷം ജ്യേഷ്ഠനൊപ്പം ചെന്നൈയിലേക്ക്‌ പോയി.


1965ൽ കുഞ്ഞാലിമരയ്ക്കാറിലെ മുല്ലപ്പൂമാലയുമായി എന്ന ആദ്യ ഗാനത്തിലൂടെ മലയാള പിന്നണി ഗാനരംഗത്തിലേക്ക് പ്രവേശിച്ചു. 1967ൽ കളിത്തോഴനിലെ 'മഞ്ഞലയിൽ മുങ്ങിത്തോർത്തി' ആദ്യ സൂപ്പർ ഹിറ്റ് ഗാനമായി. 1985ൽ ദേശീയ പുരസ്കാരം. അഞ്ചുതവണ സംസ്ഥാന പുരസ്കാരം. പണിതീരാത്ത വീട്ടിലെ സുപ്രഭാതത്തിനായിരുന്നു ആദ്യ സംസ്ഥാന പുരസ്കാരം. 1994ൽ കിഴക്കുശീമയിലൂടെ തമിഴ്നാട് സർക്കാർ പുരസ്കാരം. 1997ൽ തമിഴ്നാടിന്‍റെ കലൈമാമണി പുരസ്കാരം നല്‍കി ആദരിച്ചു. 'മന്ദാര പുഷ്പവു നീനു' ആണ് എക്കാലത്തേയും ഹിറ്റായ തെലുങ്ക് ഗാനം. ജി. ദേവരാജൻ, വി. ദക്ഷിണാമൂർത്തി, കെ. രാഘവൻ, എം.എസ്. ബാബുരാജ്, എം.കെ. അർജുനൻ തുടങ്ങിയവരുടെ പ്രിയ ഗായകനായിരുന്നു ജയചന്ദ്രന്‍. 


നാല് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൃഷ്ണപ്പരുന്ത്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, നഖക്ഷതങ്ങൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ സിനിമകളിലാണ് അഭിനേതാവായി എത്തിയത്.


ഭാര്യ: ലളിത, മക്കൾ: ലക്ഷ്മി, ദിനനാഥ്

Also Read
user
Share This

Popular

KERALA
KERALA
ലൈംഗികാധിക്ഷേപ കേസ്: വീണ്ടും ജാമ്യാപേക്ഷ നൽകാൻ ബോബി; എതിർത്ത് കസ്റ്റഡി അപേക്ഷ നൽകാൻ പൊലീസ് നീക്കം