ശാശ്വതമൂല്യങ്ങൾ എന്ന തരത്തിൽ ഉപയോഗിക്കപ്പെട്ട സനാതനധർമം എന്ന സങ്കൽപ്പത്തെ ഹിന്ദുമതം എന്ന സമീകരിക്കുന്നതോ, ഹിന്ദുത്വം എന്ന് പറയുന്നതോ തീർത്തും തെറ്റാണ്. ഓരോന്നും വ്യത്യസ്തമാണ്. ഒന്നു മറ്റൊന്നാണ് എന്നു പറയാൻ പറ്റാത്ത വിധത്തിൽ അടിസ്ഥാനപരമായ വ്യത്യസ്തകൾ ഇവയെല്ലാം തമ്മിലുണ്ട്. അവയെല്ലാം മനസ്സിലാക്കിക്കൊണ്ട് ഇവയെ കുറിച്ചുള്ള ധാരണ രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്.
സനാതനധർമം എന്നത് ഇന്ന് സമൂഹത്തിൽ ഒരു വിവാദ വിഷയമായി മാറിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങളും, അഭിപ്രായ പ്രകടനങ്ങളും, പ്രതിഷേധങ്ങളും, വെല്ലുവിളികളുമൊക്കെയായി വ്യക്തികളും സമുദായ,രാഷ്ട്രീയ സംഘടകളുമെല്ലാം കളം നിറയുകയാണ്. ഈ സാഹചര്യത്തിൽ സനാതനധർമം എന്ന സങ്കൽപ്പത്തെക്കുറിച്ചുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങളേയും, വിശകലനങ്ങളെയും മനസ്സിലാക്കിക്കൊണ്ട് തന്നെ ഇവയെ കുറിച്ചുള്ള കൃത്യമായ ധാരണ രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്. അത് വർഗീയരാഷ്ട്രീയത്തിൻ്റ പ്രചരണായുധമായി മാറുന്നുവെങ്കിൽ പ്രതിരോധിക്കേണ്ടതുമാണ്.
ഡോ. സുനിൽ പി. ഇളയിടം ന്യൂസ് മലയാളത്തോട് സംസാരിക്കുന്നു.
1. ലളിതമായി പറഞ്ഞാൽ എന്താണ് സനാതന ധർമം, ഇന്നത്തെ സമൂഹത്തിൽ അതിൻ്റെ പ്രസക്തി ?,
സനാതന ധർമം എന്ന പ്രയോഗം രണ്ടു നിലയിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ബുദ്ധ രചനകളിലൊക്കെ ശാശ്വതമായ മൂല്യങ്ങൾ, ശാശ്വതമായ തത്വങ്ങൾ എന്ന അർത്ഥത്തിലെല്ലാം അത് ഉപയോഗിക്കുന്നുണ്ട്. ബുദ്ധമതം മുമ്പോട്ടു വച്ച അഹിംസ, മൈത്രി, കരുണ , ഉപേക്ഷ, മുതലായ ആശയങ്ങളൊക്കെ അതുമായി ബന്ധപ്പെട്ട് വിശദീകരിച്ചു കണ്ടിട്ടുണ്ട്. അറിപ്പെട്ടിടത്തോളം ഈ പ്രയോഗത്തിൻ്റെ ഏറ്റവും പഴയ രൂപം സുത്തപിടകം എന്ന ബുദ്ധ ഗ്രന്ഥത്തിലെ സുഭാഷിത സുത്തത്തിലാണെന്ന് വലിയ ബൗദ്ധ പണ്ഡിതനായ കെന്നത്ത് നോർമൻ അദ്ദേഹത്തിൻ്റെ പഠനങ്ങളിൽ സൂചിപ്പിക്കുന്നുണ്ട്. നാരായണ ഗുരു സനാതനമായ ധർമങ്ങൾ എന്നു പറയുന്നത് ഈ അർഥത്തിലാണ്. സ്നേഹം, സഹോദര്യം, കരുണ മുതലായ മൂല്യങ്ങളുടെ തലത്തിലാണ്.
സനാതനധർമം എന്ന സംയുക്ത പദം ഇതിൽ നിന്നും വ്യത്യസ്തമാണ്. അത് വർണജാതി ബന്ധങ്ങളേയും അതിലധിഷ്ഠിതമായിട്ടുള്ള ജാതി വ്യവസ്ഥയേയും ജീവിത ക്രമത്തേയും സൂചിപ്പിക്കുന്ന ഒന്നായിട്ടാണ് നില നിൽക്കുന്നത്. ആ അർത്ഥത്തിലാണ് ഹിന്ദുമതം സനാതന ധർമത്തിൻ്റെ മതമാണെന്ന് സാമാന്യേന പറഞ്ഞു പോരുന്നത്. ഇതി രണ്ടും ഒരേ കാര്യമാണ് എന്ന് അവതരിപ്പിക്കുന്നതോ, രണ്ടും ഒന്നിനെത്തന്നെയാണ് സൂചിപ്പിക്കുന്നത് എന്ന് പറയുന്നതോ ഒട്ടും ഉചിതമല്ല .രണ്ടും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടു മുതൽ സനാതനധർമം എന്ന പ്രയോഗം ഹിന്ദു മത വ്യവഹാരങ്ങളിൽ നിരന്തരം കടന്നു വരുന്നുണ്ട്. അത് വർണ്ണ- ജാതി വ്യവസ്ഥയെ ആണ് ഉൾക്കൊള്ളുന്നത്. ശാശ്വതമായ ധാർമ്മിക മൂല്യങ്ങൾ എന്ന സൂചനയെയല്ല.
2. സനാതന ധർമം, ഹിന്ദു മതം, ഹിന്ദുത്വ രാഷ്ട്രീയം എന്നിവയെ എങ്ങനെ പ്രത്യേകമായി കാണുന്നു. ഹൈന്ദവ ആചാരങ്ങൾ പിന്തുടരുന്ന വിശ്വാസികൾ എങ്ങനെ അവയെ മുന്നോട്ട് കൊണ്ടുപോവുന്നു?
മൂന്നും മൂന്ന് കാര്യങ്ങളാണ്.സനാതനധർമം എന്നതിന്റെ വാച്യാർത്ഥം ശാശ്വതമായ മൂല്യങ്ങൾ എന്നാണ്. അതല്ല സനാതനധർമം എന്ന ഹൈന്ദവ ആശയം. അത് ബ്രാഹ്മണ്യത്തോടും ഹിന്ദുത്വത്തിൻ്റെ രാഷ്ട്രീയ യുക്തിയോടും ചേർന്നതാണ്. അതു കൊണ്ട് ശാശ്വതമൂല്യങ്ങൾ എന്ന തരത്തിൽ ഉപയോഗിക്കപ്പെട്ട സനാതനധർമം എന്ന സങ്കൽപ്പത്തെ ഹിന്ദുമതം എന്ന സമീകരിക്കുന്നതോ, ഹിന്ദുത്വം എന്ന് പറയുന്നതോ തീർത്തും തെറ്റാണ്. ഓരോന്നും വ്യത്യസ്തമാണ്. ഒന്നു മറ്റൊന്നാണ് എന്നു പറയാൻ പറ്റാത്ത വിധത്തിൽ അടിസ്ഥാനപരമായ വ്യത്യസ്തകൾ ഇവയെല്ലാം തമ്മിലുണ്ട്. അവയെല്ലാം മനസ്സിലാക്കിക്കൊണ്ട് ഇവയെ കുറിച്ചുള്ള ധാരണ രൂപപ്പെടുത്തി എടുക്കേണ്ടതുണ്ട്.
3. ഈ വിഷയത്തിൽ സമുദായസംഘടനകളുടെ ഇടപെടൽ അപകടകരമാകും വിധത്തിലെന്ന് പറയാമോ ?,വർഗീയരാഷ്ട്രീയം വളർത്താനുള്ള പ്രധാന ആയുധമായി മാറുന്നില്ലേ ?
സമുദായ സംഘടനകൾ എന്നല്ല പൊതു സംവിധാനങ്ങളെല്ലാം തന്നെ ഈ വിഷത്തിൽ അഭിപ്രായം പറയുന്നതിൽ തെറ്റില്ല എന്നാണ് എൻ്റെ അഭിപ്രായം. സാമൂഹികമായി പ്രധാന്യമുള്ള ഏത് വിഷയത്തിലും സമൂഹത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് അഭിപ്രായം പറയാ സുണ്ടാവുമല്ലൊ. എന്നാൽ വിഭാഗീയമായ പിളർപ്പ് സമൂഹത്തിൽ ഉണ്ടാക്കുന്ന മട്ടിൽ ധ്രുവീകരണം നടത്തുന്നതിനോടാണ് അഭിപ്രായ വ്യത്യാസം ഉയർത്തേണ്ടത്. അഭിപ്രായ സ്വാതന്ത്ര്യം എന്നത് സമുദായ സംഘടകൾക്കും ബാധകമാണ്. നമുക്ക് സ്വീകാര്യമല്ലാത്ത അഭിപ്രായമാണ് ഒരു കൂട്ടർ പറയുന്നത് എന്നതുകൊണ്ട് അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കണം എന്ന പറയാൻ കഴിയില്ലല്ലോ.പക്ഷെ അത് സാമൂഹ്യ ധ്രുവീകരണത്തിലും, സമൂഹത്തിലെ വിഭാഗീയതയുടെ ശക്തിപ്പെടലിനും കാരണമാകരുത് എന്ന് ഉറപ്പിച്ചുതന്നെ പറയാം. പക്ഷേ, ഇപ്പോൾ സമുദായ സംഘടനകൾ പലതും നീങ്ങുന്നത് ആ വഴിക്കാണ്.
4.മുഖ്യമന്ത്രിമാരുടെ (പിണറായി, സ്റ്റാലിൻ) പ്രസ്താവനകൾ, രാഷ്ട്രീയ പാർട്ടികളുടേയും മറ്റും അതിനോടുള്ള പ്രതികരണങ്ങൾ, വിവാദങ്ങൾ ഇവയെ എങ്ങിനെ നോക്കിക്കാണുന്നു.
മുഖ്യമന്ത്രിമാർ നടത്തുന്ന പ്രതികരണങ്ങൾ പൊതുവിൽ നല്ലതാണ്. ഇതേക്കുറിച്ചുള്ള ചർച്ചകൾ ഉയർത്തിക്കൊണ്ടുവരാൻ അതിന് കഴിഞ്ഞല്ലൊ. അപ്പോൾ തന്നെ തമിഴ്നാടിൻ്റെയും കേരളത്തിൻ്റെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ് എന്നതും കാണണം.തമിഴ്നാട്ടിൽ ആഴത്തിൽ വേരുപിടിച്ചു നിൽക്കുന്ന ദ്രാവിഡ രാഷ്ട്രീയമുണ്ട്. അതിൽ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം. ഒരേ പ്രസ്താവന കേരളത്തിലും തമിഴ്നാട്ടിലും ഒരേ ഫലമാണ് ഉളവാക്കുക എന്ന് പറയാനാകില്ല. സൂക്ഷ്മമായ വ്യത്യാസങ്ങളുണ്ടാകും.
ഇക്കാര്യത്തിൽ പൊതുവിൽ നമുക്ക് എടുക്കാവുന്ന കാഴ്ചപ്പാട്, സനാതനധർമം എന്ന വാക്കിനെയോ, അതിൻ്റെ നിരുക്തിയേയോ ചൊല്ലിയുള്ള ചർച്ചകളല്ല പ്രധാനം എന്നതാണ്.
മറിച്ച് സനാതന ധർമമെന്ന പേരിൽ മറച്ചുവയ്ക്കപ്പെടുന്ന ജാതി മേധാവിത്വത്തിൻ്റെയും വർഗീയതയുടെയും ഹൈന്ദവ രാഷ്ട്രീയത്തിൻ്റെയും ആശയാവലികളെ ചെറുക്കുക എന്നതാണ് പ്രധാധപ്പെട്ട കാര്യം. മുഖ്യമന്ത്രിമാരുടെ പ്രസ്താവനകളിലെ കാതലായ കാര്യം അതാണെന്ന് കരുതുന്നു.അതിനപ്പുറം വിശദാംശങ്ങളിലെ ഭാഷാപരമോ, പ്രയോഗപരമോ ആയ കാര്യങ്ങളിൽ വല്ലാതെ നാം തപ്പിത്തടയേണ്ടതില്ല എന്ന് തോന്നുന്നു.
5. ഇതിഹാസങ്ങളുടേയും മറ്റും പുതിയ വ്യാഖ്യാനങ്ങളും, അതുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങളുമെല്ലാം നടത്താറുണ്ടല്ലോ,ആ പ്രസ്താവനകളെല്ലാം ഇത്തരം വിഷയങ്ങളിൽ ഏതെങ്കിലും തരത്തിൽ ആയുധങ്ങളായി ഉപയോഗിച്ചേക്കാമെന്ന് ചില വായനകളുണ്ട്. അതിനോടുള്ള പ്രതികരണം?
മഹാഭാരതത്തേയോ രാമായണത്തേയോ കുറിച്ച് സംസാരിച്ചാൽ അതപ്പാടെ തന്നെ വർഗീയതയിലേക്കോ ജാതിവാദത്തിലേക്കോ എത്തുമെന്ന നിലപാട് ശരിയല്ലെന്ന് തന്നെ കരുതുന്നു. കാരണം കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ കൊസാംബിയും റോമില ഥാപ്പറും,ഇരാവതി കാർവെയും മുതൽ പികെ ബാലകൃഷ്ണനും, എംടി വാസുദേവൻ നായരും, കുട്ടിക്കൃഷ്ണമാരാരും, ശിവജി സാവന്തും, വി എസ് ഖണ്ഡേക്കറുമടക്കം എത്രയോ പേർ മഹാഭാരത്തെയും മറ്റും മുൻ നിർത്തി പലതരത്തിലുള്ള വിശദീകരണങ്ങളും , വ്യാഖ്യാനങ്ങളും നൽകുകയുണ്ടായി. അതെല്ലാം കൂടി ചേർന്നിട്ടാണ് മഹാഭാരതം പോലൊരു കൃതി ഒരു ആധുനിക മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ആലോചനകളുടെ തലത്തിലേക്കെത്തിയത്.
മതാത്മകമായ പരിസരത്തുനിന്ന് മാനുഷികവും, ചരിത്രപരവുമായ പരിസരത്തേക്ക് ആ കൃതികളെ കൊണ്ടുവന്നത് അത്തരം വ്യാഖ്യാനങ്ങളാണ്. എംടിയുടെ രണ്ടാമൂഴം മഹാഭാരതത്തെ മതാത്മകതയിൽ നിന്നും മാനുഷിക സംഘർഷങ്ങളുടെ മണ്ഡലത്തിലേക്കാണ് കൊണ്ടുവന്നത്. ചിന്താവിഷ്ടയായ സീത രാമായണത്തെ സ്ത്രീകളുടേയും, കീഴാളരുടേയും ജീവിത സ്ഥാനത്തു നിന്ന് രാമായണ പാരമ്പര്യത്തെ തന്നെ വിമർശിക്കുകയാണ് ചെയ്യുന്നത്. കൊസാംബിയുടേയോ, കാർവേയുടേയോ, ഥാപ്പറുടേയോ പഠനങ്ങൾ ആ രചനകളെ മതത്തിൻ്റെ മണ്ഡലമായിട്ടല്ലല്ലോ കാണുന്നത്. അത്തരം ഇടപെടലുകൾ ആവശ്യമാണെന്നുതന്നെയാണ് ഞാൻ കരുതുന്നത്.അല്ലാതെ മതാത്മകമായി സ്വാധീനം ചെലുത്തുന്ന കൃതികളയെല്ലാം അതേ പടി നിലനിൽക്കാൻ അനുവദിച്ച് അവയെല്ലാം വർഗീയ വാദികളുടെ കയ്യിലെ ആയുധങ്ങൾ മാത്രമാക്കി ഉപേക്ഷിക്കണമെന്ന് പറയുന്നതിൽ ഒരർഥവുമില്ല . മഹാഭാരതം ദസ്തേ വിസ്കിയുടെ നോവലുകൾ പോലെ സമകാലീനമായി വായിക്കാൻ കഴിയും എന്ന് പി. കെ. ബാലകൃഷ്ണൻ പറയുന്നുണ്ട്. ഇതൊന്നും വായിച്ചു നോക്കാതെ ഇതിനെയെല്ലാം അധിക്ഷേപിക്കാൻ എളുപ്പമാണ്.സംഘപരിവാർ ചെയ്യുന്ന പണിയും അതു തന്നെയാണ്. അതിനെയൊന്നും അത്ര ഗൗരവമുള്ളതായി ഞാൻ കരുതുന്നില്ല.