തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നായിരുന്നു കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന്റെ വിമർശനം
ആശാ വർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ നേതാവ് ആനി രാജ. സമരം ന്യായമാണെന്നായിരുന്നു ആനി രാജയുടെ നിലപാട്. എന്നാൽ സമരത്തിൽ സിഐടിയു എടുത്ത നിലപാടിനോട് സിപിഐ നേതാവ് പ്രതികരിച്ചില്ല. എളമരം കരീമിന്റെ ലേഖനം കണ്ടിട്ടില്ലെന്നും ആശാവർക്കർമാരെയും തൊഴിലാളികളായി കാണണമെന്നും ആനി രാജ പറഞ്ഞു.
തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നായിരുന്നു കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന്റെ വിമർശനം. 'ആർക്കുവേണ്ടിയാണ് ഈ സമരം' എന്ന പേരിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് ആശാ വർക്കർമാരുടെ സമരത്തെ തള്ളിയുള്ള നിലപാട് എളമരം വ്യക്തമാക്കിയത്. പെമ്പിളൈ ഒരുമൈ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരം. കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. ആശാ വർക്കർമാരെ തെറ്റിധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളാണെന്നും ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചുവെന്നും ലേഖനത്തിൽ പറയുന്നു.
അതേസമയം, സംസ്ഥാനത്തെ ആശാവർക്കർമാർ നടത്തിവരുന്ന സമരത്തിന് കോൺഗ്രസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി തീപ്പന്തം കൊളുത്തി പ്രതിഷേധം അറിയിക്കാനാണ് തീരുമാനം. 'ആശാവര്‍ക്കര്‍മാര്‍ക്ക് നീതി നല്‍കൂ'യെന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുമ്പിൽ നടക്കുന്ന ആശാവർക്കർമാരുടെ സമരത്തിൽ സർക്കാരിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നേരത്തേ രംഗത്തെത്തിയിരുന്നു.
ആശാ വർക്കർമാരുടെ സമരത്തിൽ വേതന വർധനവ് ആവശ്യപ്പെട്ടപ്പോൾ രാജ്യദ്രോഹിയായി സർക്കാർ ചിത്രീകരിക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ ആരോപണം. പിഎസ്‌സിയെക്കൊണ്ട് ഒരു ഉപകാരവും ഇല്ല, അങ്ങനെ ഒരു സ്ഥാപനം ആവശ്യമില്ലെന്നും മുരളീധരൻ പ്രതികരിച്ചു. ഒരു ജോലിയും ഇല്ലാത്തവർക്ക് വേതനം കൂട്ടികൊടുക്കുന്നു. കെ.വി. തോമസിന് ഒരു ജോലിയും ഇല്ല. യുട്യൂബുകാരെ വാടകയ്ക്കെടുത്ത് സമരക്കാരെ അസഭ്യം പറയുന്നുവെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.