ഇദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും രജിസ്ട്രാർക്കും ബാർ കൗൺസിലിനും പരാതി അയച്ചു
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തിന് വിരുദ്ധമായി ഹൈക്കോടതിയിൽ നിലപാടെടുത്ത മുതിർന്ന അഭിഭാഷകൻ എസ്. ശ്രീകുമാറിനെതിരെ അട്ടപ്പാടിയിലെ മധുവിന്റെ കുടുംബവും രംഗത്ത്. ഇദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും രജിസ്ട്രാർക്കും ബാർ കൗൺസിലിനും പരാതി അയച്ചു.
മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ, ഹൈക്കോടതിയിൽ നിലവിലുള്ള അപ്പീലിൽ കുടുംബത്തിന് വേണ്ടി നേരത്തേ ഹാജരായത് ശ്രീകുമാറാണ്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കണമെന്ന് കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രണ്ട് അഭിഭാഷകരുടെ പേര് നിർദ്ദേശിച്ചിരുന്നു. എന്നാൽ കുടുംബം നിർദ്ദേശിച്ച അഭിഭാഷകർക്ക് പകരം മറ്റൊരാളെയാണ് അഡ്വ. ശ്രീകുമാർ പിൻതുണച്ചത് എന്നാണ് ആരോപണം.
ALSO READ: ഐസിയു പീഡനക്കേസ്: അതിജീവിതയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയതിൽ വീഴ്ചയെന്ന് റിപ്പോർട്ട്
കഴിഞ്ഞ ദിവസമാണ് എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ അഭിഭാഷകനായ എസ്. ശ്രീകുമാറിനെ കുടുംബം ഒഴിവാക്കിയത്. ഹൈക്കോടതിയിൽ സിബിഐ അന്വേഷണം മാത്രമായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാൽ, അഭിഭാഷകൻ സ്വന്തം നിലക്ക് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു. ഹർജിക്കാരിയുടെ താൽപര്യത്തിനും അഭിപ്രായത്തിനും വിരുദ്ധമായാണ് അഭിഭാഷകൻ ആവശ്യം ഉന്നയിച്ചത്. തങ്ങൾ ഉന്നയിക്കാത്ത ആവശ്യം തിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അഭിഭാഷകൻ നിഷേധിച്ചു എന്നും കുടുംബം പറഞ്ഞിരുന്നു. ഇത് തിരുത്താൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെ തുടർന്നാണ് നവീൻ ബാബുവിൻ്റെ കുടുംബം അഭിഭാഷകനെ നീക്കിയത്.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനായ ആദിവാസി വിഭാഗത്തില്‍പ്പെട്ട മധു എന്ന 27കാരന്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മധു കൊല്ലപ്പെട്ടത്. പട്ടിണി മാറ്റാന്‍ അരിയും ഭക്ഷ്യസാധനങ്ങളും മോഷ്ടിച്ചെന്ന കുറ്റം ആരോപിച്ചായിരുന്നു നാട്ടുകാർ ചേർന്ന് മധുവിനെ ആക്രമിച്ച് കൊല്ലുന്നത്.