ഇനി എത്രപേരുടെ കൂടി ജീവന്‍ നഷ്ടപ്പെട്ടാലാണ് ഒരു ശാശ്വത പരിഹാരം ഉണ്ടാവുക എന്ന ചോദ്യം നിലാരംബരായ മനുഷ്യര്‍ മനമുരുകി ചോദിക്കുമ്പോള്‍ അതിനാണ് നമ്മുടെ അധികാരികള്‍ മറുപടി നല്‍കേണ്ടത്
കാട്ടാന പ്രതിരോധത്തിന് കോടികള്‍ മുടക്കിയ പദ്ധതികളെല്ലാം പരാജയപ്പെട്ടതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് കണ്ണൂര്‍ ആറളം ഫാം പുനരധിവാസ മേഖലയിലെ മനുഷ്യര്‍ ഉയര്‍ത്തുന്നത്. 15 കോടി മുടക്കിയ പഴയ ആന മതില്‍, ട്രഞ്ച്, റെയില്‍ ഫെന്‍സിങ്, സോളാര്‍ ഫെന്‍സിങ് എന്നിവ പൂര്‍ണപരാജയമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ആനകളെ തുരത്തി കാട് കയറ്റുന്ന പ്രവര്‍ത്തിയും ഫലപ്രദമല്ല. ഏത് നിമിഷവും ഉണ്ടായേക്കാവുന്ന കാട്ടാന ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ പുരപ്പുറത്തേക്ക് കോണികള്‍ തയാറാക്കിവെച്ചിരിക്കുകയാണ് ഒരു നാട്.
അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ ആറളത്തെ മനുഷ്യര്‍ ചോദിക്കുകയാണ് ഇനിയും എത്ര ജീവന്‍ പൊലിയണം. ആശങ്കകളുടെ ആനക്കയത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ ശാശ്വത പരിഹാരമാണ് സര്‍ക്കാരിനോയും വനംവകുപ്പിനോട് ആവശ്യപ്പെടുന്നത്. നാട്ടില്‍ നിന്ന് തുരത്തുന്ന ആനകള്‍ സമീപത്തെ ജനവാസ മേഖലകളിലേക്ക് വീണ്ടും എത്തുന്നതാണ് ഒന്നാമത്തെ ആശങ്ക. വനത്തോട് ചേര്‍ന്ന് കിടക്കുന്ന വിയറ്റ്‌നാം- ചതിരൂര്‍-വാളത്തോട്-പുതിയങ്ങാടി-കീഴ്പ്പള്ളി-അത്തിക്കല്‍-അയ്യങ്കുന്ന് പ്രദേശങ്ങള്‍ ഈ ഭീതിയിലാണ്. കരിക്കോട്ടക്കരിയില്‍ ജനവാസ മേഖലയില്‍ കുട്ടിയാന ചെരിഞ്ഞത് നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
Also Read: കരാറുകാരൻ മുങ്ങി; മലപ്പുറത്ത് ആദിവാസികൾക്ക് അനുവദിച്ച ലൈഫ് വീടുകളുടെ നിർമാണം അവതാളത്തിൽ
ഫാമില്‍നിന്ന് തുരത്തുന്ന കാട്ടാനകള്‍ കര്‍ണാടക വനത്തിലാണ് എത്തുന്നത്. എന്നാല്‍ അവ വീണ്ടും കാടിറങ്ങുന്നതാണ് മറ്റൊരു പ്രധാന ആശങ്ക. ഹുരുട്ടി പുഴ കടന്ന് കക്കുവ, അമ്പലക്കണ്ടി, കൊക്കോട്, ആറളം പ്രദേശങ്ങളിലേക്ക് ആനകള്‍ എത്തുന്നുണ്ട്. പടക്കം പൊട്ടിച്ച് ഉള്‍പ്പടെ ഓടിക്കുന്ന കാട്ടാനകളെ കോട്ടപ്പാറ വരെയാണ് വനപാലകര്‍ തുരത്തുന്നത്. ഇവിടെയുള്ള ചെറിയ തോടിനോട് ചേര്‍ന്ന ഓടക്കാട്ടില്‍ ആനകള്‍ കയറുന്നതോടെ വനപാലകര്‍ മടങ്ങും. എന്നാല്‍ തോട്ടില്‍ നിന്ന് വെള്ളം കുടിച്ച് കാട്ടാനകള്‍ തിരികെ നാടിറങ്ങും. കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി വീടുകളുടെ മുകളില്‍ അഭയം തേടുകയാണ് ഇന്നാട്ടുകാര്‍.
കാട്ടാന ശല്യത്തിന്റെ യഥാര്‍ത്ഥ കാരണം അധികാരികള്‍ മനസിലാക്കുന്നില്ല എന്നും വിമര്‍ശനമുണ്ട്. മേഖലയിലെ കാട്ടാനകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു. 2010ല്‍ 15 കാട്ടാനകള്‍ മാത്രം ഉണ്ടായിരുന്നയിടത്ത് ഇപ്പോള്‍ അത് 85 അധികമാണ്. ജനിച്ചുവളര്‍ന്ന മേഖലയ്ക്ക് അപ്പുറത്തേക്ക് ഇവര്‍ക്ക് മാറാനാകുന്നില്ല. കാട്ടില്‍നിന്ന് ആവശ്യത്തിന് ഭക്ഷണവും ലഭിക്കുന്നില്ല. അതിനിടയിലാണ് നിലവിലെ പ്രതിരോധ പ്രവര്‍ത്തികളുടെ ഫലപ്രാപ്തിയും ചോദ്യം ചെയ്യപ്പെടുന്നത്. മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആനമതില്‍ അപര്യാപ്തമെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആദ്യം സ്ഥാപിച്ച വൈദ്യുതി ഫെന്‍സിങ്ങും പരാജയം. വേലികളിലേക്ക് ഉണങ്ങിയ മരത്തടികള്‍ എടുത്തിട്ട് വൈദ്യുതി പ്രതിബന്ധം ആനകള്‍ മറികടക്കുന്നു. കൂര്‍ത്ത വശങ്ങളുള്ള റെയില്‍ ഫെന്‍സിങ്ങും തകര്‍ത്തു. പഴയ ആനമതിലും കാട്ടാനക്കൂട്ടം മറികടന്നു. കരിങ്കല്‍ ഭിത്തികള്‍ പലയിടത്തും തകര്‍ന്നു. ആന ട്രഞ്ചുകളും കാട്ടാനകള്‍ മറികടന്നു. ഒടുവിലെ ആശ്വാസമെന്ന നിലയില്‍ നിര്‍മിക്കുന്ന പുതിയ ആനമതില്‍ ഫലപ്രദമാകുമെന്ന വിശ്വാസത്തിലാണ് അധികാരികള്‍. കൂടുതല്‍ ഉയരവും വീതിയും ഉണ്ട് എന്നതാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ പുതിയ ആനമതിലിലും നിരാശയാണ് ഇരകളായ ജനങ്ങള്‍ക്ക്.
Also Read: വൈറ്റില ആർമി ടവറിലെ 2 ഫ്ലാറ്റുകകൾ പൊളിക്കുന്നത് മരട് മാതൃകയിൽ; അന്തിമ തീരുമാനം ഈ മാസം 15 ന് ശേഷം
ചുരുക്കത്തില്‍, കാട്ടാന പ്രതിരോധം പൂര്‍ണപരാജയമെന്നാണ് ജനങ്ങളുടെ പ്രതികരണം. ആനകളെ പിടികൂടി ഉള്‍ക്കാട്ടിലേക്കോ ആനക്കൊട്ടിലുകളിലേക്കോ മാറ്റുക എന്നതാണ് നാട്ടുകാരുടെ നിര്‍ദേശം. ആനകളെ കാടുകയറ്റും മുന്‍പ് അവയ്ക്ക് വേണ്ട ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ വനത്തില്‍ ഉറപ്പാക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടിയ നാട്ടാകാര്‍ സ്വയംപ്രതിരോധം എന്ന നിലയിലേക്ക് പോകുമോ എന്ന ആശങ്കയും സജീവമാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയെന്ന് നാം അവകാശപ്പെടുന്നതാണ് ആറളം ഫാം. ആ ആറളം ഫാമാണ് ഇന്ന് കാട്ടാനക്കലിയുടെ കേന്ദ്രമായത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അന്ന് ഈ ആദിവാസി ഭൂസമരങ്ങള്‍ കൊടുമ്പിരി കൊണ്ടു നില്‍ക്കുന്ന കാലത്താണ് 7000 ഏക്കറുള്ള ഈ ഫാം ഏറ്റെടുക്കുന്നത്. പുനരധിവാസത്തിനും തൊഴിലിനും വേണ്ടി പിന്നീട് ഈ ഫാം പകുത്തപ്പോള്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള ഭാഗം പുനരധിവാസ മേഖലയാക്കാനുള്ള തീരുമാനം മുതല്‍ പിഴച്ചതാണ് കാര്യങ്ങള്‍. 2016 മുതല്‍ തുടങ്ങിയ ആനമതില്‍ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. പിന്നീട് സോളാര്‍ തൂക്കുവേലി സ്ഥാപിക്കാന്‍ തീരുമാനിക്കുന്നു. ഒന്നിലും ഇനിയും തീരുമാനം ആയിട്ടില്ല.
ആനയുടെ കൊലവിളിയില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം ഉയരുമ്പോള്‍, ആ അപായ ഭീഷണി ഗൗരവമുള്ളതാണ്. ഇനി എത്രപേരുടെ കൂടി ജീവന്‍ നഷ്ടപ്പെട്ടാലാണ് ഒരു ശാശ്വത പരിഹാരം ഉണ്ടാവുക എന്ന ചോദ്യം നിലാരംബരായ മനുഷ്യര്‍ മനമുരുകി ചോദിക്കുമ്പോള്‍ അതിനാണ് നമ്മുടെ അധികാരികള്‍ മറുപടി നല്‍കേണ്ടത്.