മൊബൈൽ സ്ക്രീനുകളോടുള്ള ആസക്തിയെ സിഗരറ്റും മദ്യവും ഉപയോഗിക്കുന്നതുമായാണ് ഓസ്ട്രേലിയൻ സർക്കാർ താരതമ്യപ്പെടുത്തുന്നത്
16 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്ക് കൽപ്പിച്ചുകൊണ്ടുള്ള ഓസ്ട്രേലിയയുടെ പുതിയ നിയമം ആഗോളതലത്തിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നവംബർ ഏഴിനാണ് കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനെന്ന് കാണിച്ച് ഓസ്ട്രേലിയ പുതിയ നിയമം അവതരിപ്പിച്ചത്. എന്നാൽ എല്ലാം വിരൽ തുമ്പിൽ ലഭിക്കുന്ന ഇക്കാലത്ത്, ഓസ്ട്രേലിയ പോലൊരു വികസിത രാജ്യത്തിൻ്റെ ഈ നടപടി എത്രത്തോളം പ്രാവർത്തികമാവുമെന്ന ചോദ്യം വളരെ പ്രസക്തമാണ്. പെട്ടെന്നൊരു ദിവസമുണ്ടാവുന്ന നിയന്ത്രണങ്ങൾ ഒരുപക്ഷേ കുട്ടികളുടെ മാനസികാരോഗ്യത്തെ ഉൾപ്പെടെ ബാധിച്ചേക്കാം.
മൊബൈൽ സ്ക്രീനുകളോടുള്ള ആസക്തിയെ സിഗരറ്റും മദ്യവും ഉപയോഗിക്കുന്നതുമായാണ് ഓസ്ട്രേലിയൻ സർക്കാർ താരതമ്യപ്പെടുത്തുന്നത്. കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് ആശങ്കയുണ്ടെന്നും, രാജ്യത്തെ കൗമാരക്കാരുടെ ക്ഷേമമാണ് പരമ പ്രധാനമെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് നേരത്തെ പറഞ്ഞിരുന്നു. ബിൽ അനുസരിച്ച്, 16 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും നിരോധനം ബാധകമാണ്. അതായത്, നിലവിലുള്ള ഉപയോക്താക്കൾക്കോ മാതാപിതാക്കളുടെ സമ്മതമുള്ളവർക്കോ യാതൊരു ഇളവുകളും ഉണ്ടാകില്ല.
ഓസ്ട്രേലിയൻ സർക്കാരിൻ്റെ പുതിയ നിയമം പാലിക്കുന്നതിൽ ടെക് കമ്പനികൾ വീഴ്ച വരുത്തുകയാണെങ്കിൽ, 50 മില്യൺ ഓസ്ട്രേലിയൻ ഡോളർ ( ഏകദേശം 270 കോടി രൂപ) വരെ പിഴ ഈടാക്കും. എന്നാൽ കുട്ടികൾക്ക് അനുയോജ്യമെന്ന് കരുതുന്ന 'റിസ്‌ക് കുറഞ്ഞ സേവനങ്ങൾ' നൽകുന്ന പ്ലാറ്റ്‌ഫോമുകൾക്ക് ഇളവുകൾ ഉണ്ടാകും. ഈ പ്ലാറ്റ്ഫോമുകൾ ഏതാണെന്നും ഇതിനുള്ള മാനദണ്ഡം എന്താണെന്നും ഇതുവരെ നിശ്ചയിച്ചിട്ടില്ല. മെസേജിങ്, ഗെയിമിങ് സൈറ്റുകൾക്ക് നിയന്ത്രണമുണ്ടായേക്കില്ല എന്നാണ് വിലയിരുത്തൽ.
21-ാം നൂറ്റാണ്ടിലെ വെല്ലുവിളികൾക്കുള്ള 20ാം നൂറ്റാണ്ടിലെ മറുപടിയാണ് പുതിയ നിർദ്ദേശമെന്നാണ് മെറ്റാ, സ്‌നാപ്ചാറ്റ്, എക്‌സ് തുടങ്ങിയ ടെക് കമ്പനികളെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഈ വിലക്കിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മൂലം കുട്ടികളെ ഇൻ്റർനെറ്റിൻ്റെ അപകടകരവും അനിയന്ത്രിതവുമായ തലത്തിലേക്ക് തള്ളിവിടുമെന്നും ചിലർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
“കുട്ടികളെ അവരുടെ ഫോണുകളിൽ നിന്ന് ഒഴിവാക്കി ഗ്രൗണ്ടുകളിലേക്ക് വിടണമെന്നാണ് ഓസ്ട്രേലിയൻ മാതാപിതാക്കളുടെയും എൻ്റെയും ആഗ്രഹം. അവർ സ്‌ക്രീനുകളിൽ നിന്നും മാറി ജീവിതത്തിലെ ആളുകളുമായി ഇടപെട്ട് യഥാർഥ അനുഭവങ്ങൾ ഉണ്ടാക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കാരണം സോഷ്യൽ മീഡിയ സാമൂഹികപരമായി വലിയ ദോഷമാണ് വരുത്തുന്നത്. അതൊരു വലിയ വിപത്താണ്," ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് പറഞ്ഞ വാക്കുകളാണിത്.
ALSO READ: ഹോംവർക്ക് ചെയ്യാൻ എഐയോട് സഹായം തേടി; പോയി ചത്തോളൂ എന്ന് മറുപടി!
എന്നാൽ സോഷ്യൽ മീഡിയയും മാനസികാരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന സർക്കാരിൻ്റെ നയത്തിന് പിന്നിലെ കേന്ദ്ര ആശയത്തെപ്പറ്റി ഇസേഫ്റ്റി കമ്മീഷണർ ജൂലി ഇൻമാൻ ആശങ്ക പ്രകടിപ്പിച്ചു. അടിസ്ഥാനപരമായ തെളിവുകൾ നിരത്തിയാൽ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. LGBTQ+ അല്ലെങ്കിൽ ഫസ്റ്റ് നേഷൻ കൗമാരക്കാരെ പോലെ പാർശ്വവത്കരിക്കപ്പെട്ടവർ പലപ്പോഴും സമൂഹമാധ്യമങ്ങൾ വഴിയാണ് അഭിപ്രായങ്ങളുൾപ്പെടെ പങ്കുവെക്കാറുള്ളതെന്ന് എൻ്റെ ഓഫീസിൽ നിന്ന് നടത്തിയ ഗവേഷണത്തിൽ പറയുന്നുണ്ട് എന്നും ജൂലി ഇൻമാൻ പറഞ്ഞു.
ടെക് കമ്പനികൾ അവരുടെ പ്ലാറ്റ്‌ഫോമുകളിൽ ആവശ്യമായ തിരുത്തലുകളും സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കി കുട്ടികളെ സുരക്ഷിതമായി ഓൺലൈനിൽ തുടരാൻ സഹായിക്കുകയാണ് വേണ്ടത്. അല്ലാതെ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിന് പകരം വെള്ളത്തിൽ നിന്നും നിരോധിക്കുന്ന നടപടികൾ അല്ല സ്വീകരിക്കേണ്ടതെന്നും അന്താരാഷ്ട്ര മാധ്യമമായ ബിബിസിയോട് ജൂലി ഇൻമാൻ വ്യക്തമാക്കി. ജൂലിക്ക് പുറമെ നൂറിലധികം ഓസ്‌ട്രേലിയൻ അക്കാദമിക് വിദഗ്ധരും ഈ നിരോധനത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൗമാരക്കാർക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള സാഹചര്യം സർക്കാർ ഉറപ്പാക്കണമെന്ന യുഎൻ ഉപദേശത്തിന് വിരുദ്ധമാണ് പുതിയ തീരുമാനമെന്നും വിമർശനമുണ്ട്.
ഓസ്ട്രേലിയയുടെ പുതിയ നിയമം വിജയിക്കുമോ എന്നത് കണ്ടുതന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. കാരണം ഇതിനു സമാനമായ നിയമങ്ങൾ പാസാക്കിയ പല രാജ്യങ്ങൾക്കും പിന്നീട് അവ പിൻവലിക്കേണ്ടതായി വന്നിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് 2011-ൽ, ദക്ഷിണ കൊറിയ കൊണ്ടുവന്ന “ഷട്ട്ഡൗൺ നിയമം”. ഇതുപ്രകാരം രാത്രി 10:30 നും രാവിലെ 6:00 നും ഇടയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികളെ ഇൻ്റർനെറ്റ് ഗെയിമുകൾ കളിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ കുട്ടികളുടെ അവകാശങ്ങളെ മാനിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി നിയമം പിന്നീട് റദ്ദാക്കപ്പെട്ടു.
ALSO READ: "ചീസ്, ലോകത്തിൽ ഏറ്റവുമധികം മോഷ്ടിക്കപ്പെട്ട ഭക്ഷണം"
രക്ഷിതാക്കളുടെ സമ്മതമില്ലാതെ 15 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമനിർമ്മാണം അടുത്തിടെ ഫ്രാൻസും അവതരിപ്പിച്ചിരുന്നു. എന്നാൽ വിപിഎൻ ഉപയോഗിച്ച് ഈ നിരോധനം മറികടക്കാൻ പകുതിയോളം ഉപയോക്താക്കൾക്ക് കഴിഞ്ഞതായാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ഓസ്‌ട്രേലിയയുടേതിന് സമാനമായ നിയമം യുഎസ് സംസ്ഥാനമായ യൂട്ടായും പാസാക്കിയിരുന്നു. പിന്നീട് ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തടയുകയും ചെയ്തു.
അതേസമയം, ഓസ്‌ട്രേലിയയുടെ നിർദ്ദേശം പാഴാകില്ലെന്നും ഇത് പാർലമെൻ്റ് പാസാക്കിയാൽ അത് ഒരു അവലോകനത്തിന് വിധേയമാക്കുമെന്നും അൽബാനീസ് വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യ അതിവേഗം വളരുകയാണ്, ഈ പുതിയ നിയമങ്ങളിലെ പഴുതുകൾ കണ്ടെത്താൻ ചിലർ ശ്രമിക്കും. എന്നാൽ അവയൊന്നും നിങ്ങളെ ഉത്തരവാദിത്തത്തിൽ നിന്നും വ്യതിചലിപ്പിക്കരുതെന്നും പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് നിയമനിർമ്മാതാക്കളോട് പറഞ്ഞു. കുട്ടികളുടെ ഓൺലൈൻ ആസക്തി കുറച്ച് പുറത്ത് അവർ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യിക്കാൻ പുതിയ നിയമങ്ങൾക്ക് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.