പ്രതികള്‍ ഒന്നര വര്‍ഷത്തിലധികമായി ജയിലിലാണെന്ന കാരണത്താലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്
കരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിലെ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. കരുവന്നൂര്‍ കേസിലെ പ്രതികളായ പി. സതീഷ് കുമാര്‍, പി.പി. കിരണ്‍ എന്നിവര്‍ക്കും, കണ്ടല സഹകരണ ബാങ്ക് കേസിലെ പ്രധാന പ്രതി എന്‍ ഭാസുരാംഗന്റെ മകന്‍ അഖില്‍ജിത്തിനുമാണ് ജാമ്യം ലഭിച്ചത്.
മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ ഒന്നര വര്‍ഷത്തിലധികമായി ജയിലിലാണെന്ന കാരണത്താലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഇഡിയുടെ കേസിൽ ഇതുവരെ വിചാരണ നടപടികൾ ആരംഭിക്കുകയോ, കേസിൻ്റെ അന്തിമ തീർപ്പിലേക്ക് എത്തുകയോ ചെയ്തിട്ടില്ല. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
2014 ലാണ് കരുവന്നൂര്‍ ബാങ്കിൽ ക്രമക്കേട് നടക്കുന്നത്. കരുവന്നൂർ ബാങ്കിൽ നിന്നും ഹർജിക്കാരനും ബിസിനസ് പങ്കാളിയും ചേർന്ന് 3.49 കോടിയുടെ അനധികൃത വായ്പ തരപ്പെടുത്തിയെന്നതായിരുന്നു കേസ്. നിക്ഷേപ തട്ടിപ്പ് കേസിൽ 2021 ജൂലൈ 21ന് ക്രൈംബ്രാഞ്ചും, 2022 ഓഗസ്റ്റ് 10ന് ഇ.ഡിയും അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം, കണ്ടല ബാങ്കിൽ നിന്ന് മൂന്നുകോടി 22 ലക്ഷം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. എൻ. ഭാസുരംഗൻ ബിനാമി മുഖേന 51 കോടി രൂപ വായ്പ തട്ടിയെന്നും, ഇഡി കണ്ടെത്തിയിരുന്നു.