സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്യുന്നതായും മോഹന്‍ലാല്‍ വ്യക്തമാക്കി
എമ്പുരാൻ സിനിമയ്ക്ക് എതിരായ സംഘപരിവാർ സൈബർ ആക്രമണങ്ങളില്‍ വഴങ്ങി മോഹൻലാൽ. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചു. പ്രിയപ്പെട്ടവർക്ക് ഉണ്ടായ വിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്ന് നടൻ അറിയിച്ചു. സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ തന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ തൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമായാണെന്നും മോഹൻലാൽ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മോഹൻലാൽ ഖേദം പ്രകടിപ്പിച്ചത്. ഈ പോസ്റ്റ് പൃഥ്വിരാജ് ഷെയറും ചെയ്തു.
അതിരൂക്ഷമായ സൈബർ ആക്രമണമാണ് മോഹൻലാലും എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകരും ചിത്രം പുറത്തുവന്നതിനു പിന്നാലെ നേരിട്ടത്. ഗുജറാത്ത് കലാപ സീനുകളുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സംഘപരിവാർ ഗ്രൂപ്പുകളിൽ നിന്നുള്ള സൈബർ ആക്രമണങ്ങൾ. മോഹൻലാലിനെ രാജ്യവിരുദ്ധനെന്നും നടന്റെ ലെഫ്റ്റനന്റ് കേണൽ പദവി പിൻവലിക്കണമെന്നും ഉൾപ്പെടെയുള്ള സൈബർ പോസ്റ്റുകളാണ് പ്രചരിച്ചത്. സോഷ്യൽമീഡിയ ഗ്രൂപ്പുകളിലെ ഇത്തരത്തിലുള്ള അപകീർത്തി പോസ്റ്റുകൾ ഉൾപ്പെടുത്തി സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ രേഖാമൂലം മറുപടി നൽകിയ ഡിജിപി അടിയന്തര അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മോഹൻലാൽ ഖേദ പ്രകടനുവുമായി രംഗത്തെത്തിയിരിക്കുന്നത്.
എമ്പുരാൻ സിനിമയ്‌ക്കെതിരായ സംഘപരിവാർ ആക്രമണത്തിൽ അണിയറ പ്രവർത്തകരെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. രാജ്യം കണ്ട വലിയ വംശഹത്യ ചിത്രീകരിച്ചതിന്റെ പേരിൽ കലാകാരന്മാരെ നീചമായി ആക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. സിനിമക്കെതിരായ സംഘപരിവാർ ആക്രമണങ്ങളെ പ്രതിപക്ഷ നേതാവും അപലപിച്ചു. എന്നാൽ, എമ്പുരാൻ സിനിമ ബഹിഷ്കരിക്കണമെന്ന സൂചന നൽകിയ സിനിമ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ നിലപാട് തിരുത്തി. സിനിമയിലെ രംഗങ്ങളിൽ 17 ഇടത്ത് റീ എഡിറ്റിങ്ങ് നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'ലൂസിഫർ' ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്തം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു...