നബീസയും മകളും പേരക്കുട്ടിയും ആട് മേയ്ക്കാൻ എത്തിയതായിരുന്നു
പാലക്കാട് വണ്ടിത്താവളത്ത് തെരുവ് നായയെ ഭയന്ന് ഓടി കുളത്തിൽ വീണ പത്തുവയസ്സുകാരിക്ക് രക്ഷയായത് വാർഡ് മെമ്പർ. ആശാ പ്രവർത്തക കൂടിയായ ശോഭനാദാസിന്റെ സമയോചിത ഇടപെടലാണ് ഷിഫാനയ്ക്ക് തുണയായത്. മുങ്ങിത്താഴുന്നത് കണ്ട് ഓടിയെത്തിയ ശോഭനദാസ് സാഹസികമായി കുട്ടിയെ വലിച്ചുകയറ്റുകയായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം.
അതേസമയം, പേരക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങി മരിച്ചിരുന്നു. വണ്ടിത്താവളം സ്വദേശി നബീസയാണ് (55) മരിച്ചത്. നബീസയും മകളും പേരക്കുട്ടിയും ആട് മേയ്ക്കാൻ എത്തിയതായിരുന്നു. നായയെ കണ്ട് പേടിച്ചോടിയ കുട്ടി കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിടെയാണ് നബീസ കുളത്തിൽ വീണത്.