ഇതുപോലുള്ള അവസ്ഥ മലയാളം ആദ്യമായിട്ടാണ് കാണുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു
ബിനോയ് വിശ്വം, മോഹന്‍ലാല്‍
കത്രിക വയ്ക്കുന്നതിനു മുൻപ് സിനിമ കാണുക എന്നുള്ളത് പ്രേക്ഷകന്റെ അവകാശമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സെൻസറിങ് ഒന്ന് കഴിഞ്ഞതാണ്. വോളണ്ടറി സെൻസറിങ് എന്നാണ് പറയുന്നത്. അത് എന്തുതരം സെൻസറിങ്ങാണെന്നും ബിനോയ് വിശ്വം സംശയം പ്രകടിപ്പിച്ചു. ആരെങ്കിലും കത്രിക എടുത്തപ്പോൾ രംഗത്ത് വന്ന് ക്ഷമ പറഞ്ഞത് ഉചിതമായോ എന്ന് മോഹൻലാൽ ചിന്തിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി അറിയിച്ചു. സംഘപരിവാർ സൈബർ ഗ്രൂപ്പുകളുടെ ആക്രമണത്തിനു പിന്നാലെ എമ്പുരാന്‍ സിനിമയിലെ വിവാദ രംഗങ്ങളില്‍ ഖേദ പ്രകടനവുമായി മോഹൻലാൽ രംഗത്തെത്തിയതിൽ പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
ചരിത്രവും സത്യവും ഒന്നും കത്രിക കൊണ്ട് ആർക്കും അറുത്തുമാറ്റാൻ കഴിയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. സത്യങ്ങളൊന്നും മാഞ്ഞുപോകാൻ പോകുന്നില്ല. അവരുടെ രാഷ്ട്രീയത്തിന്റെ നിറമെല്ലാം ഇന്ത്യക്ക് അറിയാം. സത്യം ഏത് കത്രികയേക്കാളും വലുതാണ്. വേദനകൊണ്ട് പലരും 'ഖേദിക്കുന്നു എന്നും', 'അതിൽ പങ്കില്ല' എന്നും പറയും. ഒരു വലിയ കലാകാരനെ അതിലേക്ക് എത്തിക്കാൻ പാടില്ലായിരുന്നു. മോഹൻലാലുമായി തർക്കത്തിന് താൻ താല്പര്യപ്പെടുന്നില്ല. കലാകാരന്മാർക്ക് ഇതുപോലെ മാപ്പിരക്കേണ്ട അവസ്ഥയുണ്ടാകുന്നു. കൈപിടിച്ച് പുറകിലേക്ക് തിരിക്കുന്നത് പോലെയാണിത്. സംഘപരിവാർ മോഹൻലാലിന്‍റെ കൈപിടിച്ച് പുറകിലേക്ക് തിരിച്ചോ എന്ന് തനിക്കറിയില്ല. ഇതുപോലുള്ള അവസ്ഥ മലയാളം ആദ്യമായിട്ടാണ് കാണുന്നതെന്നും മോഹൻലാൽ സ്വയം ചിന്തിക്കണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
എമ്പുരാൻ സിനിമയ്ക്ക് എതിരായ സംഘപരിവാർ സൈബർ ആക്രമണങ്ങള്‍ക്ക് പിന്നാലെ പ്രധാന കഥാപാത്രമായ മോഹൻലാൽ തന്നെ ഖേദപ്രകടനവുമായി രംഗത്തെത്തുകയായിരുന്നു. പ്രിയപ്പെട്ടവർക്ക് ഉണ്ടായ വിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്ന് നടൻ അറിയിച്ചു. സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ തന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ തൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമായാണെന്നും മോഹൻലാൽ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മോഹൻലാൽ ഖേദം പ്രകടിപ്പിച്ചത്. ഈ പോസ്റ്റ് പൃഥ്വിരാജ് ഷെയറും ചെയ്തു.
അതിരൂക്ഷമായ സൈബർ ആക്രമണമാണ് മോഹൻലാലും എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകരും ചിത്രം പുറത്തുവന്നതിനു പിന്നാലെ നേരിട്ടത്. ഗുജറാത്ത് കലാപ സീനുകളുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സംഘപരിവാർ ഗ്രൂപ്പുകളിൽ നിന്നുള്ള സൈബർ ആക്രമണങ്ങൾ. തുടർന്ന് ഈ സീനുകളുടക്കം സിനിമയിലെ രംഗങ്ങളിൽ 17 ഇടത്ത് റീ എഡിറ്റിങ്ങ് നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.