അസദ് സർക്കാരിന്‍റെ പതനത്തോടെ, മൂന്ന് പ്രബല വിഭാഗങ്ങളുടെ കയ്യിലാണ് സിറിയയുടെ ഭാഗധേയം
ഒരാഴ്ച മുന്‍പ് വരെ സിറിയയില്‍ ബഷർ അല്‍ അസദിന്റെ പതനം ആർക്കും ചിന്തിക്കാന്‍ കൂടി കഴിയില്ലായിരുന്നു. എന്നാല്‍ തുർക്കി അതിർത്തി പ്രദേശമായ ഇദ്‌ലിബില്‍ മുളച്ചുപൊന്തിയ വിമത നീക്കം എട്ട് ദിവസങ്ങള്‍ കൊണ്ട് സിറിയയിലെ സ്ഥിതിഗതികള്‍ ആകെ മാറ്റിമറിച്ചു. ആദ്യം അലപ്പോ നഗരം അതിനു പിന്നാലെ ഹമയും ഹോംസും പിടിച്ചടക്കിയ ഹയാത്ത് തഹ്‌രീർ അൽ-ഷാം എന്ന സുന്നി ഇസ്ലാമിസ്റ്റ് വിമത സംഘം ഒടുവില്‍ തലസ്ഥാന നഗരമായ ദമാസ്ക്കസും പിടിച്ചടക്കി. അവസാനം എല്ലാ ഏകാധിപതികളേയും പോലെ ബഷറിന് ഭരിച്ച നാട് വിട്ട് അഭയം തേടി രാജ്യം വിടേണ്ടിയും വന്നു.
2000ല്‍ പിതാവ് ഹഫീസ് അൽ അസദിന്‍റെ പിന്‍ഗാമിയായിയാണ് ബഷർ സിറിയയുടെ പ്രസിഡന്‍റാകുന്നത്. മൂന്ന് പതിറ്റാണ്ടുകളോളം സിറിയയെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടക്കി ഭരിച്ചിരുന്ന ഹഫീസില്‍ നിന്നും അധികാരം ബഷറിലേക്ക് എത്തുമ്പോള്‍ വലിയ തോതിലുള്ള പരിഷ്കരണങ്ങളാണ് സിറിയയിലെ ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശക്തമായ നിയന്ത്രണങ്ങളും അടിച്ചമർത്തലുകളുമായി എതിർപ്പുകളോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്ന തന്‍റേതായ ഒരു രാഷ്ട്രീയ ഘടനയാണ് ബഷർ പിന്തുടർന്നത്. 2011ൽ തൻ്റെ ഭരണത്തിനെതിരായ സമാധാനപരമായ പ്രതിഷേധങ്ങളെ അക്രമാസക്തമായി അടിച്ചമർത്തുകയും അതിനെ ഒരു ആഭ്യന്തരയുദ്ധത്തിന്‍റെ സ്വഭാവത്തിലേക്കും എത്തിക്കുകയും ചെയ്ത വ്യക്തിയാണ് ബഷർ. അരലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ട 2011-16 ആഭ്യന്തരയുദ്ധത്തില്‍ ആറ് ദശലക്ഷം ആളുകളാണ് അഭയാർത്ഥികളായത്. റഷ്യയുടെയും ഇറാന്‍റെയും സഹായത്തോടെയാണ് അന്ന് ബഷർ ആഭ്യന്തര സംഘർഷങ്ങളെ അടിച്ചമർത്തിയത്. റഷ്യ വ്യോമ സഹായം നല്‍കിയപ്പോള്‍ ഇറാന്‍ യുദ്ധ തന്ത്രജ്ഞരെ സിറിയയിലേക്ക് അയച്ചു. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ലബനനില്‍ നിന്നും പോരാളികളെ ബഷറിനായി വിട്ടുനല്‍കി. എന്നാല്‍ 2024 ല്‍ ഇത്തരം സഹായങ്ങളൊന്നും സിറിയയുടെ പ്രസിഡന്‍റിന് ലഭിച്ചില്ല. അതിനു കാരണം വിമത നീക്കം സംഭവിച്ച സമയമാണ്.
യുക്രെയ്നുമായുള്ള പോരാട്ടത്തില്‍ മുഴുകിയിരുന്ന റഷ്യക്ക് വിമത നീക്കത്തെ പ്രതിരോധിക്കാന്‍ സാധിച്ചില്ല. പ്രാദേശികമായ വെല്ലുവിളികള്‍ നേരിടുന്ന ഇറാനും ഇസ്രയേലുമായി പോരാടുന്ന ഹിസ്ബുള്ളയ്ക്കും ഇതുതന്നെയായിരുന്നു സ്ഥിതി. ഈ സമയം വിമത നേതാവ് അബു മുഹമ്മദ് അൽ-ഗോലാനി കൃത്യമായി പ്രയോജനപ്പെടുത്തുകയായിരുന്നു.
വിമതരുടെ കൈയ്യില്‍പ്പെടാതെ ബഷർ രാജ്യം വിട്ടു മണിക്കൂറുകള്‍ക്കകം വിമത സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഗാസി ജലാലി വീഡിയോ പ്രസ്താവനയിലൂടെ അറിയിക്കുകയും ചെയ്തു. പൊതുസ്ഥാപനങ്ങൾ തടസമില്ലാതെ പ്രവർത്തിക്കാൻ വിമതർ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജ്യം വിടില്ലെന്നും ജലാലി ഉറപ്പിച്ചുപറഞ്ഞു. അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു. അല്‍ ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് വേരുകളുള്ള സുന്നി ഇസ്ലാമിസ്റ്റ് സംഘടനയായ ഹയാത്ത് തഹ്‌രീർ അൽ-ഷാമിനു കീഴില്‍ സിറിയ എന്ന രാജ്യത്തിന്‍റെ ഭാവി എന്താകും ?
ബഷർ സർക്കാരിന്‍റെ പതനത്തോടെ, മൂന്ന് പ്രബല വിഭാഗങ്ങളുടെ കയ്യിലാണ് സിറിയയുടെ ഭാഗധേയം. വിവിധ വിദേശ ശക്തികളുടെ പിന്തുണയുള്ള ഇവർക്ക് വ്യത്യസ്ത ലക്ഷ്യങ്ങളാണുള്ളത്.
Also Read: ബഷാര്‍ അല്‍ അസദിന്റെ പതനം സ്വപ്‌നം കണ്ട മുന്‍ അല്‍ ഖ്വയ്ദ നേതാവ്; ആരാണ് മൊഹമ്മദ് അല്‍ ഗോലാനി?
1. ഹയാത്ത് തഹ്‌രീർ അൽ-ഷാമിൻ്റെ നേതൃത്വത്തിലുള്ള സിറിയൻ പ്രതിപക്ഷ സേന
തുർക്കിയുടെ പിന്തുണയുള്ള ഈ വിഭാഗമാണ് ഇപ്പോള്‍ മധ്യ സിറിയയെ നിയന്ത്രിക്കുന്നത്. തുർക്കിയുടെ വടക്കൻ അതിർത്തി മുതൽ ജോർദാനിൻ്റെ തെക്കൻ അതിർത്തി വരെ ഇവരുടെ സ്വാധീന മേഖല വ്യാപിച്ചുകിടക്കുന്നു.
ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും അൽ-ഖ്വയ്ദയിൽ നിന്നും വരുന്ന മുൻ ജിഹാദികൾ മുതൽ 2011 ലെ കലാപത്തിന് ശേഷം അസദിൻ്റെ സൈന്യത്തിൽ നിന്ന് പിരിഞ്ഞ സിറിയൻ നാഷണൽ ആർമി പോലുള്ള മതേതര ഗ്രൂപ്പുകൾ വരെ പ്രതിപക്ഷ സേനയിൽ ഉൾപ്പെടുന്നു.
സുന്നി എന്ന പൊതു മത സ്വത്വം പങ്കിടുമ്പോഴും ഇവർക്കിടയില്‍ ആഭ്യന്തര കലഹങ്ങളുടെ വലിയൊരു ചരിത്രവുമുണ്ട്. ഇത് ഒരു ഏകീകൃത സർക്കാർ രൂപീകരിക്കുന്നതിനോ ദീർഘകാല സ്ഥിരത നിലനിർത്തുന്നതിനോ വിലങ്ങുതടിയായേക്കും.
2. കുർദിഷ് സേന
സിറിയയിലെ വടക്ക് കിഴക്കൻ പ്രദേശമാണ് കുർദിഷ് ഗ്രൂപ്പുകൾ നിയന്ത്രിക്കുന്നത്. ഇവർക്ക് സ്വാധീനമുള്ള മേഖലയുടെ വടക്ക് തുർക്കിയുടെയും കിഴക്ക് ഇറാഖിൻ്റെയും അതിർത്തിയാണ്. പ്രദേശത്ത് സൈനിക താവളങ്ങൾ സ്ഥാപിച്ചിട്ടുള്ള അമേരിക്കയുടെ പിന്തുണ കുർദിഷ് സേനക്കുണ്ട്. ഇത് തുടർന്നും ലഭിക്കുമെന്നാണ് കരുതുന്നത്. ഈ പിന്തുണ കുർദിഷ് ശാക്തീകരണത്തെ പ്രാദേശിക സമഗ്രതയ്ക്ക് ഭീഷണിയായി കാണുന്ന തുർക്കിയുമായി സംഘർഷത്തിനു കാരണമായേക്കാമെന്നാണ് വിലയിരുത്തല്‍.
3. അലവൈത് സേന
പടിഞ്ഞാറൻ സിറിയയുടെ തീരപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ബഷർ അല്‍ അസദ് അനുകൂല അലവൈത് വിഭാഗം, ഇറാൻ, ഇറാഖ്, ലബനനിലെ ഹിസ്ബുള്ള എന്നിവരുമായി ശക്തമായ ബന്ധം പുലർത്തുന്നവരാണ്. വിമതർ സിറിയ പിടിച്ചടക്കിയതോടെ അലവൈത് സേനയുടെ കീഴിലുള്ള പ്രദേശങ്ങള്‍ അവശേഷിക്കുന്ന അസദ് അനുകൂല വിഭാഗങ്ങളുടെ കേന്ദ്രമായി തീരും.
ഈ ഗ്രൂപ്പുകൾക്കിടയിലെ അശയപരമായ ഭിന്നതകളും പരസ്പരം സ്വീകാര്യമായ ഒരു മധ്യസ്ഥൻ്റെ അഭാവവും സിറിയയില്‍ നീണ്ട അസ്ഥിരതയ്ക്കും സംഘർഷത്തിനും കാരണമായേക്കും.
ബഷർ ഭരണകൂടത്തിന്‍റെ പൊടുന്നനെയുള്ള വീഴ്ച പശ്ചിമേഷ്യയിലെ പല വിദേശ ശക്തികളുടെയും സ്വാധീനത്തേയും താല്‍പ്പര്യങ്ങളേയും വിപരീതമായി ബാധിക്കും. 2011 ലെ ആഭ്യന്തര യുദ്ധ സമയത്ത് ബഷർ ഭരണകൂടത്തിന് സൈനിക-ആയുധ പിന്തുണ നല്‍കിയ റഷ്യ , ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് സിറിയയിലെ ഭരണമാറ്റം ഏറ്റവും അധികം ആഘാതം സൃഷ്ടിക്കുക.
Also Read: സിറിയയിൽ ഇനി വിമത വാഴ്ച, വീണുടഞ്ഞ് അസദ് കുടുംബം; സുന്നി രാജ്യം ഭരിച്ച അലവൈറ്റ് കുടുംബത്തിൻ്റെ കഥ!
റഷ്യക്കേറ്റ തിരിച്ചടി
2015ലാണ് റഷ്യ ആദ്യമായി സിറിയയില്‍ ഇടപെടല്‍ നടത്തുന്നത്. അന്നുമുതല്‍ ബഷർ ഭരണകൂടത്തിന് വലിയ തോതിലുള്ള പിന്തുണയാണ് റഷ്യ നല്‍കിവരുന്നത്. മാത്രമല്ല സിറിയയില്‍ തന്ത്രപരമായ പല സംവിധാനങ്ങളും റഷ്യയുടേതായുണ്ട്. ടാർടസ് നാവിക സൗകര്യം, ലതാകിയയിലെ ഹ്മെയിമിം എയർബേസ് തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. മെഡിറ്ററേനിയനിലൂടെയും ആഫ്രിക്കയിലേക്കും വൈദ്യുതി എത്തിക്കുന്നതിന് ഇവ സുപ്രധാന പങ്കാണ് വഹിക്കുന്നത്.
എന്നാല്‍, റഷ്യയുടെ ഭാഗത്ത് നിന്നും പെട്ടെന്ന് വിമതർക്കെതിരെ ഒരു നീക്കമുണ്ടാകാന്‍ സാധ്യതയില്ല. യുക്രെയ്നുമായി തുടരുന്ന യുദ്ധമാണ് ഇതിനു കാരണം. റഷ്യന്‍ അധിനിവേശത്തിന് യുക്രെയ്ന്‍ കടുത്ത പ്രതിരോധം സൃഷ്ടിക്കുന്നതിനിടയിലാണ് സിറിയയിലെ അട്ടമറി. റഷ്യയുടെ പങ്കാളിയായ ഒരു രാജ്യത്തിന് സുരക്ഷ ഒരുക്കാന്‍ സാധിച്ചില്ല എന്നത് ലോകക്രമത്തെ നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന വ്ളാഡിമിർ പുടിന് വലിയ തിരിച്ചടിയാണ്.
ഇറാന്‍റെ പ്രതിരോധത്തിന്‍റെ അച്ചുതണ്ടിന് സംഭവിച്ച നഷ്ടം
ഇസ്രയേല്‍ ഇറാനെ ലക്ഷ്യമാക്കി പ്രത്യക്ഷവും പരോക്ഷവുമായി ആക്രമണങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് സിറിയയിലെ വിമത അട്ടിമറി. അതുകൊണ്ട് തന്നെ ഫലപ്രദമായ സഹായം നല്‍കാന്‍ ഇറാന് സാധിച്ചില്ല.
ഇറാനെ സംബന്ധിച്ചിടത്തോളം, ബാഷറിൻ്റെ പതനത്തിലൂടെ തെഹ്‌റാനെ ലബനനിലെ ഹിസ്ബുള്ളയുമായി ബന്ധിപ്പിക്കുന്ന സിറിയന്‍ ഇടനാഴിയാണ് നഷ്ടമാകുന്നത്. സിറിയയുമായുള്ള ബന്ധം നഷ്ടമാകുന്നതോടെ പ്രദേശത്തെ സ്വാധീനത്തോടൊപ്പം ഹിസ്ബുള്ളയ്ക്ക് ആയുധമെത്തിക്കുന്ന ശൃംഖലയും തകരും. ഇത് ലബനനിലെ ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങളെയും ഇറാന്‍റെ ഇസ്രയേലിനെതിരായ പ്രവർത്തിക്കുന്ന പ്രതിരോധത്തിന്‍റെ അച്ചുതണ്ടിനെയും ബാധിക്കും.
ഇനി എന്ത്?
സിറിയയിലെ വലിയൊരു വിഭാഗം ജനങ്ങളും ബഷർ അല്‍ അസദിൻ്റെ പതനം ആഘോഷിച്ചെങ്കിലും അവരുടെ ജീവിതം മെച്ചപ്പെടുമോ എന്ന് കണ്ടറിയണം. സിറിയയിൽ ഏകീകൃതവും അന്താരാഷ്ട്ര അംഗീകാരമുള്ളതുമായ സർക്കാർ ഇല്ലാത്തതിനാൽ അവർക്കുമേലുള്ള അന്താരാഷ്ട്ര ഉപരോധം നീക്കാൻ സാധ്യതയില്ല. ഇത് ഇതിനകം തന്നെ തകർന്ന സിറിയൻ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ബുദ്ധിമുട്ടിലാക്കും. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മതമൗലികവാദത്തിനും തീവ്രവാദത്തിനും ഇന്ധനം പകർന്നേക്കാം.
അതില്‍ പ്രധാനം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പുനരുജ്ജീവനമാണ്. ഐഎസ്ഐസിന്‍റെ പ്രതാപ കാലത്ത് അവർ സിറിയയിലെയും ഇറാഖിലെയും പല ഭാഗങ്ങളില്‍ ഭീകരഭരണം ഏർപ്പെടുത്തിയിരുന്നു. യുഎസ് നേതൃത്വത്തിലുള്ള സഖ്യമാണ് ഇവരെ പരാജയപ്പെടുത്തിയത്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ തിരിച്ചുവരവ് തടയാന്‍ സിറിയയിലെ കിഴക്കന്‍ പ്രദേശത്ത് യുഎസ് സൈന്യത്തിന്‍റെ സാന്നിധ്യം തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴും സിറിയയുടെ ഭരണം തന്നെ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ഭീകര സംഘടനയായി കരുതുന്ന ജിഹാദിസ്റ്റ് സംഘടനയിലാണ് എന്ന ആശങ്ക നിലനില്‍ക്കുന്നു.
കഴിഞ്ഞ വർഷങ്ങളില്‍ ഒരു ദേശീയ സംഘടനയായി രൂപാന്തരപ്പെടാനും അക്രമാസക്തമല്ലാത്ത നയതന്ത്ര സമീപനങ്ങള്‍ മുന്നോട്ട് വയ്ക്കാനും ഹയാത്ത് തഹ്‌രീർ അൽ-ഷാം ശ്രമിച്ചിരുന്നു. എന്നാല്‍ ഹയാത്ത് തഹ്‌രീർ അൽ-ഷാമിന് അൽ-ഖ്വയ്ദ വേരുകളും അക്രമാസക്തമായ ഒരു ഭൂതകാലവുമുണ്ട്. ഭരണകൂടത്തിന്‍റെ ഭാഗമായിരുന്നവർക്ക് നേരെ അക്രമം നടത്തില്ലെന്ന് അൽ-ഷാം നേതാവ് ഗോലാനി ആവർത്തിച്ച് പറയുന്നത് പ്രത്യാശ നല്‍കുന്നതാണ്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ രണ്ടാം വട്ടം താലിബാന്‍ അധികാരത്തിലെത്തിയ സാഹചര്യവുമായി ഇതിനെ ചേർത്തു വായിക്കാന്‍ സാധിക്കും. താലിബാന്‍ പുതിയ കാഴ്ചപ്പാടോടെ അഫ്ഗാനെ ഭരിക്കുവാന്‍ എത്തുന്നുവെന്ന് ഒരു വിഭാഗം അവകാശപ്പെട്ടിരുന്നു. പക്ഷേ സംഭവിച്ചത് മറിച്ചാണ്. താലിബാന്‍ താലിബാനായി തന്നെ തുടർന്നു. അവർ രാജ്യത്തെ സ്ത്രീകളെ അടിച്ചമർത്തി, കർശനമായ മത നിയമങ്ങള്‍ കൊണ്ടുവന്നു. ഭരണം കൊണ്ട് ഭൂതകാലത്തെ തിരുത്തുന്നിടം വരെ ഹയാത്ത് തഹ്‌രീർ അൽ-ഷാമിനു മേല്‍ സംശയത്തിന്‍റെ നിഴല്‍ വീണുകിടക്കും.