യുദ്ധഭൂമിയിൽ നിന്ന് ഞങ്ങൾ ഓടിപ്പോകില്ല. മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും നീതിക്കും സുരക്ഷയ്ക്കുമായി ഞങ്ങൾ ഞങ്ങളുടെ പോരാട്ടം തുടരും
കൊൽക്കത്ത ബലാത്സംഗക്കൊലയെ തുടർന്ന് ഡോക്ടർമാർ നടത്തിയിരുന്ന നിരാഹാര സമരം പിൻവലിച്ചു. മമത ബാനർജിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെയാണ് തീരുമാനം പുറത്തു വിട്ടത്. സംസ്ഥാന സെക്രട്ടേറിയറ്റ് നബന്നയിൽ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. പണിമുടക്ക് സമ്പൂർണമായി പിൻവലിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഈ വിഷയത്തിലുള്ള തങ്ങളുടെ പോരാട്ടം നിരന്തരം തുടരുമെന്നും അവർ വ്യക്തമാക്കി.
“യുദ്ധഭൂമിയിൽ നിന്ന് ഞങ്ങൾ ഓടിപ്പോകില്ല. മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും നീതിക്കും സുരക്ഷയ്ക്കുമായി ഞങ്ങൾ ഞങ്ങളുടെ പോരാട്ടം തുടരും," ജൂനിയർ ഡോക്ടർമാരുടെ പ്രതിനിധി അസ്‌ഫുഖുള്ള നയ്യ പറഞ്ഞു.
മമത ബാനർജിയുമായുള്ള യോഗത്തിൽ ചില നിർദേശങ്ങളിൽ ഉറപ്പു ലഭിച്ചു. എന്നാലും അപ്പോഴുള്ള സംസ്ഥാന സർക്കാരിൻ്റെ ശരീരഭാഷ അത്ര പോസിറ്റീവ് ആയിരുന്നില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ALSO READ: കൊൽക്കത്ത ബലാത്സംഗക്കൊല: ജൂനിയർ ഡോക്ടർമാരുടെ നിരാഹാരം പത്താം ദിവസവും
സാധാരണക്കാർ ഈ സമരത്തെ പൂർണ്ണഹൃദയത്തോടെ പിന്തുണച്ചു. ആർജി കർ ആശുപത്രിയിലെ ഇരയായ സഹോദരിയുടെ മാതാപിതാക്കളും ആരോഗ്യം മോശമായിക്കൊണ്ടിരിക്കുന്നത് കണക്കിലെടുത്ത് നിരാഹാര സമരം അവസാനിപ്പിക്കാൻ അഭ്യർഥിച്ചിരുന്നു. അതിനാൽ നിരാഹാരസമരവും സമ്പൂർണ പണിമുടക്കും പിൻവലിക്കുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ആർജി കർ മെഡിക്കൽ കോളേജിൽ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട ജൂനിയർ ഡോക്ടർക്ക് നീതി ലഭിക്കണം, ആരോഗ്യ സെക്രട്ടറി എൻഎസ് നിഗമിനെ ഉടനെ സ്ഥാനത്ത് നിന്ന് മാറ്റണം, ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം, എല്ലാ ആശുപത്രികളിലും സിസിടിവി സംവിധാനങ്ങൾ സ്ഥാപിക്കണം, ശുചിമുറികൾ സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ജൂനിയർ ഡോക്ടർമാരുടെ സമരം നടത്തിയത്.
ALSO READ: കൊൽക്കത്ത ബലാത്സംഗക്കൊല: കൂട്ടബലാത്സംഗം നടന്നിട്ടില്ല; ഏക പ്രതി സഞ്ജയ് റോയിയെന്ന് സിബിഐ കുറ്റപത്രം
സമരത്തിനിടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന്, ഒരു ജൂനിയർ ഡോക്ടറെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻആർഎസ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ പുലസ്ത ആചാര്യയെയാണ് കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ, സിലിഗുരിയിലും കൊൽക്കത്തയിലുമായി സമരം ചെയ്ത മൂന്ന് ജൂനിയർ ഡോക്ടർമാരെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി മനോജ് പന്ത് ഒക്ടോബർ 15ന് സമരം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയർ ഡോക്‌ടേഴ്‌സ് ഫോറത്തിന് കത്തയച്ചിരുന്നു. സംസ്ഥാന സർക്കാർ നടത്തുന്ന ദുർഗാ പൂജ മഹോത്സവത്തിന് തടസമുണ്ടാകാതിരിക്കാനാണെന്നും ചീഫ് സെക്രട്ടറിയുടെ കത്തിൽ വിശദമാക്കിയിരുന്നു.
ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ആസ്ഥാനമായ സ്വസ്ഥ്യഭവനിൽ വെച്ച് വിഷയം സംബന്ധിച്ച് ചർച്ച നടത്താമെന്നും അദ്ദേഹം അറിയിച്ചിരുന്നു. മനോജ് പന്ത് അയച്ച മറ്റൊരു മെയിലിൽ ജൂനിയർ ഡോക്‌ടേഴ്‌സ് ഫോറത്തോട് ആരോഗ്യം മുൻനിർത്തി സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.